നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി

ജോജി തോമസ്

നെല്ലിയാമ്പതി ഗവ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം നെല്ലിയാമ്പതിയില്‍ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് കോളിഫ്‌ളവര്‍ തൈകള്‍ നട്ട് കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫാം സൂപ്രണ്ട് പി. സാജിദ് അലി അധ്യക്ഷനായി. കാബേജ്, കോളിഫ്‌ളവര്‍, ലെറ്റിയൂസ്, ബീന്‍സ്, ഗ്രീന്‍പീസ്, ചൈനീസ് കാബേജ്, നോള്‍കോള്‍, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, റൗണ്ട് റാഡിഷ്, ഉരുളക്കിഴങ്ങ്, ബ്രോക്കോളി മുതലായ വിവിധ ഇനം ശീതകാല പച്ചക്കറി വിളകളാണ് ഫാമിലെ ഓറഞ്ചിന് ഇടവിളയായും തനി വിളയായും ഏകദേശം എട്ട് ഹെക്ടര്‍ സ്ഥലത്ത് കൃഷി ഇറക്കുന്നത്. നടാന്‍ ആവശ്യമായ ഹൈബ്രിഡ് തൈകള്‍ പോളി ഹൗസില്‍ പ്രോട്രേകളില്‍ പ്രത്യേകം ശ്രദ്ധകൊടുത്ത് ഫാമില്‍ തയ്യാറാക്കുന്നുണ്ട്. കൃഷിഭവനുകള്‍ മുഖാന്തിരം വിതരണം ചെയ്യുന്നതിനായി രണ്ടരലക്ഷത്തോളം തൈകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ദണ്ഡപാണിയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളാണ് പച്ചക്കറി കൃഷിയില്‍ പങ്കാളികളാകുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ചെതഹള്ളി എക്‌സ്‌പെരിമെന്റല്‍ സ്റ്റേഷനില്‍ നിന്നും കൊണ്ടുവന്ന കൂര്‍ഗ് മണ്ഡാരിന്‍ ഇനം ഓറഞ്ചിന്റെ ഒട്ടുതൈകളുടെ ഉദ്ഘാടനവും എം.എല്‍.എ. നിര്‍വഹിച്ചു. 1000 ഒട്ടുതൈകളാണ് ഈ വര്‍ഷം പുതുതായി നടാന്‍ എത്തിച്ചിട്ടുള്ളത്. ഇതിനുപുറമേ ഫാമിലെ പോളിഹൗസില്‍ ഹൈടെക് രീതിയില്‍ കൃഷി ഇറക്കിയ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും പുറത്തിറക്കിയ കെ.പി.സി.എച്ച്. 1 എന്ന ഹൈബ്രിഡ് ഇനം സലാഡ് കുക്കുംബറിന്റെ വിളവെടുപ്പും നടന്നു. പൂര്‍ണമായും ശാസ്ത്രീയ രീതികള്‍ അവലംബിച്ച് കൊണ്ട് സുരക്ഷിതമായ രീതിയിലാണ് കൃഷി ചെയ്യുന്നത്. കടുംപച്ച നിറത്തിലുള്ള കായ്കള്‍ ഏകദേശം 250 ഗ്രാം തൂക്കം വരുന്നുണ്ട്. ഒരു ചെടിയില്‍ നിന്നും ഏകദേശം അഞ്ച് കിലോ ഗ്രാം (22 കായ്കള്‍) വരെ ഉത്പാദനം കിട്ടുമെന്നാണ് കാര്‍ഷിക സര്‍വകലാശാല അവകാശപ്പെടുന്നത്. നട്ട് 36-ാമത്തെ ദിവസം തന്നെ വിളവെടുപ്പ് ആരംഭിച്ചു. മികച്ച ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഫാമിന്റെ ഔട്ട്ലെറ്റില്‍ ഓരോദിവസവും വില്‍പ്പന ഉണ്ടായിരിക്കും. ഹോര്‍ട്ടികോര്‍പ്പ് മുഖാന്തിരവും വില്‍പ്പന നടത്തുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ജൂലൈ മാസത്തില്‍ ആരംഭിച്ച റാഡിഷും വിളവെടുപ്പ് നടത്തി. കൃഷി അസിസ്റ്റന്റ് നാരായണന്‍ കുട്ടി, വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ രാമദാസ്, കെ.ആര്‍. ശിവന്‍, ഹബീബുള്ള, കൃഷി അസിസ്റ്റന്റ് മഹേഷ് എന്നിവര്‍ പങ്കെടുത്തു.