*മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന് ഹിമാചല്‍, വ്യാപക നാശനഷ്ടം; മരണം 50 ആയി*
ഹിമാചലിലെ മേഘ വിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. സോളൻ ജില്ലയിലെ ജാടോണിലാണ് മിന്നൽ പ്രളയമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
ഷിംലയിൽ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി. 12 പേർക്കാണ് അപകടത്തിൽ ജീവന്‍ നഷ്ടമായത്. സോളന്‍ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മേഘ വിസ്ഫോടനമുണ്ടായത്. 7 പേരാണ് അപകടത്തിൽ മരിച്ചത്. ഷിംലയിൽ ശിവക്ഷേത്രം തകർന്ന് 9 പേർ മരിച്ചിരുന്നു.
*സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി ചെങ്കോട്ട*
?️രാജ്യം 77 -മത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ആഘോഷങ്ങൾക്കായി ചെങ്കോട്ടയിൽ വേദി ഒരുങ്ങിക്കഴിഞ്ഞു. കർഷകരും നഴ്സുന്മാരും ഉൾപ്പെടെ 1800 ഓളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. 50 നഴ്സുമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രത്യേക ക്ഷണം ലഭിച്ചതായാണ് വിവരം.
കൂടാതെ, 50 ഖാദി തൊഴിലാളികൾ, അതിർത്തി റോഡുകളുടെ നിർമാണം, അമൃത് സരോവർ, ഹർഘർ ജൽ യോജന എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, 50 വീതം പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തുനിന്നും എഴുപത്തിയഞ്ച് (75) ദമ്പതിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
*സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു*
?️സിആർപിഎഫ് ഉദ്യോഗസ്ഥരായിരുന്ന ദിലീപ്‌കുമാർ ദാസ്, രാജ്‌കുമാർ യാദവ്, ബബ്‌ലു രാഭ, ശംഭു റോയ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി കീർത്തിചക്ര. 2021ൽ ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളാണ് നാലുപേരും. 11 പേർക്ക് ശൗര്യചക്രയും പ്രഖ്യാപിച്ചു. അഞ്ചു പേർക്ക് മരണാനന്തര ബഹുമതിയാണ്. ആകെ 76 സേന മെഡലുകളാണ് 77-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രഖ്യാപിച്ചത്.
*സൗരദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ*
?️ചാന്ദ്ര ദൗത്യം പൂർത്തിയായാലുടൻ സൗരദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ -എൽ1 വിക്ഷേപണത്തിന് സജ്ജമായിക്കഴിഞ്ഞുവെന്നാണ് ഇസ്രോ തിങ്കളാഴ്ച എക്സ് പ്ലാറ്റ്ഫോം വഴി (ട്വിറ്റർ) വ്യക്തമാക്കിയത്. യുആർ റാവു സാറ്റലൈറ്റ് കേന്ദ്രത്തിൽ നിർമിച്ച ശ്രീഹരിക്കോട്ടയിലെ സ്പേസ്പോർട്ടിൽ എത്തിക്കഴിഞ്ഞു. സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആദിത്യ- എൽ1 വിക്ഷേപണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രൊ അധികൃതർ പറയുന്നു.
*ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം*
?️ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി പറഞ്ഞു. ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
*സ്വതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി*
?️എല്ലാ ഇന്ത്യക്കാരും തുല്യരാണെന്നും ഓരോരുത്തർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും കർത്തവ്യങ്ങളുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. 77-ാമത് സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തെ പെൺകുട്ടികൾ എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ പ്രാപ്തരാകണമെന്നും രാഷ്ട്രപതി സ്വതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
*രാജ്യത്തെ വിലക്കയറ്റം ഏറ്റവും ഉയർന്ന നിരക്കിൽ*
?️രാജ്യത്ത് കഴിഞ്ഞ 15 മാസത്തിനിടെ വിലക്കയറ്റം ഏറ്റവും ഉയർന്ന നിരക്കിൽ. ജൂലൈയിൽ വിലക്കയറ്റം 7.44 ശതമാനത്തിലെത്തി. പൊതു ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കളുടേയും പച്ചക്കറികളുടേയും വില ക്രമാതീതമായി ഉയർന്നതാണ് വിലക്കയറ്റത്തിന്‍റെ തോത് ഉയരാന്‍ കാരണമായത്.
*മയക്കുമരുന്ന് കേസിൽ ഇനി പരോളില്ല*
?️മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പ്രതികൾ പരോളിലിറങ്ങി അതേ തെറ്റ് വീണ്ടും ആവർത്തിക്കുന്നുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
*സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുമായി കൊച്ചി മെട്രൊ*
?️സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുമായി കൊച്ചി മെട്രൊ. ചൊവ്വാഴ്ച മെട്രൊ യാത്രക്കുള്ള പരമാവധി യാത്രാ നിരക്ക് 20 രൂപയായിരിക്കും. എല്ലാ ടിക്കറ്റുകളിലും ഇള വുണ്ടാവും. 30 രൂപ ടിക്കറ്റിന് 10 രൂപ ഇളവും 40 ന് 20 ഉം 50 ന് 30 ഉം 60 ന് 40 ഉം രൂപ വീതവും ഇളവു ലഭിക്കും.
*ട്രെയിനുകൾക്ക് നേരെ കല്ലേറ്*
?️കണ്ണൂരിൽ ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവം ആസൂത്രിതമല്ലെന്നും ലഹരി മാഫിയാ സംഘമാകാം ഇതിനു പിന്നിലെന്നും ആർപിഎഫ് നിഗമനം. ലഹരി മാഫിയാ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി പറഞ്ഞു. നേത്രാവതി എക്സ്പ്രസിന് കണ്ണൂരിനും വളപട്ടണത്തിനുമിടയിലും ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിലും കല്ലേറുണ്ടായെന്നാണ് ഞായറാഴ്ച രാത്രി വാർത്ത പ്രചരിച്ചത്. എന്നാൽ ഇരു ട്രെയിനുകൾക്കും കണ്ണൂരിനും വളപട്ടണത്തിനുമിടയിൽ കല്ലേറുണ്ടായെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് ആർപിഎഫ് വ്യക്തമാക്കി.
*എഐ കാമറ: കേരളത്തെ മാതൃകയാക്കാൻ മഹാരാഷ്‌ട്രയും* ?️റോഡപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട് ‘സേഫ് കേരള’ പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്‌ട്രയും. മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് കമീഷണർ വിവേക് ഭിമാൻവറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച സംസ്ഥാനത്ത് എത്തി. കെൽട്രോൺ ആസ്ഥാനത്ത് എത്തിയ സഘം സിഎംഡി എൻ നാരായണമൂർത്തി, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പ്രമോജ് ശങ്കർ എന്നിവരുമായി ചർച്ച നടത്തി.
*തെരുവുനായ ശല്യം രൂക്ഷം*
?️കണ്ണൂരിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. ഒൻപതുവയസുകാരനുൾപ്പെടെ അഞ്ചുപേർക്ക് നായയുടെ കടിയേറ്റു. മദ്രസയിൽ പോവുകയായിരുന്ന മീനോത്ത് അബ്ദുള്ള, മദ്രസ അധ്യാപകൻ ഉവൈസ്, പാലക്കൂൽ സ്വദേശികളായ ദേവി, വിപിൻ, കുഞ്ഞിരാമൻ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്.
*കണ്ണൂരിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർഥിനി മരിച്ചു*
?️പ്ലസ്ടു വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വ (17) ആണ് മരിച്ചത്. ചെറുകുന്നം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ഫാത്തിമ മിസ്‌വ. വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.
*തിരുവനന്തപുരത്ത് 2 വയസുകാരിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമം*
?️കിഴക്കേകോട്ടയിൽ 2 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കുഞ്ഞിന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
*ചങ്ങനാശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക്*
?️ചങ്ങനാശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക്. ചെയർപേഴ്സണായി സ്വതന്ത്ര അംഗം ബീനാ ജോബിയെ തെരഞ്ഞെടുത്തു. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായ ഷൈനി ഷാജിയെയാണ് ബീനാ ജോബി പരാജയപ്പെടുത്തിയത്. 37 അംഗ കൗൺസിലിൽ എൽഡിഎഫിന് സ്വതന്ത്രാംഗത്തിന്‍റേയും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച രണ്ടംഗങ്ങളുടെയും വോട്ടുകൾ അനുകൂലമായി ലഭിച്ചു.
*പുനലൂര്‍ ബൈപാസ്: സര്‍വേ പൂര്‍ത്തിയായി*
?️ദേശീയപാതക്ക് സമാന്തരമായി പുനലൂരില്‍ നിര്‍മിക്കുന്ന ബൈപ്പാസിനായി നടന്നുവന്ന അന്തിമ സര്‍വേ പൂര്‍ത്തിയായി. ജൂണ്‍ 27 -ന് ആരംഭിച്ച സര്‍വേ 28 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് രണ്ടാഴ്ച കൂടി വൈകിയത്.
*ബെവ്കോ ജീവനക്കാർക്ക് പ്രത്യേക നിർദേശം*
?️ഓണക്കാലം എത്തുന്നതോടെ ബിവ്റിജസ് കോർപറഷന്‍റെ ഔട്ട്‌ലറ്റുകളിൽ മദ്യം വിൽക്കുമ്പോൾ ജവാന്‍ റമ്മിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് നിർദേശം. ബ്രാന്‍ഡ് നിർബന്ധം ഇല്ലാത്തവർക്ക് ജവാന്‍ തന്നെ നൽകണമെന്നുള്ളതാണ് പ്രധാന നിർദേശം. ജനപ്രിയ ബ്രാന്‍ഡുകൾ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം ലംഘിച്ച് നഷ്ടം വരുത്തുന്നവരുടെ ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളുണ്ടാകില്ലെന്നും എംഡി മുന്നറിയിപ്പു നൽകി.
*സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ്*
?️ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്നു ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നൽകും. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം – കണ്ടിൻജന്‍റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്.
*അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നവർക്ക് രക്ഷകരായി മന്ത്രി വി.എൻ വാസവനും ജെയ്ക്ക് സി. തോമസും*
?️അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നവർക്ക് രക്ഷകരായി മന്ത്രി വി.എൻ വാസവനും, ജെയ്ക്ക് സി. തോമസും. എറണാകുളം പുത്തൻകുരിശിൽ നിന്നും കോട്ടയത്തേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. റോഡരികിൽ രക്തം വാർന്ന് കിടന്നവരെയാണ് ഇവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്.
*മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു*
?️ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ- ജയകൃഷ്ണന്‍ ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനായിരുന്നു.
*അങ്കണവാടികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും*
?️കളമശേരി മണ്ഡലത്തിലെ ‘അങ്കണവാടികള്‍ക്കൊപ്പം’ പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. 2023-24 അധ്യയന വര്‍ഷത്തിലെ പോഷകസമൃദ്ധം പ്രഭാതം പദ്ധതിയുടെ കളമശേരി മണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ 60 അങ്കണവാടികള്‍ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഇതിനായി 95,61,000 രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
*കളമശേരി കാർഷികോത്സവം*
?️കളമശേരി നിയമസഭാ മണ്ഡലത്തിൽ വ്യവസായ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കളമശേരി കാർഷികോത്സവം’ ആഗസ്റ്റ് 20 മുതൽ 27 വരെ സൗത്ത് കളമശേരി ടി.വി.എസ് ജംഗ്ഷന് സമീപമുള്ള വേദിയിൽ നടക്കും.
*സംസ്ഥാനത്തെ മെഡിക്കൽ കോളെജ് ക്യാമ്പസുകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന*
?️സംസ്ഥാനത്തെ സർക്കാർ സ്വകാര്യ മെഡിക്കൽ കോളെജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന കാന്‍റീനുകളിലും മറ്റ് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന. 102 ഭക്ഷണ ശാലകളിലായാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന നടന്നത്. കാന്‍റീനുകളിലും വിദ്യാർത്ഥികൾക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.