ജോജി തോമസ്
നെല്ലിയാമ്പതി സീതാർകുണ്ട് പോബ്സൺ എസ്റ്റേറ്റ് പാടിക്കു സമീപം കാട്ടാന നിലയുറപ്പിച്ചത് പാടികളിൽ താമസിക്കുന്നവരെ ഭീതിയിലാക്കി. കഴിഞ്ഞദിവസം വൈകിട്ട് മൂന്നരയോടുകൂടി എത്തിയ കാട്ടാന രാത്രി മുഴുവൻ പാടികൾക്ക് സമീപം കറങ്ങി നടന്ന് പ്രദേശവാസികളെ ഭീഷണിയിലാക്കി. ഇന്നലെ രാവിലെ ആറിനും കാട്ടാന ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിച്ചത് തൊഴിലാളികൾക്ക് ജോലിക്ക് പോകുന്നതിനും മറ്റും തടസ്സമായി. കനത്ത മഴയും മൂടൽമഞ്ഞുമായ കാലാവസ്ഥയിൽ അടുത്ത് നിലയുറപ്പിച്ച കാട്ടാനയെ കാണാൻ പോലും കഴിയാത്ത സ്ഥിതിവിശേഷമാണ്. തണുത്ത അന്തരീക്ഷത്തിൽ ആനയുടെ മണം കിട്ടാത്തതും മഴയിൽ ശബ്ദം കേൾക്കാൻ കഴിയാത്തതും പ്രശ്നമായി മാറുന്നു. 88 കുടുംബങ്ങൾ താമസിക്കുന്ന പാടിക്ക് സമീപമായാണ് കാട്ടാന
നിലയുറപ്പിച്ചത്. വനം വകുപ്പ് അധികാരികൾ കാട്ടാനയെ തുരത്തുന്നതിനും, ജനവാസ മേഖലയിലേക്ക് വരാതിരിക്കുന്നതിനും വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്നും പോബ്സൺ എസ്റ്റേറ്റ് പാടിയിലെ താമസക്കാരനായ ഷിബു നെല്ലിയാമ്പതി പറഞ്ഞു. ചില്ലി കൊമ്പൻ എന്നറിയപ്പെടുന്ന ആനയാണെന്ന് പ്രദേശവാസികൾ പറയുന്നു. രാപ്പകൽ ഭേദമന്യേ വീടുകൾക്ക് സമീപം തങ്ങുന്ന ആന തോട്ടം തൊഴിലാളികൾക്ക് അതിരാവിലെ ജോലിക്ക് പോകാനോ മറ്റ് ആവശ്യങ്ങൾക്ക് പുറത്തിറങ്ങാനോ സാധിക്കാത്ത നിലയിൽ നിലയുറപ്പിക്കുന്നതിനാൽ സംഘം ചേർന്ന മറ്റു വഴികളിലൂടെ നടന്നാണ് പുറത്തുപോകുന്നത്. നെല്ലിയാമ്പതിയിൽ പുലിയമ്പാറ ടൗണിൽ നിന്ന് അഞ്ചു കിലോമീറ്റർ ഉൾപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം ആയതിനാൽ അങ്ങാടിയിൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പോലും പുറത്തുപോകാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിലൂടെ പോകുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതും വഴി ഒഴിവാക്കി കൊടുക്കാത്തതും ഈ ആനയുടെ ശീലമാണ്.