ഓണം അവധി നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്കും ഗതാഗതകുരുക്കും

ജോജി തോമസ്

നെല്ലിയാമ്പതി: ഓണം അവധി ആഘോഷിക്കാനായി നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ തിരക്ക്. തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷിക്കാനായി നെല്ലിയാമ്പതിയിലെ എല്ലാ റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്ത സഞ്ചാരികളുടെ തിരക്കിലമർന്നു. ഒരു പകലിന്റെ ഹൃസ്വ സന്ദർശനത്തിനെത്തിയ സഞ്ചാരികളുടെ വാഹന തിരക്കു മൂലം പുലയംപാറ – സീതാർ കുണ്ട് റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇരു ചക്ര വാഹനങ്ങളിലും കാറുകളിലും മറ്റ് വലിയ വാഹനങ്ങളിലും എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. ഇടുങ്ങിയ എസ്റ്റേറ്റ് റോഡുകൾ ആയതിനാൽ മിക്കയിടത്തും വാഹനങ്ങൾക്ക് പരസ്പരം വശം കൊടുക്കാൻ കഴിയാതെ ഏറെനേരം ഗതാഗതകുർക്ക് അനുഭവപ്പെട്ടു. ആനമട – മിന്നാംപാറ ഭാഗങ്ങളിലേക്ക് നടത്തുന്ന സഫാരി ജീപ്പ് സർവീസുകാരുടെ വാഹനങ്ങളും സഫാരി ജീപ്പിൽ കയറിയ യാത്രക്കാരുടെ വാഹനങ്ങളും പുലയംപാറ റോഡരികിലും ഓറഞ്ച് ഫാം പരിസരത്തും നിർത്തിയിട്ടത് ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി. വാഹന യാത്രക്കാരും ഡ്രൈവർമാരും പരസ്പരം സഹകരിച്ച് വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും നീക്കിയാണ് ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ശമനമുണ്ടാക്കിയത്. രാവിലെ 10 മണി മുതൽ ഇടയ്ക്കിടെ ഉണ്ടായ ഗതാഗതകുരുത്ത് വൈകിട്ട് 3 മണി വരെ തുടർന്നു. നിരവധി വിനോദസഞ്ചാരികൾക്ക് സീതാർകുണ്ട് വ്യൂ പോയിന്റിലേക്ക് പോകാൻ കഴിയാതെ കേശവൻപാറ, കാരപ്പാറ ഭാഗങ്ങളിലേക്ക് തിരിച്ചു. ഇതേ റൂട്ടിലെ പലകപ്പാണ്ടി ഭാഗത്തെ റിസോർട്ടിൽ മുൻകൂട്ടി ഭക്ഷണവും താമസവും ഏർപ്പാടാക്കിയ യാത്രക്കാരാണ് ഗതാഗതകുരുക്കുമൂലം ഏറെ ബുദ്ധിമുട്ടിയത്. നെല്ലിയാമ്പതിയിലെ പ്രധാന ടൗൺ ആയ പുലയമ്പാറയിലെ ഗതാഗതക്കുരുക്ക് ഏറെനേരം പൊതു ഗതാഗതത്തെ ബാധിച്ചു. നൂറടി – കാരപാറ റോഡിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കേശവൻപാറ വ്യൂ പോയിന്റിലും സന്ദർശക തിരക്ക് ഉണ്ടായിരുന്നു.