
ജോജി തോമസ്
നെന്മാറ വല്ലങ്ങി വേലയ്ക്ക് തുടക്കം കുറിച്ച് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കൂറയിട്ടു. ഏപ്രിൽ 3 നാണ് നെന്മാറ വല്ലങ്ങി വേല. വല്ലങ്ങി കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആചാരപ്രകാരം അവകാശമുള്ള പ്രത്യേക സമുദായക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഓലക്കുട ചൂടി നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെത്തി രാത്രി 7.30 ഓടെ ഓരോ സമുദായക്കാരുടെയും ജാതി പേര് വിളിച്ച് എത്തിയിട്ടുണ്ടോ എന്ന് വിളിച്ചു ചൊല്ലിയാണ് കൂറയിടൽ ചടങ്ങ് നടത്തിയത്. ക്ഷേത്ര പൂജാരിയും ദേവസ്വം അധികൃതരും കൂറ ഇടാൻ എത്തിയവരെ സ്വീകരിച്ചു. കൂറയിടലിനു ശേഷം ക്ഷേത്രത്തിനകത്ത് പട്ട് കൂറയിടൽ ചടങ്ങും നടന്നു. ഉത്സവത്തിന് മുഖ്യ പങ്കുവഹിക്കുന്ന നെന്മാറ, വല്ലങ്ങി ദേശങ്ങളോടൊപ്പം വിത്തനശ്ശേരി, അയിലൂർ, തിരുവഴിയാട് ദേശ പ്രതിനിധികളുടെ സാന്നിധ്യവും ചടങ്ങുകൾക്ക് ഉണ്ടായി. കൂറയിടൽ ചടങ്ങനായി ക്ഷേത്രവും പരിസരവും ദീപാലങ്കാരങ്ങളും മാലകൾ കൊണ്ടും അലങ്കരിച്ചിരുന്നു. ക്ഷേത്രമുറ്റത്ത് 7 മണിക്ക് മുമ്പായി ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ഉത്സവത്തിന് തുടക്കം കുറിച്ചതിന്റെ ഭാഗമായി കൂറയിടൽ ചടങ്ങിനു ശേഷം സാമ്പിൾ വെടിക്കെട്ടും നടത്തി.