തൃശൂര്‍ കുന്നംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പൊലീസ് പിടിയില്‍.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, കുന്നംകുളം പൊലീസും ചേര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
അഞ്ചു ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍, കൊല്ലം പട്ടിത്താനം സ്വദേശിനി സുരഭി, പാലക്കാട് കൂറ്റനാട് സ്വദേശികളായ ഷഫീഖ്, അനസ്, എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കുന്നംകുളം മേഖലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പന നടത്താന്‍ വേണ്ടിയാണ് പ്രതികള്‍ ലഹരി മരുന്നു കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
രണ്ടു ദിവസത്തോളമായി കുന്നംകുളത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് ഇവര്‍ ലഹരി വില്‍പന നടത്തിവരികയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കുന്നവരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ നാലു പെണ്‍കുട്ടികളെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡ് കുന്നംകുളത്ത് നിന്ന് പിടികൂടിയത്.