ജോജി തോമസ്
നെല്ലിയാമ്പതി നാലാം ദിവസവും ഒറ്റപ്പെട്ടു. തിങ്കളാഴ്ച ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത്. സന്നദ്ധ പ്രവർത്തകരും, തൊഴിലാളികളും റോഡിലെ തടസ്സം നിൽക്കാൻ നീക്കാൻ എത്തി. വരും ദിവസം ചെറുവാഹനങ്ങൾ കടത്തിവിടാൻ പറ്റുന്ന തരത്തിൽ സൗകര്യമേർപ്പെടുത്താനുള്ള തിരക്കിലാണ് അധികൃതരും സന്നദ്ധ പ്രവർത്തകരും. തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നെല്ലിയാമ്പതി ചുരം റോഡ് സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ റോഡിലെ ഗതാഗത തടസ്സം പുനസ്ഥാപന പ്രവർത്തനങ്ങൾ വിലയിരുത്തി. കെ. ബാബു എം.എൽ.എ, ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്ണ, ഡി. എഫ്. ഒ, പി. പ്രവീൺ, തഹസിൽദാർ പി ശരവണൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,വനം, പോലീസ്, റവന്യൂ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം സ്ഥലത്തെത്തി. റോഡിലെ പാറകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിച്ച് നീക്കുകയാണ്. ഒപ്പം മണ്ണ് മാറ്റൽ ജോലികളും പുരോഗമിക്കുകയാണ്. നെല്ലിയാമ്പതിയിൽ ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നെല്ലിയാമ്പതി ചുരം റോട്ടിലെ ഗതാഗത തടസ്സം നീക്കാൻ സന്നദ്ധപ്രവർത്തകരായി ജീപ്പ് ഡ്രൈവർമാരും. ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന ചുരം റൂട്ടിലെ തടസ്സം നീക്കുന്നതിനായി അഞ്ചു ജീപ്പുകളിലായി മുപ്പതോളം ഡ്രൈവർമാർ വ്യാഴാഴ്ച രാവിലെ മുതൽ വൈകിട്ട് 5 വരെ വിവിധ ഇടങ്ങളിൽ മണ്ണും ചളിയും കല്ലും മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടു . ഗവൺമെന്റ് ഫാമിൽ നിന്ന് 10 തൊഴിലാളികളും ഗതാഗതസൗകര്യം ഒരുക്കുന്നതിൽ പങ്കാളികളായി. വിവിധ സ്വകാര്യ എസ്റ്റേറ്റുകാരും തൊഴിലാളികളെയും വാഹനങ്ങളെയും അയച്ച് ഗതാഗതസൗകര്യമൊരുക്കുന്നത് സഹായിച്ചു. നെല്ലിയാമ്പതി റിസോർട്ട് അസോസിയേഷന്റെ നേതൃത്വത്തിലാണ് നെല്ലിയാമ്പതിയിലുള്ള നിന്നുള്ള ഗതാഗതം ഒരുക്കുന്ന സന്നദ്ധ തൊഴിലാളികൾക്ക് സൗജന്യമായി ഭക്ഷണം പാക്ക് ചെയ്ത് വിതരണം ചെയ്തത്. പൊതു ആവശ്യമെന്ന നിലയിൽ സന്നദ്ധപ്രവർത്തകർ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു. നെല്ലിയാമ്പതിയിൽ എത്തിയ എൻ ഡി ആർ എഫ് സംഘവും ഗതാഗത പുനസ്ഥാപനത്തിന് നെല്ലിയാമ്പതി ഭാഗത്തുനിന്നുള്ള തൊഴിലാളികൾക്കൊപ്പം പങ്കാളികളായി. റോഡ് ഗതാഗതം നിലച്ചതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി നെല്ലിയാമ്പതിയിലേക്ക് പത്ര വിതരണം നിലച്ചു.
നെല്ലിയാമ്പതി പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു പ്രവർത്തനം വിലയിരുത്തി. നെല്ലിയാമ്പതിയിലുള്ള എൻഡിആർഎഫ് പ്രതിനിധികൾ നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അത്യാവശ്യഘട്ടത്തിൽ ചെയ്യേണ്ട നടപടിക്രമങ്ങളും ചർച്ച ചെയ്തു. നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർ, റവന്യൂ, വനം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്ന് പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള 10 ഫോൺ നമ്പറുകൾ പ്രസിദ്ധപ്പെടുത്തി. പോത്തുണ്ടി ഭാഗത്തുനിന്നുള്ള റോഡിൽ കിടക്കുന്ന വലിയ പാറക്കഷണങ്ങൾ ജാക്കി ഹാമർ ഉപയോഗിച്ച് മുറിച്ചുമാറ്റി. പൊട്ടിച്ചു മാറ്റിയ പാറക്കല്ലുകൾ നീക്കുന്ന തിരക്കിലാണ് മണ്ണ് മാന്തി യന്ത്രങ്ങൾ. ഡി.എം.ഒ.യുടെ മെഡിക്കൽ സംഘത്തെ കൂടാതെ നെന്മാറ സ്വകാര്യ ആശുപത്രിയും നെല്ലിയാമ്പതിയിലേക്ക് ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ നെല്ലിയാമ്പതിയിൽ ക്യാമ്പ് ചെയ്യിപ്പിച്ചിട്ടുണ്ട്. ചെറുനെല്ലി എസ്റ്റേറ്റിൽ നിന്ന് പോത്തുണ്ടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 21 ഓളം ആളുകളെ മന്ത്രി എം. ബി.രാജേഷ് സന്ദർശിച്ചു. തുടർന്ന് വയനാട്ടിലെ ബന്ധു വീട്ടിലേക്ക് പോയി കാണാതായ പോത്തുണ്ടി ജസ്റ്റിൻ തോമസിൻ്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ആശ്വസിപ്പിച്ചു.