ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി വേണ്ടെന്ന് തീർപ്പ്
?️അഴിമതിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി വേണ്ടെന്ന വിധിക്ക് മുന്‍കാല പ്രബല്യം. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റേതാണ് നിർണായക വിധി. അഴിമതി കേസിൽ ജോയന്‍റ് സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തണമെങ്കിൽ കേന്ദ്രത്തിന്‍റെ അനുമതി വേണമെന്ന ഡൽഹി പൊലീസ് ആക്‌ടിലെ വകുപ്പ് 2014 മെയിൽ സുപ്രീംകോടതി എടുത്ത് കളഞ്ഞിരുന്നു. വിധിക്കു മുന്‍പ് നടന്ന അറസ്റ്റുകൾ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി വീണ്ടും പരിശോധന നടത്തിയത്.
എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങളുടെ അറസ്റ്റ് തടഞ്ഞു
?️മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കെതിരേയുള്ള കേസിൽ സെപ്റ്റംബർ 15 വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എഡിറ്റേഴ്സ് ഗിൽഡിന്‍റെ ഹർജി പരിഗണിച്ച് അറസ്റ്റിൽ നിന്നുള്ള സംരക്ഷണത്തിന് സമയം നീട്ടി നൽകിയത്.
കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
?️കാട്ടാക്കടയിൽ പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജൻ (41) ആണ് പിടിയിലായത്. കേരള – തമിഴ്നാട് അതിർത്തി മേഖലയിൽ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ പിടിയിലായത്. പൂവച്ചല്‍ സ്വദേശിയായ ആദിശേഖർ(15) ആണ് മരിച്ചത്.
കനേഡിയൻ പ്രധാനമന്ത്രിക്ക് മടങ്ങാനായില്ല
?️വിമാനത്തിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതു മൂലം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇന്ത്യയിൽ നിന്ന് മടങ്ങാനായില്ല. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ട്രൂഡോയും സംഘവും പ്രശ്നം പരിഹരിക്കുന്നതു വരെ ഇന്ത്യയിൽ തുടരും.
വാഹനാപകടത്തിൽ ഏഴ് സ്‌ത്രീകൾ മരിച്ചു
?️തമിഴ്‌നാട് തിരുപ്പത്തൂരിൽ വാഹനാപകടത്തിൽ ഏഴ് സ്‌ത്രീകൾ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. ബംഗളൂരു- ചെന്നൈ ദേശീയ പാതയിലായിരുന്നു അപകടം. കർണാടകയിൽ തീർഥയാത്രയ്‌ക്ക് പോയ ശേഷം മടങ്ങിയിരുന്ന സംഘത്തിലുള്ളവരാണ് മരിച്ചത്. മിനി ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് വാഹനം പാതയോരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ട ശേഷം ഡ്രൈവർ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ ലോറി ബസിൽ ഇടിക്കുകയായിരുന്നു.
സിനിമ, ടെലിവിഷൻ നയത്തിന് ഉടൻ അന്തിമ രൂപം
?️ലിംഗനീതിയും തുല്യതയും ഉറപ്പാക്കിയുള്ള സമഗ്ര സിനിമ, ടെലിവിഷൻ നയത്തിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിന് സംസ്ഥാന വനിതാ കമീഷൻ സംഘടിപ്പിച്ച പൊതുഅദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വീടിന് തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ
?️പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്‍റെ വൈരാഗ്യത്തിൽ വീടിന് തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ. പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി സ്വദേശി പോഞ്ചാലി ശിവന്‍റെ വീടിനാണ് ബേസിൽ കഴിഞ്ഞ ദിവസം തീയിട്ടത്. വീട്ടിൽ പൂട്ട് പൊളിച്ച് അകത്തു കയറി തീവയ്ക്കുകയായിരുന്നു.
യുവതിയെ വീട്ടിൽ കയറി വെട്ടി
?️ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ ലഹരിക്കടിമയായ യുവാവ് വീട്ടിൽ കയറി വെട്ടി. പാമ്പാടുംപാറ സ്വദേശി വിജിത്ത് ആണ് അക്രമം നടത്തിയത്. പരിക്കേറ്റ മുണ്ടിയെരുമ സ്വദേശിയായ യുവതിയെ തേനി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. യുവതി മാത്രമുള്ള സമയത്ത് വിട്ടിലെത്തിയ പ്രതി വീടിന്‍റെ വാതില്‍ ചവിട്ടി തുറന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു.
മാർപാപ്പായുമായി കൂടിക്കാഴ്ച
?️മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വത്തിക്കാനിൽ മാർപാപ്പായുമായി കൂടിക്കാഴ്ച നടത്തി.
എ.സി. മൊയ്തീനെ ചോദ്യം ചെയ്ത് വിട്ടയച്ചു
?️കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും എംഎൽഎയുമായ എ.സി. മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എ.സി. മൊയ്‌തീൻ പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ഇഡിക്ക് മുൻപിൽ ഇനിയും ഹാജരാവുമെന്നും വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നൽകിയെന്നും പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
എസ്ഐക്ക് സസ്പെന്‍ഷന്‍
?️വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതി അടക്കമുള്ള സംഘത്തെ മർദിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെന്‍ഷന്‍. നടക്കാവ് ഗ്രേഡ് എസ്ഐ വിനോദ് കുമാറിനെയാണ് കമ്മീഷണർ സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ
?️ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ ഇന്നലെ രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം 10 മണിയോടെ നിയമസഭാ ചേംബറിൽ സ്പീക്കർ മുന്‍പാകെയായിരുന്നു ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ.
നിലപാട് വ്യക്തമാക്കി ചെന്നിത്തല
?️കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വം ലഭിക്കാതിരുന്നതു സംബന്ധിച്ച് രമേശ് ചെന്നിത്തല ഒടുവിൽ നിലപാട് വ്യക്തമാക്കി. പ്രവര്‍ത്തക സമിതി രൂപീകരണത്തിൽ ഒഴിവാക്കപ്പെട്ടത് തനിക്ക് മാനസിക പ്രയാസമുണ്ടായതായി ചെന്നിത്തല പ്രതികരിച്ചു.
സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരായി
?️പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ തിങ്കളാഴ്ച വീണ്ടും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് സുധാകരന്‍ ഇഡി സംഘത്തിനു മുന്നിൽ എത്തുന്നത്. 6 വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും സുധാകരന് ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിയന്തര പ്രമേയവുമായി ഷാഫി പറമ്പിൽ എംഎൽഎ
?️കേരളത്തിലെ ജനങ്ങൾക്കുവേണ്ടി സുതാര്യമായ പൊതു ജീവിതം നയിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ രൂക്ഷമായ വിമർശനം ഉന്നയിക്കാൻ തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവർ മാപ്പു പറയാതെ കേരളത്തിലെ പൊതു സമൂഹം പൊറുക്കില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
ദല്ലാൾ നന്ദകുമാറിനെ ഇറക്കി വിട്ട ആളാണ് താനെന്ന് മുഖ്യമന്ത്രി
?️ദല്ലാൾ നന്ദകുമാർ തന്നെ വന്ന് കണ്ടെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് നിയമസഭയിൽ ഉന്നിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ദല്ലാൾ നന്ദകുമാറിനെ ഇറക്കി വിട്ട ആളാണ് ഞാൻ. മൂന്നു ദിവസമായപ്പോഴല്ല, മൂന്നു മാസമായപ്പോഴാണ് പരാതി ലഭിച്ചത്. പരാതിയെ രാഷ്ട്രീയ ആയുധമാക്കിയിട്ടില്ല, സതീശനും വിജയനും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നും പരിഹാസ പൂർവം മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങൾക്ക് മറുപടി നൽകി കെ.ബി. ഗണേഷ് കുമാർ
?️സോളാർ പീഡനകേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി നൽകി കെ.ബി. ഗണേഷ് കുമാർ എംഎൽഎ. ”ഗണേഷ് കുമാറിനോ ബാലകൃഷ്ണ പിള്ളയ്ക്കോ ഉമ്മൻ ചാണ്ടിയോട് യാതൊരു വ്യക്തി വൈരാഗ്യവുമില്ല”, സോളാർ കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയിലതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മേൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 2013 മുതൽ ഇന്ന് ഈ നിമിഷം വരെ തനിക്ക് പരാതിക്കാരിയുമായോ അവരുമായി ബന്ധപ്പെട്ടവരുമായോ യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കിൽ അത് തെളിയിക്കണമെന്ന് സിബിഐയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്റ്റോബർ 4ന്
?️വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഒക്റ്റോബർ 4നു വൈകിട്ട് നാലിന് ആദ്യ ചരക്ക് കപ്പല്‍ തീരമണയുമെന്നു തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. ഒക്റ്റോബർ 28നു രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുടര്‍ന്നുള്ള ചരക്ക് കപ്പലുകളുമെത്തും. ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്നു തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രെയ്നുകള്‍ വഹിച്ചുകൊണ്ടാണ് ആദ്യ കപ്പല്‍ എത്തുന്നത്.
കൺസഷൻ പ്രായപരിധി വർധിപ്പിച്ചു
?️സംസ്ഥാനത്ത് വിദ്യാർഥി കൺസഷൻ പ്രായപരിധി വർധിപ്പിച്ചു. 25 വയസായിരുന്ന പ്രായ പരിധി 27 ആയാണ് പുതുക്കി നിശ്ചയിച്ചത്. വിദ്യാർഥികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളും പ്രായാസങ്ങളും പരിഗണിച്ചാണ് കെഎസ്ആർടിസിയുടെ നടപടി.
മലയോര പാത 134 കിലോമീറ്റർ റീച്ചുകളുടെ നിർമാണം പൂർത്തിയായെന്ന് പൊതുമരാമത്ത് മന്ത്രി
?️മലയോര പാത ടെണ്ടർ പ്രകാരം കരാർ നൽകി പ്രവൃത്തിയാരംഭിച്ച 411 കിലോമീറ്റർ റീച്ചുകളിൽ 134 കിലോമീറ്റർ റീച്ചുകളുടെ നിർമാണം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്റിയാസ് നിയമസഭയെ അറിയിച്ചു.
13 ജില്ലകളിലൂടെ കടന്നു പോകുന്ന പദ്ധതിയിൽ ആകെ 1180 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ 794 കിലോമീറ്റർ പാതയും കേരള റോഡ് ഫണ്ട് ബോർഡ് പിഎംയു മുഖേനയാണ് നടപ്പിലാക്കുന്നത്.
മൃതദേഹവുമായി വനം വകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
?️മംഗലംഡാം ഓടംതോട്ടിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചത് വിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനം വകുപ്പിൻ്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാരോപിച്ച് മൃതദേഹവുമായി വനം വകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. ഓടംതോട് കാനാട്ട് വീട്ടിൽ സജീവ് (54) ആണ് മരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 11 ന് ഓടംതോട്ടിലെ തോട്ടത്തിൽ പുലി ചത്ത് കിടന്ന സംഭവുമായി ബന്ധപ്പെട്ട് സജീവിനെ വനം വകുപ്പ് അധികൃതർ ചോദ്യം ചെയ്തിരുന്നു. ഇതിൽ സജീവ് മനോവിഷമത്തിലായിരുനെന്ന് ബന്ധുക്കൾ പറഞ്ഞു.
വിദ്യാർഥികൾക്ക് പ്രീ-മാരിറ്റൽ കൗൺസിലിങ്
?️വിവാഹമോചനവും വിവാഹേതര ബന്ധങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ കോളെജ് വിദ്യാർഥികൾക്കായി പ്രീ-മാരിറ്റൽ കൗൺസിലിങ് നൽകുന്നത് സംബന്ധിച്ച് കോളെജ് വിദ്യാഭ്യാസ ഡയറക്‌ടറോട് നിർദേശം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
പ്രീ-മാരിറ്റൽ കൗൺസിലിങ് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും പരിഗണനാർഹമായ കാര്യമാണെന്നും കമ്മിഷൻ ആക്ടിങ് ചെയർപേയ്സൻ കെ. ബൈജുനാഥ് പറഞ്ഞു.