മുതലമടയിൽ പ്ലസ്ടു വിദ്യാർഥിനി ഗോപികയെ പാറപ്പുറത്തു പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണെങ്കിലും അതിലേക്കു നയിച്ച കാര്യങ്ങളാണു കൊല്ലങ്കോട് പൊലീസ് പരിശോധിക്കുക.
സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും കള്ളിയമ്പാറയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ കെ.മണികണ്ഠന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിനിടയിലും സംഭവസ്ഥലത്തു നിന്നുമായി ശേഖരിച്ചിട്ടുള്ള സാംപിളുകൾ തൃശൂർ പൊലീസ് അക്കാദമിയിലെ ലാബിൽ പരിശോധനയ്ക്കു നൽകും. ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ചായിരിക്കും തുടർനടപടികൾ.