
നെല്ലിയാമ്പതിയിൽ കാപ്പിത്തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി ബ്രുക്ക് ലാൻഡ് എസ്റ്റേറ്റിലെ കാപ്പിയും കമുകും വളർന്നുനിൽക്കുന്ന ചെറിയ ചെക്ക് ഡാമിന് സമീപമായാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്തെ കമുകു മരങ്ങൾക്കു മുകളിലൂടെ വഴുതി വീണ നിലയിലാണ് ജഡം. ചരിവുള്ള പ്രദേശത്ത് മുഖം വെള്ളത്തിൽ മുട്ടി കിടക്കുന്ന നിലയിലാണ് ആന കിടക്കുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിൽ നിന്നും 15 കിലോമീറ്റർ അകലെ വനമേഖലയോട് ചേർന്ന എസ്റ്റേറ്റാണ് ജഡം കണ്ട ബ്രുക് ലാൻഡ് എസ്സ്റ്റേറ്റ്. 40 വയസ്സോളം പ്രായമുള്ളതും മേഖലയിൽ ഒരു വർഷത്തോളമായി കൂട്ടത്തിൽ അല്ലാതെ അവശത നിലയിൽ കാണുന്ന ആനയാണിതെന്ന് വനം ജീവനക്കാർ പറഞ്ഞു. കുറച്ചുകാലമായി വനം ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു. വനംവകുപ്പ് അധികാരികളും മറ്റും സ്ഥലത്തെത്തി മഹസർ തയ്യാറാക്കി. പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം സമീപത്തു തന്നെ കാട്ടാനയുടെ ജഡം കുഴിച്ചുമൂടി.