സംഭവം ഇന്നലെ വൈകീട്ട് ഹോട്ടൽ ഡയാനക്കു സമീപം
വടക്കഞ്ചേരി:ഫ്ലാറ്റിന്റെ മതിൽ ചാടികടന്ന് വന്ന് ഫ്ളാറ്റ് ഉടമക്കുനേരെ യുവാക്കളുടെ അസഭ്യവർഷവും ഭീഷണിയും. ഹോട്ടൽ ഡയാനക്കു പുറകിൽ ഉല്ലാസ് നഗർ സെക്കൻ്റ് സ്ട്രീറ്റിലെ ഒരപ്പുഴിക്കൽ സരിൻ ജോസിന്റെ ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ഫ്ലാറ്റിന്റെ വാടക വിവരങ്ങൾ ചോദിച്ചാണ് ഇവർ ഗേറ്റിനു മുന്നിലെത്തിയതെന്ന് സരിൻ പറഞ്ഞു. യുവാക്കളെ കണ്ട് മുന്നിൽ ജോലി ചെയ്തിരുന്ന സരിൻ ഗെയ്റ്റിനടുത്ത് ചെന്നപ്പോൾ സംഘത്തിലെ ഒരാൾ എത്തി പിടിച്ച് മർദ്ദിക്കാൻ തുടങ്ങി.സരിൻ്റെ കഴുത്തിൽ സ്വർണമാലയുണ്ടായിരുന്നു. പന്തിക്കേട് തോന്നിയപ്പോൾ സരിൻ പുറകോട്ട് കുതറി മാറി. ഈ സമയം തെറിവിളിച്ചും ഭീഷണിയുമായി യുവാക്കൾ മതിൽ ചാടികടന്ന് പാഞ്ഞെത്തി. കല്ലെറിഞ്ഞെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ അപകടം ഒഴിവായി. ഭയന്ന സരിൻ ശബ്ദം ഉണ്ടാക്കിയതോടെ സമീപവാസികൾ ഓടിയെത്തി. അപ്പോഴേക്കും യുവാക്കൾ റോഡിൽ കടന്ന് ഭീഷണി മുഴക്കി സ്ഥലത്തെത്തിയ ഒരു ബൈക്കിൽ തന്നെ മൂന്നുപേരും കൂടി രക്ഷപ്പെടുകയായിരുന്നു. നീല പൾസർ ബൈക്കിലാണ് ഇവർ എത്തിയിരുന്നത്. യുവാക്കളുടെ ഉദ്ദേശം എന്തായിരുന്നെന്ന് ദുരൂഹമാണ്. സംഭവം സംബന്ധിച്ച് സരിൻ ജോസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ചിത്രം
ഫ്ളാറ്റിൻ്റെ ഗെയ്റ്റിനു മുന്നിൽ നിന്ന് ഭീക്ഷണി മുഴക്കുന്ന യുവാക്കൾ