നെല്ലിയാമ്പതി ചുരം റോഡിലെ വ്യൂ പോയന്റിന് സമീപമുള്ള മാലിന്യ സംഭരണിക്ക് ചുറ്റും മാലിന്യം ചിതറിക്കിടക്കുന്നു. കുപ്പികൾ നിക്ഷേപിക്കാനുള്ള മാലിന്യ സംഭരണിയാണെങ്കിലും വിനോദസഞ്ചാരികൾ ഭക്ഷണ മാലിന്യങ്ങളും ഇതേ സംഭരണിയിലാണ് നിക്ഷേപിക്കുന്നത്. സമീപത്ത് സ്ഥിരമായി തമ്പടിച്ചിരിക്കുന്ന വാനര പടയാണ് ഈ മാലിന്യ സംഭരണിയിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പുറത്തേക്ക് വലിച്ച് ചിതറിയിടുന്നത്. പതിനാലാം മൈലിന് സമീപമുള്ള വ്യൂ പോയന്റ് കെട്ടിടത്തിന് സമീപമായി കാറ്റു മുഖേനയും കുരങ്ങന്മാർ കടിച്ചുവലിച്ചും എത്തിക്കുന്നു. നേരത്തെ ഇവിടെ വനം വാച്ചർമാർ സ്ഥിരമായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോൾ കുരങ്ങന്മാർ മാലിന്യവും പ്ലാസ്റ്റിക്കും വലിച്ച് പുറത്തെടുക്കാതെ മാറ്റിയിരുന്നു. ഇപ്പോൾ പകൽ കുരങ്ങന്മാരും രാത്രിയിൽ കാട്ടുപന്നി ഉൾപ്പെടെയുള്ളവ ഭക്ഷണാവശിഷ്ടങ്ങൾ തേടി സ്ഥിരമായി എത്തുകയും മാലിന്യം പ്രദേശത്താകെ ചിതറിയിടുകയും ചെയ്യുന്നു. കുരങ്ങും കാട്ടുപന്നിയും മാലിന്യങ്ങൾ വിതറി പ്രദേശം ദുർഗന്ധപൂര്‍വ്വം പൂരിതമാക്കുന്നത് ഒഴിവാക്കാൻ വനം, പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും അതാത് ദിവസം തന്നെ മാലിന്യം നീക്കാനുള്ള നടപടി ഉണ്ടാവണമെന്നും വിനോദ സഞ്ചാരികൾ ആവശ്യപ്പെട്ടു. ഇടയ്ക്കിടെ സന്നദ്ധ സംഘടനകളും വനംജീവനക്കാരും പ്രദേശത്തുനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കാറുണ്ടെങ്കിലും കടലാസുകളും പ്ലാസ്റ്റിക് കവറുകളും വനമേഖലയിൽ ഉൾപ്പെടെ കാറ്റിൽ പറന്നു നടക്കുന്നുണ്ട്.