വടക്കഞ്ചേരി :പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചെങ്കിലും നായപിടുത്തക്കാരെ കിട്ടാനില്ലാതെ അധികൃതര്‍ വലയുന്നു.
തെരുവുനായകളെ പിടികൂടാനാണ് ആളെ കിട്ടാതെ മൃഗസംരക്ഷണ വകുപ്പ് നെട്ടോട്ടമോടുന്നത്. പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഒരുമാസം നീളുന്ന കുത്തിവെപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും ഇതാണ് സ്ഥിതി. പദ്ധതി പാളാൻ ഇതുമൂലം സാഹചര്യമൊരുങ്ങുമോയെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ തെരുവുനായകള്‍ക്കു പേവിഷ പ്രതിരോധ കുത്തിവെപ്പു നല്കണമെങ്കില്‍ കൂടുതല്‍ നായപിടിത്തക്കാരെ ആവശ്യമാണ്.
പുതുതായി 60 പേര്‍ക്കു പരിശീലനം നല്കിയിട്ടുണ്ടെങ്കിലും എത്രപേര്‍ ജോലിയിലേക്കു കടന്നുവരും എന്നതാണ് അധികൃതരുടെ ആശങ്ക. ആലത്തൂര്‍,ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂര്‍, എബിസി യൂണിറ്റുകളിലായി 12 നായപിടിത്തക്കാരാണുള്ളത്. ഒരു യൂണിറ്റില്‍ മൂന്ന് പേര്‍ വീതം. കുത്തിവെപ്പ് യജ്ഞം തുടങ്ങിയാല്‍ വന്ധ്യംകരണ ജോലിയോടൊപ്പം കുത്തിവെപ്പും ചെയ്യേണ്ടി വരും. തെരുവുനായകളെ പിടികൂടി സെന്‍ററുകളില്‍ എത്തിച്ചു വേണം കുത്തിവെപ്പ് എടുക്കാൻ. ഇതിനു വിദഗ്ധ പരിശീലനം ലഭിച്ചവര്‍ തന്നെ വേണം. ഈ മാസം 30 വരെയാണു സമഗ്ര പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞം.
ജില്ലയില്‍ 25,000 തെരുവുനായകളും 75,000 വളര്‍ത്തുനായകളും ഉണ്ടെന്നാണു പ്രാഥമിക കണക്ക്. ഇവയ്ക്കെല്ലാം 30
നകം വാക്സിൻ നല്‍കാനാണു ലക്ഷ്യം. ഇതിന്‍റെ ഭാഗമായി എല്ലാ മൃഗസംരക്ഷണ ഓഫീസുകളിലും വാക്സിൻ വിതരണം പൂര്‍ത്തിയായി. ക്ഷാമം വരുന്ന മുറയ്ക്കു അതത് താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ മുഖേന വാക്സിൻ ലഭ്യമാകും. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കാണു വിതരണ ചുമതല. കുത്തിവെപ്പ് നടത്തിയ തെരുവുനായകളെ തിരിച്ചറിയാൻ കഴുത്തില്‍ പച്ചനിറത്തില്‍ സ്പ്രേ പെയിന്‍റ് ചെയ്യും.
വളര്‍ത്തു നായകള്‍ക്കു സര്‍ട്ടിഫിക്കറ്റും നല്കും. അതേസമയം പദ്ധതി പ്രായോഗികതലത്തില്‍ നടപ്പാക്കാൻ ആവശ്യമായ തയ്യാറെടുപ്പുകള്‍ ഉണ്ടായിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
.