ജലാശയങ്ങളിൽ മുങ്ങിമരണങ്ങൾ കൂടുമ്പോഴും ജാഗ്രതാ നടപടികൾ ഒന്നുമില്ല. പുഴക്കടവുകളിൽ യുവാക്കളും വിദ്യാർഥികളും നിരന്തരം ഒഴുക്കിൽപ്പെടുന്ന വാർത്തകൾ ഈയിടെ ഏറുമ്പോഴും നിസ്സഹായതയിലേക്ക് വിരൽചൂണ്ടി നിൽക്കേണ്ടിവരികയാണ് എല്ലാവർക്കും. കടലുണ്ടിപ്പുഴയിൽ 21 വയസ്സുള്ള വിദ്യാർഥി വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് മരിച്ചതാണ് ഒടുവിലത്തെ വാർത്ത. ഇതിന്റെ തലേന്നാണ് 23-കാരനും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.
കഴിഞ്ഞ മാസം 27-ന് മമ്പാട് പന്തലിങ്ങലിലെ 14-ഉം 11-ഉം വയസ്സുള്ള രണ്ട് കുട്ടികൾ ചാലിയാറിൽ മുങ്ങിമരിച്ചു. ഇതിന് പിറ്റേദിവസമാണ് കടലുണ്ടിപ്പുഴയിൽ 15-കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ നാട്ടുകാർക്ക് അന്ന് രക്ഷപ്പെടുത്താനായി. നീന്തൽ അറിയുന്നതും അല്ലാത്തതുമായി ഒട്ടേറെ ജീവനുകളാണ് പുഴച്ചുഴികളിൽ പൊലിയുന്നത്. വെള്ളവും ഒഴുക്കുമേറിയ ഭാഗങ്ങളിൽ യാതൊരു മുൻ കരുതലുമില്ലാതെ കുളിക്കാൻ ഇറങ്ങുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഹേതുവാകുന്നുണ്ട്.
കുട്ടികളെ പുഴയിലുംമറ്റും വിടുമ്പോൾ രക്ഷിതാക്കളും ഏറെ ജാഗ്രത പുലർത്തണമെന്ന് സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പുഴക്കടവുകളിൽ സന്ദർശകരായി രക്ഷിതാക്കൾക്കൊപ്പം നിരവധി കുട്ടികളാണ് എത്തുന്നത്. യാതൊരു നിയന്ത്രണങ്ങളും പലപ്പോഴും പലയിടത്തും ഇല്ല.
മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം നിരവധിയാളുകളാണ് ദിവസവും പുഴ കാണാനെത്തുന്നത്. തനിച്ചെത്തുന്ന കുട്ടികളും കുറവല്ല. ഇവിടെ നിരന്തരം അപകടങ്ങളുണ്ടായിട്ടും ആരും ശ്രദ്ധ പുലർത്തുന്നില്ലെന്ന പരാതികളാണ് നാട്ടുകാർക്ക്. പലപ്പോഴും മുന്നറിയിപ്പുകളുമായി രംഗത്തെത്തിയാലും രക്ഷിതാക്കൾ ഗൗനിക്കാറില്ലെന്നും നാട്ടുകാർ.
വേനലവധിക്കാലത്ത് ഒഴുക്കിൽപ്പെട്ട അപകടങ്ങൾ വർധിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മറ്റു സമയങ്ങളിലും അപകടസംഭവങ്ങൾ ഏറുമ്പോഴും പൊതു ചർച്ചകളൊന്നും ഉയരുന്നില്ല.