മൂവാണ്ടനിൽ നേട്ടം കൊയ്ത് സിബി ഐസക് കുരിയത്തടം.

നഷ്ട കണക്കു മാത്രം പറയുന്ന കർഷകർക്കിടയിലാണ് പുതുമയാർന്ന കൃഷി രീതികളും വൈവിധ്യമാർന്ന വിളകളുമായി നെന്മാറ വിത്തനശ്ശേരി സിബി ഐസക്ക് കുരിയത്തടം. വർഷം മുഴുവൻ മാങ്ങാ വിളവെടുപ്പിലൂടെ വൻ ആദായം നേടുന്ന രീതിയിൽ മൂവാണ്ടൻ മാവാണ് കൃഷി ചെയ്തിരിക്കുന്നത്. 3 ഏക്കറിലായി 250 മൂവാണ്ടൻ മാവാണ് വർഷം മുഴുവൻ സിബിക്ക് ആദായം നേടിത്തരുന്നത്. കഴിഞ്ഞ 20 വർഷമായി മൂവാണ്ടൻ മാവ് കൃഷി പരീക്ഷണത്തിൽ ആയിരുന്നു സിബി. 20 വർഷം മുമ്പ് നട്ട മൂവാണ്ടൻ മാവിന്റെ ആദായം വർദ്ധിച്ചതോടെ പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് മാവ് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. 20, 15, 10 വർഷം എന്നിങ്ങനെ പല പ്രായത്തിലുള്ള മാവുകളാണ് 58 കാരനായ സിബിയുടെ കൃഷിയിടത്തിലുള്ളത്. മൂവാണ്ടൻ മാവായതിനാൽ സാധാരണ മാങ്ങ വിളവെടുപ്പ് കഴിഞ്ഞതിനു ശേഷം മാങ്ങ ഇല്ലാത്ത സീസണിലും വിളവ് തരുന്നതിനാൽ സീസണിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന വിലയിൽ മാങ്ങ വില്പനയിലൂടെ നല്ല ആദായം ലഭിക്കുന്നുണ്ടെന്ന് സിബി പറഞ്ഞു. മൂവാണ്ടൻ മാവ് തോട്ടം കൃഷിയായി സാധാരണ നടത്താറില്ലാത്തത് ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് തോട്ടമായി സിബി പരിപാലിച്ചു വരുന്നത്. ഇതാണ് കൂടുതൽ ആധായത്തിന് പുതിയ വഴിതുറന്നു നൽകിയത്. സാധാരണ വീട്ടുവളപ്പുകളിലും കൃഷിയിടങ്ങളിലും എല്ലാം സീസണുകളിലും ഫലം തരുന്ന ഒന്നോ രണ്ടോ മൂവാണ്ടൻ മാവാണ് ഉണ്ടാവാറുള്ളത്. വളരെ ചെറുപ്രായത്തിൽ തന്നെ ആദായം തരുന്നതിനാലും കൂടുതൽ ശുശ്രൂഷ വേണ്ടാത്തതിനാലും മെച്ചപ്പെട്ട സ്ഥിര വരുമാനവും ഇതിലൂടെ ലഭിക്കുന്നു. കൂടാതെ നെല്ല്, തെങ്ങ്, പച്ചക്കറി തുടങ്ങിയ പരമ്പരാഗത കൃഷിയും നടത്തുന്നുണ്ട്. വേറിട്ട കൃഷി മുറകൾ പരീക്ഷിച്ച വിജയം കണ്ടെത്തുന്നതിലും വൈവിധ്യകൃഷി നടത്തുന്നതിലും സിബിയെ കൃഷിവകുപ്പ് അധികൃതരും നെന്മാറ പഞ്ചായത്ത് തലത്തിലും മികച്ച കർഷകനായി ആദരിച്ചിട്ടുണ്ട്. 42 വർഷമായി പ്രദേശത്ത് കൃഷി നടത്തുന്ന സിബി വൈവിധ്യമായ വിളകളും കൃഷിപരീക്ഷണത്തിലും തന്റെ കാർഷിക മികവ് തെളിയിച്ചത്. ഭാര്യ പ്രസന്നയും മകൻ ആൻഡ്രൂസ് കുരിയത്തടം എന്നിവരും കൃഷിയിൽ സഹായിക്കുന്നുണ്ട്. മകൾ തളിപ്പറമ്പിൽ നഴ്സിംഗ് പഠിക്കുന്നു.