നെല്ലിയാമ്പതി സീതാർ കുണ്ട് റോഡ് തകർന്നിട്ട് വർഷങ്ങൾ ; തിരിഞ്ഞുനോക്കാതെ അധികൃതർ!!!

നെല്ലിയാമ്പതി ടൂറിസം വികസനത്തെ കുറിച്ച് ചർച്ച ചെയ്യുന്നവർ തകർന്ന റോഡുകൾ കണ്ടില്ലെന്നു നടിക്കുന്നു. നെല്ലിയാമ്പതിയിൽ എത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സീതാർകുണ്ടിലേക്കുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സീതാർകുണ്ട് വ്യൂ പോയിന്റ്, എൽപി സ്കൂൾ, നിരവധി സ്വകാര്യ എസ്റ്റേറ്റുകളും റിസോർട്ടുകളും ഉള്ള മേഖലയിലേക്കുള്ള പ്രധാന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. നാട്ടുകാർക്കും, വിനോദ സഞ്ചരികൾക്കുമുള്ള പ്രധാന പാത കൂടിയാണിത്.

നെല്ലിയാമ്പതി പഞ്ചായത്താണ് 15 വർഷങ്ങൾക്ക് മുമ്പ് ഈ റോഡ് ടാർ ചെയ്തിരുന്നത്. പുലയംപാറയിൽ നിന്നും ഊത്തുകുഴി വരെ പൊതുമരാമത്ത് അടുത്തിടെ റോഡ് നന്നാക്കി. ഊത്തുക്കുഴി മുതൽ പോബ്സ്ൺ എസ്റ്റേറ്റ് കവാടം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം ചായത്തോട്ടത്തിലൂടെയുള്ള ടാർ റോഡാണ് മൺപാതയ്ക്ക് സമാനമായി കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതത്തിന് ദുരിതമായത്.

കുഴികളും പൊന്തയും നിറഞ്ഞ് തകർന്ന് മൺപാത മാത്രമായി കിടക്കുന്ന സീതാർകുണ്ടിലേക്കുള്ള ടാർ റോഡ്.