വാർത്താ പ്രഭാതം

 

◾സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനു തയാറാക്കിയ 43 പേരുടെ പട്ടികയില്‍നിന്ന് രണ്ടാഴ്ചക്കുള്ളില്‍ നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്നു മന്ത്രി ആര്‍. ബിന്ദു നിര്‍ദ്ദേശിച്ചിരിക്കേയാണ് പട്ടിക അന്തിമ പട്ടികയായി പരിഗണിച്ച് നിയമനം നടത്താന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

 

◾സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം. മുഖ്യമന്ത്രി സാംസ്‌കാരികവകുപ്പിനാണു നിര്‍ദേശം നല്‍കിയത്. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടി’ന് അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്നു വിനയന്‍ നേരത്തെ ആരോപിച്ചിരുന്നു.

 

 

◾സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന എംപിമാരുടേയും എംഎല്‍എമാരുടേയും വാഹനങ്ങള്‍ക്കു പിഴയിടുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു. ഇതിനകം പത്ത് എംപിമാര്‍ അടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്കാണു പിഴ ചുമത്തിയത്. കാമറ സ്ഥാപിച്ചതിനു ശേഷം വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ജൂണ്‍ അഞ്ചു മുതല്‍ ഓഗസ്റ്റ് രണ്ടു വരെ 32,42,277 നിയമലംഘനങ്ങള്‍ കണ്ടെത്തി. 15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25.81 കോടി രൂപ ഇ- ചലാന്‍ വഴി ലഭിച്ചു. മന്ത്രി പറഞ്ഞു.

 

◾കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയവും പ്രവര്‍ത്തനശൈലിയും കേരളത്തില്‍ മാതൃകയാക്കണമെന്ന് രാഹുല്‍ ഗാന്ധി. എഐസിസി ആസ്ഥാനത്ത് സംസ്ഥാന നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തനവും അജണ്ടയില്‍ ഊന്നിയുള്ള നീക്കവുമുണ്ടെങ്കിലേ വിജയിക്കൂ. കര്‍ണാടകയില്‍ നേതാക്കള്‍ ഒറ്റക്കെട്ടായിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞു. ഒക്ടോബര്‍ 31 നകം ബൂത്ത് തലം വരെ സംഘടനയെ ശക്തമാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉറപ്പു നല്‍കി.

 

◾തിരൂരങ്ങാടിയില്‍ നാലു വയസുകാരിക്കു ലൈംഗിക പീഡനം. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഗ്വാളിയോര്‍ സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്തു. പീഡിപ്പിക്കപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്നു പറഞ്ഞു കുട്ടിയെ താമസ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

 

 

◾നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണക്കോടതി എട്ടു മാസംകൂടി സാവകാശം തേടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം വേണമെന്നാണ് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ മാസം 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

 

◾വിശ്വാസം സംരക്ഷിക്കാന്‍ സമരങ്ങള്‍ നയിച്ചു തെരുവില്‍ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ വിശ്വാസികള്‍ക്ക് എതിരാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും കണ്ണൂരില്‍ ബാലസംഘത്തിന്റെ പരിപാടിയില്‍ പ്രസംഗിക്കവേ അദ്ദേഹം ചോദിച്ചു.

 

◾സംഘപരിവാറിനേപോലെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോള്‍വാക്കള്‍റേയും തിരിച്ചറിയാന്‍ പറ്റില്ലെങ്കില്‍ എന്തു ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

◾എന്‍എസ്എസിന്റെ നാമജപയാത്രക്കെതിരെ കേസെടുത്തത് ശബരിമല പ്രക്ഷോഭത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേസെടുക്കേണ്ടത് സ്പീക്കര്‍ ഷംസീറിന് എതിരെയാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസ് ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

 

◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

 

◾ലൈഫ് മിഷന്‍ കോഴ കേസില്‍ സുപ്രീംകോടതിയില്‍നിന്ന് ഇടക്കാല ജാമ്യം ലഭിച്ച എം ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങി. ചികിത്സയ്ക്കു മാത്രം രണ്ടു മാസത്തെ ജാമ്യ കാലാവധി ഉപയോഗിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.

 

◾സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം. എട്ട്ുവര്‍ഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രി അവകാശപ്പെടുന്ന 13 ഇനങ്ങളില്‍ പകുതിയും ലഭ്യമല്ല. ചെറുപയര്‍, വന്‍ പയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക്, മല്ലി എന്നിവയ്ക്കാണു ക്ഷാമം.

 

◾ആളുമാറി കേസെടുത്തതിനെത്തുടര്‍ന്ന് പാലക്കാട് കുനിശ്ശേരി സ്വദേശിയും 84 കാരിയുമായ ഭാരതിയമ്മ നാലു വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവം അന്വേഷിച്ച് ഒരു മാസത്തിനകെ റിപ്പോര്‍ട്ടു തരണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പൊലീസ് മേധാവിയോടാണ് നിര്‍ദേശം. 1998 ല്‍ പുതുശ്ശേരി സ്വദേശിയായ വീട്ടുജോലിക്കാരി ഭാരതിക്കെതിരായ കേസില്‍ 2019 ലാണ് ആളുമാറി പൊലീസ് അറസ്റ്റു ചെയ്തത്. സാക്ഷി വിസ്താരത്തിനിടെ ഭാരതിയമ്മ അല്ല യഥാര്‍ത്ഥ പ്രതിയെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചതോടെയാണ് കുറ്റവിമുക്തയായത്.

 

◾കേരളത്തില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളില്‍ കേരളത്തനിമയുള്ള ഭക്ഷണം വേണമെന്നാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംപി റെയില്‍വേ മന്ത്രിക്കു കത്തു നല്‍കി. കേരളത്തില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനില്‍ ഉത്തരേന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ മാത്രം വിതരണം ചെയ്താല്‍ പോരെന്നാണ് ആവശ്യം.

 

◾മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയില്‍ കീഴടങ്ങി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സുദീപിനു ജാമ്യം അനുവദിച്ചു. ശനിയാഴ്ച തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സുദീപിനു നിര്‍ദ്ദേശം നല്‍കി. ഇന്നു സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കെയാണ് കീഴടങ്ങല്‍.

 

◾വ്യാജ മയക്കുമരുന്നു കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്ന ഷീല സണ്ണിയുടെ ചാലക്കുടിയിലെ പുതിയ ബ്യൂട്ടി പാര്‍ലര്‍ മന്ത്രി എംബി രാജേഷ് സന്ദര്‍ശിച്ചു. ഷീല സണ്ണിക്കുണ്ടായ ദുരനുഭവം മനസിലാക്കി അവരെ ഫോണില്‍ ബന്ധപ്പെടുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നെന്ന് മന്ത്രി പറഞ്ഞു.

 

◾ഭിന്നശേഷിക്കാര്‍ക്കു സൗജന്യമായി നല്‍കാനുളള വീല്‍ ചെയറുകള്‍ ചുമട്ടുകൂലി തര്‍ക്കംമൂലം ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇറക്കി. രണ്ടു ലോഡ് സാധനങ്ങള്‍ ഇറക്കാന്‍ 11,000 രൂപയാണ് സിഐടിയു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. 285 പേര്‍ക്കുള്ള ഉപകരണങ്ങള്‍ ഇറക്കാന്‍ 5000 രൂപ നല്‍കാമെന്നും ബ്ലോക്ക് പ്രസിഡന്റ് വി.കെ അനിതയും ഉദ്യോഗസ്ഥഥരും അറിയിച്ചു. 7000 രൂപ തരാതെ ഇറക്കില്ലെന്നു തൊഴിലാളികള്‍ ശഠിച്ചതോടെ പ്രസിഡന്റ് അടക്കമുള്ളവര്‍ ചേര്‍ന്ന് ഇറക്കുകയായിരുന്നു.

 

◾സാഹിത്യകാരനും അധ്യാപകനുമായ ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. കാസര്‍കോട് ചെര്‍ക്കളയിലെ ബേവിഞ്ച സ്വദേശിയാണ്.

 

◾പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീര്‍ (ഷക്കീര്‍ ഇസ്മയില്‍) കൊച്ചിയില്‍ അന്തരിച്ചു. 62 വയസായിരുന്നു.

 

◾സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

 

◾സ്‌കൂള്‍ വിട്ടു വീട്ടിലേക്കു മടങ്ങവെ കാര്‍ അപകടത്തില്‍പ്പെട്ട് എറണാകുളം സ്വദേശിയായ ആറു വയസുകാരി മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി റ്റാക്കിന്‍ ഫ്രാന്‍സിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വര്‍ഗീസിന്റെയും മകളും സീബ് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അല്‍ന റ്റാകിനാണ് മരിച്ചത്.

 

◾വയനാട് ജില്ലയിലെ നിരവില്‍പ്പുഴ കീച്ചേരി കോളനിയില്‍ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത (22) എന്നിവരാണ് മരിച്ചത്. ഒരു ഷാളില്‍ ഇരുവരും തൂങ്ങിയ നിലയിലായിരുന്നു. വിനീത ഗര്‍ഭിണിയായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ജീര്‍ണിച്ചിട്ടുണ്ട്

 

◾ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സര്‍ക്കാരിന്റെ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി പി രാജീവ് കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് എന്നിവര്‍ക്കൊപ്പം കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവു കൈമാറിയത്. ജില്ലാ കളക്ടറുടെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

 

◾ഡല്‍ഹി സംസ്ഥാന സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര വകുപ്പു കൈയടക്കുന്ന ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലാണു പാസാക്കിയത്. സഭയില്‍ ബില്‍ കീറിയെറിഞ്ഞ ആം ആദ്മി പാര്‍ട്ടി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ സ്പീക്കര്‍ സസ്പെന്‍ഡു ചെയ്തു. സുപ്രീം കോടതി വിധിയെ മറികടക്കാനാണ് മോദി സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്.

 

◾ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പ് സര്‍വേയ്ക്ക് അനുവാദം നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ പള്ളിക്കമ്മറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

 

◾മണിപ്പൂരില്‍ കലാപത്തിന്റെ തൊണ്ണൂറാം ദിവസവും വ്യാപക അക്രമം. ബിഷ്ണുപൂരിയില്‍ മെയ്തെയ് ജനക്കൂട്ടം ഐആര്‍ബി ക്യാമ്പ് ആക്രമിച്ച് ആയുധങ്ങള്‍ കൊള്ളയടിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട 35 കുക്കികളുടെ കൂട്ട സംസ്‌ക്കാരം മെയ്തെയ് വിഭാഗക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഹൈക്കോടതി തടഞ്ഞു. ഇംഫാല്‍ വെസ്റ്റിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

 

◾ഡിജിറ്റല്‍ വിവര സുരക്ഷ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പൗരന്‍മാരുടെ വ്യക്തിവിവരങ്ങളില്‍ സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മണിപ്പൂര്‍ വിഷയത്തിലെ ബഹളം നിര്‍ത്തിയാണ് പ്രതിപക്ഷം ബില്ലവതരണത്തെ എതിര്‍ത്തത്.

 

◾രാജസ്ഥാനില്‍ ആടുമേയ്ക്കാന്‍ പോയ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി കൊന്നു. ഭില്‍ലവാരയിലെ ഒരു ഇഷ്ടിക ചൂളയില്‍നിന്നാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

 

◾ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ കൊല്ലപ്പെട്ടു. അബു ഹുസൈനി അല്‍ ഖുറേഷി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷിയെ പുതിയ തലവനായി ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചു. സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഹയാത് താഹിര്‍ അല്‍ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടത്.

 

◾ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാല് റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്. 150 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ കളി മറന്ന മത്സരത്തില്‍ 39 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

 

◾പ്രമുഖ ടയര്‍ നിര്‍മ്മാണക്കമ്പനിയായ എം.ആര്‍.എഫ് ലിമിറ്റഡിന്റെ ജൂണ്‍ പാദത്തിലെ ലാഭം 588.75 കോടി രൂപയാണ്. ഇതോടെ ഓഹരിവില 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാനകാലയളവില്‍ കമ്പനിയുടെ ലാഭം 123.6 കോടി രൂപയായിരുന്നു. തൊട്ടു മുന്‍ പാദത്തിലെ (ജനുവരി-മാര്‍ച്ച്) ലാഭമായ 340.67 കോടി രൂപയുമായി നോക്കുമ്പോള്‍ 72.8% വര്‍ധനയുണ്ട്. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 5,696 കോടി രൂപയില്‍ നിന്ന് 6,440 കോടി രൂപയായി ഉയര്‍ന്നു. 13.06 ശതമാനമാണ് ഉയര്‍ച്ച. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം 1,129 കോടി രൂപയായി. ഒരു മാസക്കാലളവില്‍ 8.52 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 20.86 ശതമാനവുമാണ് എം.ആര്‍.എഫ് ഓഹരികള്‍ നല്‍കിയ നേട്ടം. രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയാണ് എം.ആര്‍.എഫ്. ഇക്കഴിഞ്ഞ ജൂണിലാണ് ചെന്നെ ആസ്ഥാനമായ എം.ആര്‍.എഫിന്റെ ഓഹരി വില 1 ലക്ഷം രൂപയെന്ന നാഴികകല്ല് പിന്നിടുന്നത്. ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ് (42,560 രൂപ), പേജ് ഇന്‍ഡസ്ട്രീസ് (38,720 രൂപ), 3എം ഇന്ത്യ ഇന്ത്യ (28,500 രൂപ ), അബോട്ട് ഇന്ത്യ ലിമിറ്റഡ് (24,560), ശ്രീ സിമന്റ്‌സ് (24,100) എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. ഇന്നത്തെ ഓഹരി വില അനുസരിച്ച് 45,312 കോടി രൂപയാണ് എം.ആര്‍.എഫിന്റെ വിപണി മൂല്യം.

 

◾രാജ്യത്തെ ഞെട്ടിച്ച പബ്ജി പ്രണയ നായിക സിനിമയില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാന്‍ മക്കളുമായി ഇന്ത്യയില്‍ എത്തിയ സീമ ഹൈദറാണ് സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുന്നത്. രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരായ കനയ്യലാലിനെ കൊലപ്പെടുത്തിയത് ആസ്പദമാക്കിയുള്ള ‘എ ടെയ്‌ലര്‍ മര്‍ഡര്‍ സ്റ്റോറി’ എന്ന ചിത്രത്തിനായി ജാനി ഫയര്‍ഫോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ഒരു സംഘം സീമ ഹൈദറിനെ ഓഡിഷന്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് അനധികൃതമായി വന്ന സീമ ഐഎസ്ഐ ഏജന്റ് ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. സിനിമയില്‍ റോ ഏജന്റായാണ് സീമ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സീമയും പങ്കാളിയായ സച്ചിനും സിനിമയുടെ സംവിധായകരായ ജയന്ത് സിന്‍ഹയെയും ഭരത് സിംഗിനെയും കണ്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നാണ് കാമുകനെ തേടി സീമാ ഹൈദര്‍ ഇന്ത്യയിലെത്തിയത്. 2019ല്‍ ഓണ്‍ലൈന്‍ ഗെയിം പബ്ജിയിലൂടെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. മെയ് 13 ന് നേപ്പാള്‍ വഴി ബസില്‍ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

 

◾സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാരിന്റെ മകളായ അഹാനയ്ക്ക് സിനിമയിലേക്കാള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലാണ്. ഇപ്പോഴിതാ വലിയൊരു നേട്ടം കൈവരിച്ച സന്തോഷത്തിലാണ് താരം എത്തിയിരിക്കുന്നത്. യൂട്യൂബില്‍ 10 ലക്ഷം സബ്സ്‌ക്രൈബേഴ്സ് എന്ന നേട്ടമാണ് അഹാന സ്വന്തമാക്കിയിരിക്കുന്നത്. ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിച്ച സന്തോഷം തന്റെ ആരാധകരെ അറിയിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അഹാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ ആണ് വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് അഹാന കയ്യടി നേടി. സിനിമയേക്കാള്‍ സോഷ്യല്‍ മീഡിയയിലാണ് താരം എത്തുന്നത്. കൊച്ചു കൊച്ചു വിഷേശങ്ങളും, സന്തോഷങ്ങളുമെല്ലാം അഹാന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

◾ഹാര്‍ലി ഡേവിഡ്‌സണ്‍ ഒരു പുതിയ 440 സിസി ബൈക്കിന്റെ പണിപ്പുരയിലാണ്. അത് ഹാര്‍ലി ഡേവിഡ്‌സണ്‍ നൈറ്റ്സ്റ്റര്‍ 440 ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഹാര്‍ലി ഡേവിഡ്‌സണിന്റെയും ഹീറോ മോട്ടോകോര്‍പ്പിന്റെയും പങ്കാളിത്തത്തിന്റെ മറ്റൊരു ഉല്‍പ്പന്നമായിരിക്കും. നൈറ്റ്സ്റ്റര്‍ 440 നെയിം ടാഗ് അടുത്തിടെ ഇന്ത്യയില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ വ്യാപാരമുദ്രയ്ക്കായി ഫയല്‍ ചെയ്തു. ഇതാദ്യമായല്ല ഹാര്‍ലി-ഡേവിഡ്‌സണിന് നൈറ്റ്സ്റ്റര്‍ മോണിക്കര്‍ ലഭിക്കുന്നത്. പാന്‍ അമേരിക്കയുടെ 1,250 സിസി എഞ്ചിനില്‍ നിന്ന് ഉരുത്തിരിഞ്ഞ 975 സിസി ലിക്വിഡ് കൂള്‍ഡ് വി-ട്വിന്‍ പവര്‍ നല്‍കുന്ന വലിയ ലിക്വിഡ് കൂള്‍ഡ് നൈറ്റ്സ്റ്റര്‍ ഇതിനോടകം തന്നെ വിപണിയില്‍ ഉണ്ട്. ഹാര്‍ലിയുടെ ‘സ്‌പോര്‍ട്’ ലൈനപ്പിന് കീഴിലാണ് ഈ ബൈക്ക് വരുന്നത്. അതിനാല്‍, ഹീറോയുടെയും ഹാര്‍ലിയുടെയും വരാനിരിക്കുന്ന നൈറ്റ്സ്റ്റര്‍ 440 എക്സ്440 നേക്കാള്‍ സ്‌പോര്‍ട്ടിയര്‍ മോട്ടോര്‍സൈക്കിളായിരിക്കും. ഹാര്‍ലി-ഡേവിഡ്‌സണും ഹീറോ മോട്ടോകോര്‍പ്പും ചേര്‍ന്ന് വികസിപ്പിച്ച രണ്ടാമത്തെ മോഡലായിരിക്കും നൈറ്റ്സ്റ്റര്‍ 440. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത് അടുത്തിടെ പുറത്തിറക്കിയ ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ് 440 യുടെ പുതിയ വേരിയന്റായിരിക്കാം. വരാനിരിക്കുന്ന ഹാര്‍ലി-ഡേവിഡ്‌സണ്‍ നൈറ്റ്സ്റ്റര്‍ 440, എക്സ്440ന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, ഡിസൈനുകള്‍ ബ്രാന്‍ഡിന്റെ ആഗോള നൈറ്റ്സ്റ്റര്‍ മോഡലുകളില്‍ നിന്നുള്ളതാകാം.