തിരുവനന്തപുരം: കല്ലാർ – മീൻമുട്ടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. വെള്ളച്ചാട്ടം കാണാനെത്തിയവരാണ് കുടുങ്ങിയത്. 20 ഓളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
മീൻമുട്ടി വനത്തിൽ നിന്നും ഒഴുകി വരുന്ന ചെറിയ തോട് കരകവിഞ്ഞൊഴുകിയതോടെയാണ് തോടിന്റെ മറുകരയിൽ നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിയത്. സമീപത്തെ നാട്ടുകാരും ഗാർഡുകളും ചേർന്ന് സഞ്ചാരികളെ ഇക്കരെ എത്തിക്കുന്നുണ്ട്.
രാവിലെ മുതൽ പ്രദേശത്ത് ചെറിയതോതിൽ മഴ പെയ്യുന്നുണ്ട്. എന്നാൽ വനത്തിനുള്ളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അതാണ് തോട് നിറയാൻ കാരണമായത്. വൈകിട്ട് 4 മണിയോടെയാണ് തോട്ടിൽ വെള്ളം കയറിയത്.