മോഴയാനയെ മലയോരമേഖലയിൽ നിന്ന് നീക്കാൻ നടപടി വേണം; കിഫ

അയിലൂർ വണ്ടാഴി പഞ്ചായത്ത് മലയോര മേഖലയിലെ മോഴയാന ശല്യത്തിൽ മുക്തി വേണമെന്ന് കിഫ ആവശ്യപ്പെട്ടു. കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി മാസങ്ങളായി മലയോര നിവാസികൾ ഭീതിയോടെ കഴിയുകയാണ്. വണ്ടാഴി പഞ്ചായത്തിലെ കടപ്പാറ മുതൽ അയലൂർ പഞ്ചായത്തിലെ കരിമ്പാറ വരെയുള്ള പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ നശിപ്പിക്കുകയും ജനവാസ മേഖലയിലെ വീടുകൾക്കിടയിലൂടെ നടക്കുകയും മുൻപിൽ കാണുന്നവരെയൊക്കെ ഓടിക്കുകയും ചെയ്തു കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് മോഴയാന. പൊതുവഴികളിൽ കൂടി പകൽസമയം പോലും ആനയുടെ സഞ്ചാരം തുടരുകയാണ്. അടിപ്പെരണ്ട വ്യാപാരി ഭവൻ ഹാളിൽ വെച്ച് വണ്ടാഴി, അയിലൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിൽ താമസിക്കുന്ന ജനങ്ങളുടെ ഒരു പ്രതിഷേധയോഗം നടന്നു. ആരെയും വകവയ്ക്കാതെ കൃഷിയിടങ്ങൾ നശിപ്പിച്ചു കൊണ്ടിരിക്കുന്ന മോഴയാനയെ അയിലൂർ, വണ്ടാഴി പഞ്ചായത്തുകളുടെ മലയോരമേഖലയിൽ മോഴയാനയെ ഉടൻ തന്നെ മയക്കു വെടിവെച്ച് ദൂരെ എവിടെയെങ്കിലും ഉള്ള വനപ്രദേശങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാനും നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങാനും യോഗം തീരുമാനിച്ചു.