വാർത്ത പ്രഭാതം

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1 ന്‍റെ ആദ്യഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് ഇസ്രൊ അധികൃതർ. പേടകം നിലവിൽ സജീവമാണെന്നും മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രൊ വ്യക്തമാക്കി. ഇസ്രൊയുടെ ബംഗളൂരു കേന്ദ്രത്തിൽ നിന്നാണ് ഭൂമിയിൽ നിന്നുള്ള ഭ്രമണപഥമുയർത്തൽ നിർവഹിച്ചത്.

?ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിന്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ISRO അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്ത ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറിയിട്ടുണ്ട്.

?ജി 20 ഉച്ചകോടിയുടെ മുഖ്യ വേദിയായ പ്രഗതി മൈതാനത്ത് 28 ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നടരാജ വിഗ്രഹമാണ് ഇത്. പരമ്പരാഗത രീതിയിൽ തമിഴ്നാട്ടിലാണ് വിഗ്രഹം വാർത്തെടുത്തത്.

?ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യയെന്നും അതിനു നേർക്കുള്ള ആക്രമമാണിതെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ വിമർശനം.

?സനാതന ധർമത്തെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി അമിത് ഷാ. നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണിത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഹിന്ദുത്വത്തെ വെറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉദയനിധി സ്റ്റാലിന്‍റെ പരാമർശമെന്നും ഷാ പറഞ്ഞു.

?രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഭാരത് ജോഡോ യാത്രയുടെ വാർഷികം പ്രമാണിച്ച് സെപ്റ്റംബർ 7ന് രാജ്യത്തെ എല്ലാ ജില്ലകളിലും ഭാരത് ജോഡോ യാത്ര നടത്താൻ തീരുമാനിച്ച് കോൺഗ്രസ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ടത്.

?രാജ്യത്ത് മൺസൂണിന്‍റെ വരവറിയിക്കുന്ന കേരളത്തിൽ ഇത്തവണ മഴയുടെ കുറവ് 48 ശതമാനം. ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കാണിത്. ഓഗസ്റ്റിൽ മാത്രം 87 ശതമാനം കുറവാണ് മഴയുടെ അളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്താകമാനമുള്ള കണക്കിലും ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 10 ശതമാനം കുറവ് മഴയാണ്

.?വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ഇതു ന്യൂനമർദമായി ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

?ഒഡീശയിലെ ആറു ജില്ലകളിലായി ഇടിമിന്നലേറ്റ് പത്തു പേർ മരിച്ചു, മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. മൂന്നുപേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചു.

?സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. കുടുംബം വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. കുടലിലും കരളിലും ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

?ആടിനെ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് തെലങ്കാനയിൽ ദളിത് യുവാവിനെയും സുഹൃത്തിനെയും തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ പൊലീസ് കേസെടുത്ത് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ദളിത് യുവാവ് കിരൺ (30) സുഹൃത്ത് തേജ (19) എന്നിവരാണ് ക്രൂരമായ മർദനത്തിന് ഇരയായത്.

?ലൈംഗികമായി പലതവണ ദുരുപയോഗം ചെയ്ത ട്യൂഷന്‍ അധ്യാപകനെ വിദ്യാര്‍ഥി കഴുത്തറുത്ത് കൊലപ്പെടുത്തി. 28കാരനായ അധ്യാപകന്‍ പതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും പോലീസ് പറഞ്ഞു. പിന്നാലെ ഇതിന്‍റെ പ്രതികാരമായി വിദ്യാര്‍ഥി അധ്യാപകനെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു

?മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണെന്ന് അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തൊലിക്കട്ടി കൂടുതലായതുകൊണ്ടാണ് പുതുപ്പള്ളിയില്‍ പ്രചരണത്തിന് എത്തിയത്. ജനങ്ങള്‍ക്ക് അത്രത്തോളം അവമതിപ്പാണ് സര്‍ക്കാരിനോടുള്ളത്. സര്‍ക്കാര്‍ വിരുദ്ധ വികാരം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും. സുധാകരന്‍ പറഞ്ഞു.

? മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസിൽ മുൻ ഡിഐജി എസ്. സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നോട്ടീസ്. സുരേന്ദ്രന്‍റെ വീട്ടിൽ വച്ച് സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം.

?അടിമാലിയിൽ നാല് കിലോ കഞ്ചാവുമായി പിടികൂടിയ ഒഡീഷ സ്വദേശിയായ പ്രതി എക്‌സൈസ് ഓഫീസിൽ നിന്നും ഓടി രക്ഷപ്പെട്ടു. വിജയ് ഗമംഗയാണ് നാർകോട്ടിക് സംഘത്തിന്റെ പിടിയിലായതും പിന്നീട് ഓടി രക്ഷപ്പെട്ടതും. എക്‌സൈസ് ഓഫീസിൽ കസ്റ്റഡിയിലിരിക്കെ ശുചിമുറിയിൽ പോകാൻ കൈവിലങ്ങ് അഴിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

?ചീറ്റ പ്രോജക്റ്റ് വഴി ഇന്ത്യയിലേക്കെത്തിയ ചീറ്റകൾ ചാകുന്നതിൽ അസ്വാഭാവികതയില്ലെന്ന് നമീബിയൻ ഹൈ കമ്മിഷണർ ഗബ്രിയേൽ സിനിമ്പോ. ചീറ്റകൾ ഇന്ത്യൻ അന്തരീക്ഷവുമായി ഇണങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം പ്രോജക്റ്റിൽ മൃഗങ്ങൾ ചാകുന്നതടക്കമുള്ള പ്രതിസന്ധികൾ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

?ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലെ സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം. ഇസ്രയേലിലെ ടെൽ അവീവിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ പേർക്ക് പരുക്ക്. സംഭവത്തിൽ 39 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരുക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണ്. മുപ്പതോളം ഇസ്രയേലി പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

?മെലിയോയിഡോസിസ് രോഗം സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്തിൽ മൂന്നുപേർക്കു കൂടി രോഗ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോറോം വില്ലേജിലെ രണ്ടു പേർക്കാണ് നേരത്തെ അപൂർവ രോഗം സ്ഥിരീകരിച്ചത്

.?പന്തിരാങ്കാവ് പാലാഴിയിൽ സ്വകാര്യ ക്ലിനിക്കിൽ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻബത്തേരി നെന്മേനി സ്വദേശിനി ഷഹല ബാനുവാണ് (21) മരിച്ചത്. പാലാഴി ഇഖ്റ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ സഴ്സാണ്. ക്ലിനിക്കിന് മുകളിലെ താമസമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു

?എടക്കാട് വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്കൂളിന് സമീപം താമസിക്കുന്ന സാബിറ (43) നാണ് കുത്തേറ്റത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

?ആറു വയസുകാരിയെ സ്‌കൂള്‍ ബസില്‍ ലൈംഗികമായി പീഡിപ്പിച്ച സീനിയര്‍ വിദ്യാര്‍ത്ഥി പിടിയില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവംയുവ വനിതാ ഡോക്ടറെ ലൈംഗികമായി അതിക്രമിച്ച കേസിൽ ഡോക്ടർ മനോജിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീകളോടുള്ള ലൈംഗിക അതിക്രമ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2019 എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

?തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു സെപ്റ്റംബർ 23 വരെ അവസരമുണ്ടാകുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബർ എട്ടിനും അന്തിമ പട്ടിക ഒക്റ്റോബർ 16 നും പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും.

?രാത്രികാല പട്രോളിങ്ങിനിടെ മഞ്ചേശ്വരത്ത് പൊലീസുകാർക്ക് നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെ ഉപ്പള ഹിദായത്ത് നഗറിലാണ് സംഭവം. അഞ്ചംഗ സംഘം പൊലീസുകാരെ ആക്രണിക്കുകയായിരുന്നു.

? പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസിലെ ഒന്നാം പ്രതിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി. ഒന്നാം പ്രതി സി കെ രമേശന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് നോട്ടീസ് നല്‍കിയത്.

?പാലക്കാട് -കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയപാത നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ നഷ്ടപരിഹാര നിര്‍ണയം പൂര്‍ത്തിയായി.പതിനഞ്ചു വില്ലേജുകളില്‍ നിന്നായി 238 ഹെക്ടര്‍ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നത്

?മഴക്കുറവിനൊപ്പം വൈദ്യുതി വിനിയോഗ നിയന്ത്രണം അടക്കം വിലയിരുത്താൻ വൈദ്യുതി ബോർഡ് തിങ്കളാഴ്ച വീണ്ടും അവലോകന യോഗം ചേരും. ഓഗസ്റ്റ് ആദ്യവാരത്തെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ അളവിൽ നേരിയ വ്യത്യാസം ഉണ്ടായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണു കെഎസ്ഇബി.

?പാലക്കാട്യാക്കര ചടനാംകുറിശ്ശിയില്‍ സ്റ്റാര്‍ട്ടാക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന് തീപ്പിടിച്ചു കത്തി നശിച്ചു.നല്ലേപ്പിള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡംഗം യു. അനിഷയുടെ സ്‌കൂട്ടറാണ് തീപ്പിടിച്ച്‌ പൂര്‍ണമായും കത്തിനശിച്ചത്.മൂഴിയാർ ഡാമിലെ ജലനിരപ്പ് 190 മീറ്ററിന് മുകളിൽ എത്തിയ സാഹചര്യത്തിൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 192.63 മീറ്ററിൽ എത്തിയാൽ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും. കക്കാട്ടാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

?കർണാടകയിൽ മുസ്ലിം വിദ്യാർഥികളോട് പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് ആവശ്യപ്പെട്ട അധ്യാപികയ്‌ക്കെതിരേ നടപടി. ഒരു വിഭാഗം വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഉർദു ഗവൺമെന്‍റ് ഹയർ പ്രൈമറി സ്കൂളിലെ അധ്യാപിക മഞ്ജുള ദേവിയെയാണ് വിദ്യാഭ്യാസവകുപ്പ് സ്ഥലം മാറ്റിയത്.

?സീരിയൽ -സിനിമാ താരം അപർണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് ഉയരുന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും സഞ്ജിത് അവകാശപ്പെട്ടു.

?കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം (കാക്കനാട് – ഇൻഫോപാർക്ക് റൂട്ട്) ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. Phase 2 – പിങ്ക് ലൈൻ എന്നു പേരിട്ടിരിക്കുന്ന രണ്ടാം ഘട്ടത്തിന്‍റെ നിർമാണം 20 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

?കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീൻ ഇന്നും ഇഡിക്കു മുന്നിൽ ഹാജരാകില്ല. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകേണ്ടതില്ലെന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് നടപടി. നേരത്തെ ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു.

?മാവേലിക്കര കുന്നം ചാക്കോ റോഡിൽ നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞു വീട്ടമ്മ മരിച്ചു. വെൺമണി വലിയപറമ്പിൽ ആതിര എസ്.നായർ (31) ആണ് മരിച്ചത്. മൂന്നു വയസുള്ള മകനായി തിരച്ചിൽ ആരംഭിച്ചു. ആതിരയുടെ ഭർത്താവ് ഷൈലേഖ് (43), മകൾ കീർത്തന (11), ഓട്ടോ ഡ്രൈവർ സബനോ സജു തുടങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തി.

?രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യാനോ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാനോ അനുവദിക്കില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ് അസോസിയേഷന്‍.

?ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ മാസം 3,4,5,8 തീയതികളിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ മദ്യനിരോധനം(ഡ്രൈ ഡേ) ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. ഞായറാഴ്ച വൈകിട്ട് 6 മുതൽ പോളിങ് ദിനമായ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് 6 വരെയും വോട്ടെണ്ണൽ ദിവസമായ സെപ്റ്റംബർ 8ന് പുലർച്ചെ 12 മുതൽ അർധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.

?എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. കോൺഗ്രസിന്റെ പേരിൽ സൈബർ ആക്രമണം നടത്തിയോ എന്നറിയില്ല. കുടുംബത്തിന് വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു

?പുതുപ്പള്ളിയിൽ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാണ്ടി ഉമ്മന് അനുകൂല വിധി ഉണ്ടാകുമെന്നും പുതുപ്പള്ളിയില്‍ സിപിഎം-ബിജെപി ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ നേതാക്കളെ വെച്ച് ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേട്ടയാടിയെന്നും അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

?ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം അരലക്ഷത്തിൽ കഴിയുമെന്ന് ചെറിയാൻ ഫിലിപ്പ്. ഒരാഴ്ചയായി പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളിൽ വിവിധ ജനവിഭാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

?മാമുക്കോയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘അക്കുവിന്റെ പടച്ചോന്‍’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. പരിസ്ഥിതി ചിത്രമായ അക്കുവിന്റെ പടച്ചോന്‍ സംവിധാനം ചെയ്തിരിക്കുന്നത് മുരുകന്‍ മേലേരിയാണ്