നെല്ലിയാമ്പതി ചുരം പാതയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

നെല്ലിയാമ്പതി ചുരം പാതയില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജില്ല കളക്ടര്‍ ഗതാഗത നിയന്ത്രണമേര്‍പ്പടുത്തി. ബുധനാഴ്ച കാലത്താണ് പ്രളയത്തില്‍ തകര്‍ന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണത്. ഇതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകാന്‍ പ്രയാസമുണ്ടായി.
2018 ലെ പ്രളയത്തില്‍ തകര്‍ന്നുപോയ പോത്തുണ്ടി കൈകാട്ടി പാതയിലെ ചെറുനെല്ലി ഇരുമ്പുപാലത്തിന് സമീപമാണ് വീണ്ടും മണ്ണിടിഞ്ഞത്. ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തി തുടങ്ങിയിരുന്നു. ഇതിനായി പാതയ്ക്ക് താഴെ ചാലെടുത്തിരുന്നു. ഇതിനായി മണ്ണെടുത്തതാണ് പാതയുടെ അടിഭാഗത്ത് നിന്ന് മണ്ണിടിയാന്‍ കാരണമെന്ന് കരുതുന്നു.
മണ്ണിടിഞ്ഞതോടെ ഈ ഭാഗത്തേക്ക് ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് ജില്ല കലക്ടര്‍ പൂര്‍ണ്ണമായും നിരോധനമേര്‍പ്പെടുത്തി. യാത്രക്കാര്‍ കടന്നുപോകുന്ന വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കി അപകട മേഖല കടക്കാനും, യാത്രക്കാര്‍ ഈ ഭാഗത്ത് കാല്‍നടയായി മറുഭാഗത്ത് എത്തി യാത്ര തുടരണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചുരം പാതയിലൂടെ രാത്രി യാത്രയും നിരോധിച്ചിട്ടുണ്ട്.
മണ്ണിടിഞ്ഞ് തകര്‍ന്ന ഭാഗത്ത് കെ.ബാബു എം.എല്‍.എ സന്ദര്‍ശിച്ചു.