വാർത്താ പ്രഭാതം

വൈദ്യുതി പ്രതിസന്ധിയിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് വിട്ടു. ലോഡ് ഷെഡിങ് ഏർപ്പെടുത്തുക, അല്ലാത്ത പക്ഷം കൂടിയ വിലയ്ക്ക് പുറത്ത് നിന്ന വൈദ്യുതി വാങ്ങുക എന്നീ മാർഗങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്. വെള്ളിയാഴ്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാവും അന്തിമ തീരുമാനം.

ന്യൂനപക്ഷ സ്കോളർഷിപ്പിൽ വൻ ക്രമക്കേട്
?️രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍ഷി​പ്പ് പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷി​ക്കും. പ​ദ്ധ​തി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 53 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളും വ്യാ​ജ​മെ​ന്നു ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു ന​ട​പ​ടി. വി​ശ​ദ പ​രി​ശോ​ധ​ന‍യ്ക്കാ​ണു കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ നി​ർ​ദേ​ശം.കേ​ര​ള​ത്തി​ല​ട​ക്കം പ​ദ്ധ​തി​യി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 830 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​ലി​യ ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യി ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ 5 വ​ര്‍ഷ​ത്തി​നി​ടെ 144.83 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​ത്.

കവി സച്ചിദാനന്ദന്‍ പ്രകടിപ്പിച്ചത് കേരള ജനതയുടെ സാമാന്യ വികാരം: വി.ഡി. സതീശൻ
?️മൂന്നാം വട്ടവും സിപിഎം അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രര്‍ഥിക്കണമെന്ന സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്റെ പ്രസ്താവന സമൂഹത്തെയും ഭരണകൂടത്തെയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.അദ്ദേഹം ഒരു കവിയും എഴുത്തുകാരനുമൊക്കെ ആയതുകൊണ്ട് ഹൃദയത്തില്‍ തട്ടി പറഞ്ഞ വാക്കുകളാണിത്. ഇതാണ് കേരളത്തിലെ മുഴിവന്‍ ജനങ്ങളും പറയുന്നത്. ഈ സര്‍ക്കാരാണ് ഇവിടെ തുടരാന്‍ പോകുന്നതെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതി? കേരള ജനതയുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും സതീശൻ പ്രതികരിച്ചു.

മാസപ്പടി വിവാദത്തിനു തിരശ്ശീല വീണു
?️മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ടി.എം. തോമസ് ഐസക്ക്.
ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല. കുഴൽനാടനും സമ്മതിച്ചിരിക്കുന്നു എക്സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്ന്. അതിനു സർവ്വീസ് ടാക്സ് അല്ലെങ്കിൽ ജി.എസ്.ടി നൽകിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

വീണയ്‌ക്കെതിരായ കുഴൽനാടന്‍റെ പരാതി പരിശോധിക്കാൻ ധനമന്ത്രിയുടെ നിർദേശം
?️മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ നികുതി വെട്ടിച്ചെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി പരിശോധിക്കാൻ ജിഎസ്‌ടി കമ്മീഷണർക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. ”പരിശോധിക്കുക” എന്ന കുറിപ്പോടെയാണ് ധനമന്ത്രി ഫയൽ കൈമാറിയത്.

കാഞ്ഞങ്ങാട് ട്രെയിന് നേരെ കല്ലേറ്
?️കാഞ്ഞങ്ങാട്‌ സ്‌റ്റേഷൻ വിട്ടയുടൻ രാജധാനി എക്‌സ്‌പ്രസ്‌ ട്രെയിനിന്‌ കല്ലേറ്. തിങ്കൾ പകൽ 3.48നാണ്‌ സംഭവം. ഡൽഹി നിസാമുദ്ദീനിൽനിന്ന്‌ തിരുവനന്തപുരം സെൻട്രലിലേക്ക് പോകുന്ന 1243 നമ്പർ രാജധാനി എക്‌സ്‌പ്രസിനാണ് കല്ലേറുണ്ടായത്. എസി കംപാർട്ട്മെന്റിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്ധവിശ്വാസത്തെയും അനാചാരത്തെയും പ്രതിരോധിച്ചു
?️അന്ധവിശ്വാസത്തെയും അനാചാരത്തെയും പ്രതിരോധിച്ച് മുന്നോട്ടുപോകാൻ കേരളത്തിൽ സ്ത്രീകൾക്ക് കഴിഞ്ഞെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടി 76 വർഷം പിന്നിട്ടിട്ടും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുവെന്നും അവർ പറഞ്ഞു. സ്‌ത്രീസംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഇന്ത്യയെ രക്ഷിക്കാൻ വനിതകളുടെ സ്നേഹക്കൂട്ടായ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വിദ്യാഭ്യാസ –ആരോ​ഗ്യരം​ഗത്ത് കേരളത്തിലെ സ്ത്രീകൾ വളരെ മുന്നിലാണ്. ജാതിയോ മതമോ പ്രാദേശികവാദമോ കേരളത്തിൽ ഇല്ല. ഏകസിവിൽ കോ‍ഡിന്റെയും വംശീയ കലാപങ്ങളിലൂടെയും ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളെ തടയാനായെന്നും പറഞ്ഞു.

പടക്കം സൂക്ഷിച്ച വീട്ടിൽ പൊട്ടിത്തെറി
?️വീട്ടിനകത്തുസൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ്‌ ചികിത്സയിലിരുന്നാൾ മരിച്ചു. മണ്ണൂർ നഗരിപ്പുറം നെല്ലിക്കാട് പൂളക്കൽ മൻസിലിൽ സെയ്ത്മുഹമ്മദ്‌ (60) ആണ് മരിച്ചത്. 16ന് പകൽ 3.45നാണ് സ്‌ഫോടനമുണ്ടായത്‌. സെയ്ത്മുഹമ്മദ്‌ താമസിക്കുന്ന വീടിന്റെ മുന്നിലെ ആൾതാമസമില്ലാത്ത ഓടിട്ട വീട്ടിലാണ്‌ പൊട്ടിത്തെറിയുണ്ടായത്‌.

ഓണവിപണി: കോഴിവില പറക്കുന്നു
?️ഓണവിപണി ലക്ഷ്യമിട്ട്‌ ഇറച്ചിക്കോഴി വില കുത്തനെ കൂട്ടാൻ ഇതരസംസ്ഥാന ലോബിയുടെ ശ്രമം. തമിഴ്‌നാട്ടിലെ ഫാമുകളിൽ ഇറച്ചിക്കോഴികളുടെ വില വർധിച്ച സാഹചര്യത്തിൽ മാർക്കറ്റിൽ ഇറച്ചിവില ഉയരാൻ സാധ്യതയുള്ളതായി വ്യാപാരികൾ പറഞ്ഞു. ഓണത്തിന്‌ ഒരാഴ്‌ചമാത്രം ശേഷിക്കെ, ഇറച്ചിവില ദിവസവും കൂടുന്നത്‌ വ്യാപാരികളെ ആശങ്കയിലാക്കി.ഇതരസംസ്ഥാനത്തെ ഫാമിൽ ഒരുകിലോ കോഴിയുടെ വില 110 രൂപയായാണ്‌ ഉയർന്നത്‌. ഇപ്പോൾ ഒരുകിലോ കോഴിക്ക്‌ 140 രൂപയാണ്‌ കേരളത്തിലെ ചില്ലറ വിൽപ്പനവില.

കടം വാങ്ങിയ 500 രൂപയെച്ചൊല്ലി തർക്കം
?️കടം വാങ്ങിയ 500 രൂപയെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന്‌ കിനാലൂർ ഏഴുകണ്ടിയിൽ രണ്ട്‌ ബസ്‌ ജീവനക്കാർക്ക്‌ കുത്തേറ്റു. കിനാലൂർ– കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്‌ടർ വയലട കണ്ണാറ തോട്ടത്തിൽ സിജിത്ത് (26), ഡ്രൈവർ കിനാലൂർ കിഴക്കു വീട്ടിൽ സിജാദ് (35) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്‌. സംഭവത്തിൽ കരുമല കുന്നുമ്മൽ ബബിജിത്ത് (41), കിനാലൂർ കൈതച്ചാലിൽ കെ സി മനീഷ് (37), കരുമല പാറച്ചാലിൽ പി സി ശരത്‌ലാൽ (36) എന്നിവരെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്‌തു.ഞായർ രാത്രി 10.45നാണ് സംഭവം.

ഔഷധങ്ങൾ കൊണ്ട് പൂക്കളമൊരുക്കി റെക്കോർഡ് നേടി ഔഷധി
?️ഒരേസമയം കണ്ണിന്‌ വ്യത്യസ്തത പകർന്നും സുഖപ്രദമായ സുഗന്ധം പ്രദാനം ചെയ്തും ഒരു പൂക്കളം. 125ൽ അധികം ഔഷധ ചേരുവകൾ ചേർന്ന “ഔഷധപ്പൂക്കളം’ ഒരുക്കി വേൾഡ്‌ റെക്കോഡ്‌ നേടി ഔഷധി. ഏറ്റവും കൂടുതൽ ഔഷധങ്ങൾ ഉപയോഗിച്ച്‌ നിർമിച്ച പൂക്കളമെന്ന റെക്കോർഡാണ് ഔഷധി നേടിയത്. പരിപാടിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി കെ രാജൻ, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

എഐ കാമറ സഹായിച്ചു
?️എഐ കാമറ തുടർച്ചയായി ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയതോടെ ഒരുവർഷം മുമ്പ്‌ മോഷണംപോയ സ്‌കൂട്ടർ ഉടമയ്‌ക്ക്‌ തിരിച്ചുകിട്ടി. വെള്ളായണി പുഞ്ചക്കരി സ്വദേശി ഷിജുവിന്റെ കെഎൽ 01 ബിഎച്ച്‌ 9944 എന്ന സ്‌കൂട്ടറാണ്‌ തിരികെ കിട്ടിയത്‌. 2022 സെപ്‌തംബറിൽ ചാലയിൽവച്ചാണ്‌ മോഷണം പോയത്. പൊലീസ്‌ അന്വേഷണം നടത്തുന്നതിനിടെ ഉടമയുടെ ഫോണിലേക്ക്‌ നിയമലംഘനത്തിനുള്ള സന്ദേശം ലഭിച്ചതാണ്‌ വഴിത്തിരിവായത്‌.

വന്ദേഭാരതിനുനേരെ വീണ്ടും കല്ലേറ്
?️താനൂർ റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറുണ്ടായതായി പരാതി. തിങ്കൾ വൈകിട്ട് താനൂർ സ്റ്റേഷന് സമീപത്തുള്ള സിഗ്നൽ മറികടക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. ലോക്കോ പൈലറ്റ് ഉടൻ ഷൊർണൂർ സ്റ്റേഷനിൽ വിവരമറിയിച്ചു. കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും അറിവായിട്ടില്ല. മുമ്പും സമാനരീതിയിൽ താനൂരിൽനിന്ന്‌ വന്ദേഭാരതിനുനേരെ കല്ലേറുണ്ടായിരുന്നു. അന്വേഷണത്തിനൊടുവിൽ പിടിയിലായവർ കളിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിട്ടയക്കുകയായിരുന്നു.

നൈജറിൽ കുടുങ്ങിയ മലയാളികൾക്ക് കൈത്താങ്ങായി ഡബ്ല്യുഎംഎഫ്
?️ആഭ്യന്തര കലാപം നടക്കുന്ന വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ നൈജറിൽ കുടുങ്ങിയ ഏഴ് മുതിർന്നവരും ഒരു കൈകുഞ്ഞും അടങ്ങുന്ന എട്ട് പേരുടെ സംഘം കഴിഞ്ഞ ദിവസം അയൽരാജ്യമായ ബെനിൻ റിപ്പബ്ലിക്കിൽ എത്തിച്ചേർന്നു. വേൾഡ് മലയാളീ ഫെഡറേഷനും (ഡബ്ല്യുഎംഎഫ്) ഇന്ത്യൻ കൊൺസുലേറ്റുമാണ് ഈ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്. ഓഗസ്റ്റ് 16 ബുധനാഴ്ച്ച യാത്ര തുടങ്ങിയ ഈ സംഘം നൈജറിന്‍റെ തലസ്ഥാനമായ നിയമെയിൽ നിന്നും ഏകദേശം 1100 കി.മീ ദൂരമുള്ള റോഡ് മാർഗമാണ് ബെനിന്‍റെ വാണിജ്യ തലസ്ഥാനമായ കോട്ടോനൗവിൽ എത്തിച്ചത്.

നടിയെ ആക്രമിച്ച കേസ്: ദിലീപന്‍റെ ആവശ്യം കോടതി തള്ളി
?️ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്രതി ദിലീപ് നൽകിയ തടസ ഹ​ര്‍ജി കോടതി തള്ളി. കോ​ട​തി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്ന​ വിഷയത്തിൽ വാ​ദം നി​ര്‍ത്തി​വയ്​ക്ക​ണ​മെ​ന്നായിരുന്നു ആ​വ​ശ്യം.
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച ശേ​ഷം മാ​ത്ര​മേ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​വൂ​യെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

പുലിക്കളിക്ക്‌ കൊടിയേറി
?️കോർപറഷന്റെ നേതൃത്വത്തിൽ നടത്താറുള്ള പുലിക്കളിക്ക്‌ മേയർ എം കെ വർഗീസ് കൊടിയേറ്റി. നടുവിലാലിൽ ചെണ്ടയിൽ പുലി താളം കൊട്ടിയാണ്‌ കൊടിയേറ്റിയത്‌. കൗൺസിലർമാരായ എ ആർ രാഹുൽനാഥ്, പൂർണിമ സുരേഷ്‌, പുലിക്കളി സംഘങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സെപ്‌തംബർ ഒന്നിനാണ്‌ സ്വരാജ് റൗണ്ടിൽ പുലികളിറങ്ങുന്നത്‌. ഇത്തവണ അഞ്ച്‌ പുലിക്കളി സംഘങ്ങളാണ് രജിസ്റ്റർ ചെയ്തത്.

വിക്രം ലാൻഡറിനെ സ്വാഗതം ചെയ്ത് ചന്ദ്രയാൻ-2
?️ചന്ദ്രയാൻ-3യിലെ ലാൻഡർ മൊഡ്യൂളായ വിക്രം, മുൻ ദൗത്യമായ ചന്ദ്രയാൻ-2വിന്‍റെ ഓർബിറ്റർ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചു. ചന്ദ്രയാൻ-2വിന്‍റെ ഭാഗമായി അയച്ച ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാതെ ഇടിച്ചിറങ്ങിയെങ്കിലും, ഓർബിറ്റർ മൊഡ്യൂൾ ഇപ്പോഴും വിജയകരമായി ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്.
ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-2വിലെ ഓർബിറ്ററായ പ്രധാൻ ( PRADAN ) ഉള്ളത്. ഇതിൽ നിന്ന് ചന്ദ്രയാൻ-3യുടെ ലാൻഡർ മൊഡ്യൂളിലേക്ക് സ്വാഗത സന്ദേശം ലഭിച്ചതായി ഐഎസ്ആർഒ തന്നെയാണ് അറിയിച്ചത്.

വരാനിരിക്കുന്നത് കർഷകന് സമൂഹത്തിൽ മികച്ച സ്ഥാനവും വിലയുമുള്ള കാലം: മമ്മൂട്ടി
?️കർഷകന് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനവും നിലയും വിലയും ഉണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്ന് നടൻ മമ്മൂട്ടി. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശേരി കാർഷികോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവരസാങ്കേതികവിദ്യ എത്ര വളർന്നാലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലമായാലും ആത്യന്തികമായി ബഹുമാനമുള്ളവനായി വരുംകാലത്ത് കാണാൻ പോകുന്നത് കർഷകനെയാണ്. മറ്റുള്ള ഏത് തൊഴിലിനേക്കാളും ഭക്ഷണം ഉല്പാദിപ്പിക്കുന്നവരാണ് സമൂഹത്തിൽ ഏറ്റവും ബഹുമാന്യനെന്നും മമ്മൂട്ടി പറഞ്ഞു.

ഗവർണർക്കെതിരെ നിയമനടപടിക്കില്ല
?️ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ തത്കാലം നിയമനടപടിക്കില്ല. നിർണായ ബില്ലുകളിൽ ഒപ്പിടാത്ത നടപടിയിൽ കോടതിയെ സമീപിക്കാൻ നിയമോപദേശം തേടിയെങ്കിലും ഗവർണറെ പിണക്കേണ്ടെന്നാണ് ധാരണ. ഗവർണർക്കെതിരെ നടത്തുന്ന തുറന്നയുദ്ധം കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നും സർക്കാർ വിലയിരുത്തുന്നു.

27 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി
?️ഗുജറാത്തിൽ ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി. 27 ആഴ്ച പ്രായമുള്ള ഗർഭം അവസിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ ആരോഗ്യത്തിനു ഭീഷണിയല്ലെന്ന മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.‌

റോഡിലെ കുഴിയടയ്ക്കാൻ ബംഗളൂരു ടെക്കി 2.7 ലക്ഷം രൂപ ലോണെടുത്തു
?️റോഡിലെ കുഴിയടയ്ക്കാൻ സർക്കാരിന്‍റെ ഭാഗത്തുനിന്നു നടപടികളുണ്ടാകാത്തതിനെത്തുടർന്ന് ബംഗളൂരുവിൽ ഒരു ടെക്നോക്രാറ്റ് 2.7 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു.
‘സിറ്റിസൻസ് ഗ്രൂപ്പ്, ഈസ്റ്റ് ബംഗളൂരു’ എന്ന സംഘടനയുടെ സ്ഥാപകനായ ആരിഫ് മുദ്ഗലാണ് വായ്പയെടുത്തിരിക്കുന്നത്. ഇതിനൊപ്പം, സംഘടനയിലെ അംഗങ്ങളുടെ സംഭാവന കൂടി സ്വീകരിച്ച് സ്വന്തം നിലയ്ക്ക് റോഡ് നന്നാക്കാനാണ് തീരുമാനം.

നിയമന കുംഭകോണം; ബംഗാൾ സർക്കാരിന്‍റെ ഹർജി സുപ്രീം കോടതി തള്ളി
?️സ്കൂൾ നിയമന കുംഭകോണ കേസിൽ മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിയുടെ ഹർജി തള്ളി സുപ്രീം കോടതി. സിബിഐ, ഇഡി അന്വേഷണങ്ങൾ തടയേണ്ടെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരേ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

ഏഷ്യ കപ്പ് ടീം പ്രഖ്യാപിച്ചു; രാഹുലും ശ്രേയസും തിരിച്ചെത്തി, സഞ്ജു റിസർവ്
?️ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. പരുക്കിൽനിന്നു മുക്തരായ കെ.എൽ. രാഹുലിനെയും ശ്രേയസ് അയ്യരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അയർലൻഡിനെതിരായ ട്വന്‍റി20 പരമ്പര കളിച്ച ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും പ്രസിദ്ധ് ഏകദിന ടീമിൽ തിരിച്ചെത്തി.അതേസമയം, കേരള താരം സഞ്ജു സാംസണെ പതിനേഴംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. റിസർവ് കളിക്കാരനായാണ് ടീമിൽ ലിസ്റ്റിൽ ഇടം നൽകിയിരിക്കുന്നത്. വിക്കറ്റ് കീപ്പർമാരായ രാഹുലും ഇഷാൻ കിഷനും ടീമിലുള്ള സാഹചര്യത്തിലാണ്, കിട്ടിയ അവസരങ്ങൾ മുതലാക്കാനാവാതെ പോയ സഞ്ജു അവഗണിക്കപ്പെട്ടത്. ഏകദിന ക്രിക്കറ്റിൽ നിരന്തരം പരാജയപ്പെട്ടിട്ടും സൂര്യകുമാർ യാദവ് സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

ചെസ് ലോകകപ്പിൽ ഇന്ത്യയുടെ പ്രജ്ഞാനന്ദ ഫൈനലില്‍
?️ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്‍സേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമെരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിൽ എത്തിയത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ പ്രജ്ഞാനന്ദയുടെ എതിരാളി.ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞാനന്ദ. ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്‍റെ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രജ്ഞാനന്ദ.