നെല്ലിയാമ്പതി ജനവാസ മേഖലയിൽ കാട്ടാന

വെള്ളിയാഴ്ച വൈകീട്ട് 7.30 നോടെ കൂനംപാലം ജനവാസ മേഖലയിൽ ഒറ്റക്കൊമ്പൻ തീറ്റ തേടിയെത്തി. നെല്ലിയാമ്പതിക്കാരുടെ ചില്ലി കൊമ്പനാണ് ചക്ക തേടി ജനവാസ മേഖലയിൽ എത്തിയത്. വീടിനുള്ളിൽ സൂക്ഷിച്ച ചക്ക, അരി എന്നിവയുടെ മണംപിടിച്ച് എത്തിയ ചില്ലി കൊമ്പനെ പ്രദേശവാസികൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. കാട്ടാനയെ കണ്ടു ഭയന്ന കുടുംബങ്ങൾ വീട്ടിനുള്ളിലേക്കു മാറിനിന്നു.
കഴിഞ്ഞ ദിവസം നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം വ്യൂ പോയിന്റിന് സമീപമായി കാട്ടാന കൂട്ടം ബൈക്ക് യാത്രക്കാരായ കെഎസ്ഇബി ജീവനക്കാരെ ഓടിപ്പിച്ച സംഭവം ഭയത്തോടെയാണ് കാണുന്നത്. കെഎസ്ഇബി നെല്ലിയാമ്പതി സെക്ഷൻ ജീവനക്കാരായ നാലു പേരാണ് ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. തൊഴിലാളികൾ താമസിക്കുന്ന പാടികൾക്ക് ചുറ്റും കറങ്ങിനടന്ന ചില്ലി കൊമ്പൻ ഇന്ന് രാവിലെ ഏഴിനാണ് ഉൾക്കാട്ടിലേക്ക് കയറി പോയത്.