വാർത്ത പ്രഭാതം

 

*വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി*

?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ഡാമുകളിൽ 30 ശതമാനം വെള്ളം പോലുമില്ല. മഴ പെയ്തില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും മന്ത്രി പറഞ്ഞു. ഡാമിലെ ജല നിരപ്പ് കുറഞ്ഞതിനെത്തുടർന്ന് റെഗുലേറ്ററി കമ്മിഷനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന വൈദ്യുതി ബോർഡ് യോഗം സ്ഥിതി വിലയിരുത്തും.

 

*സ്വാതന്ത്ര്യദിന ആശംസകളുമായി മുഖ്യമന്ത്രി*

?️77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നതെന്നും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി കുറിച്ചു.

 

*ഹര്‍ ഘര്‍ തിരംഗ വെബ്സൈറ്റിൽ സെൽഫി പങ്കു വച്ചത് 8.8 കോടി പേർ*

?️സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ദേശീയ പതാകയ്ക്ക് ഒപ്പമുള്ള സെൽഫി എടുത്ത് ഹര്‍ഘര്‍തിരംഗ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തത് 8.8 കോടി പേർ. ഓഗസ്റ്റ് 13 മുതല്‍ 15 ഉച്ചയ്ക്ക് 12 മണിവരെയായിരുന്നു ഫോട്ടോ അപ്‌ലോഡ് ചെയ്യാനുള്ള സമയം. ദേശീയ പതാകയ്ക്കൊപ്പമുള്ള സെല്‍ഫികള്‍ അപ് ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പൗരന്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

 

*അടുത്ത വർഷം മോദി വീട്ടിൽ പതാക ഉയർത്തുമെന്ന് ഖാർഗെയുടെ മറുപടി*

?️അടുത്ത വർഷം നരേന്ദ്ര മോദി പതാകയുയർത്തുന്നത് വീട്ടിലായിരിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. ഭരണത്തുടർച്ച സൂചിപ്പിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ഖാർഗെ. പ്രധാനമന്ത്രിയുടെ പരാമർശം ധാർഷ്ട്യത്തിന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കുമോ പരാജയപ്പെടുമോ എന്നത് ജനങ്ങളാണ് തീരുമാനിക്കുന്നത്.

 

 

*രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ഛിദ്രശക്തികൾക്കെതിരേ പോരാടണം; മന്ത്രി റോഷി അഗസ്റ്റിൻ*

?️രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ഛിദ്രശക്തികൾക്കെതിരേ ജീവൻ നൽകിയും പോരാടണമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പരേഡിൽ അഭിവാദ്യമർപ്പിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം നേടി 77 വർഷങ്ങൾ കഴിഞ്ഞപ്പോൾ നമ്മുടെ രാജ്യം വളരെയധികം മുന്നേറി. ലോകത്തെ സൂപ്പർപവർ എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം വൈദ്യശാസ്ത്രം വിദ്യാഭ്യാസം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി പ്രാപിച്ചു. നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുകയും നമ്മുടെ സ്വാതന്ത്ര്യം അതേപടി നിലനിർത്തുകയും ചെയ്യേണ്ടത് ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നമ്മുടെ കടമയാണ്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗങ്ങളെ നാം ഓർക്കണമെന്നും മന്ത്രി പറഞ്ഞു.

 

*ഭരണത്തുടർച്ച സൂചിപ്പിച്ച് മോദി*

?️അടുത്ത തവണയും സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പ്രസംഗത്തിനിടെയാണ് മോദി ആത്മവിശ്വാസത്തോടെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് സൂചന നൽകിയത്. 90 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ കുടുംബാംഗങ്ങളെ എന്നാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നത്.അടുത്ത അഞ്ചു വർഷങ്ങൾ രാജ്യത്തിന്‍റെ സുവർണകാലഘട്ടമായിരിക്കുമെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ തുടക്കം കുറിച്ചിരിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം താൻ തന്നെ നിർവഹിക്കുമെന്നും രാജ്യത്തിന്‍റെ നേട്ടങ്ങൾ അടുത്ത തവണ ചെങ്കോട്ടയിൽ ജനങ്ങൾക്കു മുന്നിൽ കൂടുതൽ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

*കള്ളപ്പണം വെളുപ്പിക്കൽ*

?️സിപിഎമിന്‍റെ നികുതിവെട്ടിപ്പ് ആരോപണത്തിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് ആരോപണങ്ങളിൽ ബുധനാഴ്ച മറുപടി പറയുമെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ചിന്നക്കനാലിൽ തനിക്കു ഭൂമിയും വീടുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

 

*വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി*

?️വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ(48), ഭാര്യ സിനിമോൾ (43) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 3 വര്‍ഷം മുമ്പ് കെഎസ്‌ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ശേഷം കക്ക വാരിയാണ് ഉപജീവനം നടത്തിയിരുന്നത്.

 

*കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച സംഭവം*

?️മദ്യപാന സംഘത്തെ പിടികൂടാനെത്തിയ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ 4 പേർ കൂടി അറസ്റ്റിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജുൽ, സനൽ, സംഗീത്,കാർത്തിക് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. 7 അംഗ സംഘമാണ് അത്താഴക്കുന്നിലെ ക്ലബിൽവച്ച് പൊലീസിനെ ആക്രമിച്ചത്. ഇതിൽ 3 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.

 

*മണിപ്പുരിൽ സമാധാനാഭ്യർഥനയുമായി ബിരേൻ സിങ്*

?️മണിപ്പുരിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ പരസ്യമായി സമാധാനാഭ്യർഥനയുമായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. മാപ്പ് നൽകുന്നതിലൂടെയും മറക്കുന്നതിലൂടെയും ഒത്തൊരുമിച്ച് പുരോഗതിയിലേക്കുള്ള പാതയിലേക്ക് നീങ്ങാം. 77ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇംഫാലിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

*മാവോയിസ്റ്റ് ഏറ്റുമുട്ടൽ: 2 ജവാന്മാർക്ക് വീരമൃത്യു*

?️മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 2 ജവാന്മാർക്ക് വീരമൃത്യു. ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്‍ടോയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഝാർഖണ്ഡ് ജാഗ്വാർ ഫോഴ്സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവിടെ ഏതാനും കുറച്ച് ദിവസങ്ങൾക്കു മുമ്പുണ്ടായ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും മരിച്ചിരുന്നു.

 

*സിപിഎമ്മിനെ വിമർശിച്ച് ഷാഫി പറമ്പിൽ*

?️ത്രിപുരയിലെ ബോക്സാനഗർ നിയമസഭാ മണ്ഡലത്തിൽ എംഎൽഎയുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എംഎൽഎയുടെ മകനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ . ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കിയതിനെതിരേ പരിഹാസം ഉന്നയിച്ച ഇടതു പക്ഷത്തിന്‍റെ ഇരട്ടതാപ്പാണിതെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ഫെയ്സ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.

 

*സെന്‍റ് മേരിസ് ബസിലിക്കിയിലെ സംഘർഷം*

?️സെന്‍റ് മേരിസ് ബസിലിക്കിയിലെ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്യായമായ സംഘം ചേരൽ, പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.

 

*അക്ഷയ് കുമാർ ഇന്ത്യൻ പൗരത്വം സ്വന്തമാക്കി*

?️ബോളിവുഡ് താരം അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. സമൂഹമാധ്യമത്തിലൂടെ സ്വാതന്ത്ര്യ ദിനാശംസകകൾ നേർന്നതിനൊപ്പം അക്ഷയ് കുമാർ പൗരത്വ രേഖയും പോസ്റ്റ് ചെയ്തു . താരത്തിന്‍റെ കനേഡിയൻ പൗരത്വം ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഇന്ത്യയാണ് തനിക്കെല്ലാം എന്നും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകിയതായി അടുത്തിടെ ഒരു അഭിമുഖത്തിൽ അക്ഷയ്കുമാർ വ്യക്തമാക്കിയിരുന്നു.

 

*മാസപ്പടി വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന*

?️മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേന്ദ്ര ഏജൻസിക്ക് വേണ്ടി ടാർഗറ്റ് ചെയ്ത റിപ്പോർട്ടാണ് പുറത്തുവിട്ടത്. ഇത് എല്ലാവർക്കും മനസിലാകുന്ന കാര്യമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

*ശ്രീപത്മനാഭൻ്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണ നാണയങ്ങള്‍ പുറത്തിറക്കാനൊരുങ്ങി പത്മനാഭസ്വാമി ക്ഷേത്രം*

?️ശ്രീപത്മനാഭൻ്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണ നാണയങ്ങള്‍ പുറത്തിറക്കാനൊരുങ്ങി പത്മനാഭസ്വാമി ക്ഷേത്രം. ഒരു ഗ്രാം, രണ്ട് ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം വരുന്ന നാണയങ്ങളാണ് പുറത്തിറക്കുക.ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണം ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മിക്കുന്നത്. അതിനാല്‍ പരിമിതമായ നാണയങ്ങള്‍ മാത്രം വില്‍പനക്കുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതിദിന വിപണിവിലയെ ആശ്രയിച്ചിരിക്കും ഭക്തർക്ക് നൽകുക. 17ന് രാവിലെ ക്ഷേത്രത്തിൻ്റെ കിഴക്കേനടയില്‍ ഭരണസമിതി അംഗം ആദിത്യവര്‍മ നാണയം പുറത്തിറക്കും.

 

*ഇടുക്കി ചെറുതോണി അണക്കെട്ടുകൾ ഓഗസ്റ്റ് 31 വരെ സന്ദർശിക്കാം*

?️ഓണം പ്രമാണിച്ച് ഇടുക്കി,ചെറുതോണി അണക്കെട്ടുകൾ ഈ മാസം 31 വരെ സന്ദർശകർക്കായി തുറന്നു നൽകും. രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെയാണ് സന്ദര്‍ശനത്തിന് അനുമതി. അണക്കെട്ടിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടക്കുന്നതിനാൽ ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

 

*വിനേഷ് ഫോഗട്ടിന് പരുക്ക്; ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി*

?️പരിക്കേറ്റതിനെത്തുടർന്ന് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വിനേഷിന് പകരമായി ആന്‍റിം പംഗലിനെ ടീമിൽ ഉൾപ്പെടുത്തി.രണ്ടു ദിവസം മുൻപ് പരിശീലനത്തിനിടെയാണ് താരത്തിന്‍റെ കാൽമുട്ടിന് പരുക്കേറ്റത്. വിശദ പരിശോധനയിൽ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്റ്റർമാർ നിർദേശിച്ചതായി താരം എക്സിലൂടെ( ട്വിറ്റർ) വ്യക്തമാക്കി


.

 

*ഗോൾഡ് റേറ്റ്*

ഗ്രാമിന് 5455 രൂപ

പവന്റെ വില 43640 രൂപ