പാലക്കാട് : മണ്ണാര്‍ക്കാട് സ്വദേശിയായ ഐസിസ് ഭീകരൻ അലനല്ലൂര്‍ കാട്ടുകുളം ഇരട്ടപ്പുലാക്കല്‍ വീട്ടില്‍ സഹീര്‍ തുര്‍ക്കിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു.
തൃശൂരിലെ ഐസിസ് കേസില്‍ പിടിയിലായ മുല്ലശ്ശേരി പാടൂര്‍ അയിത്താണ്ടിയില് വീട്ടില്‍ സയ്യിദ് നബീല്‍ അഹമ്മദിന്റെ കൂട്ടാളിയാണ് ഇയാള്‍. ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. സൈബര്‍ തെളിവുകളും കണ്ടെടുത്തു.
നബീല്‍ അഹമ്മദിന് വ്യാജ സിം കാര്‍ഡും പണവും നല്കി ഒളിവില്‍ പോകാൻ സഹായിച്ചത് സഹീറാണത്രെ. നബീലിനെ പത്തുദിവസം ഒളിവില്‍ താമസിപ്പിച്ച അവനൂരിലെ ലോഡ്ജില്‍ നിന്ന് രേഖകളും കണ്ടെടുത്തു. നബീലില്‍ നിന്നാണ് സഹീറിന്റെ വിവരം ലഭിച്ചത്.
എൻ.ഐ.എ പറയുന്നത്:
താലിബാൻ മാതൃകയില്‍ സംസ്ഥാനത്തും ഐസിസ് ഗ്രൂപ്പ് രൂപീകരിക്കാൻ മലയാളികള്‍ ഉള്‍പ്പെട്ട സംഘം ശ്രമിച്ചിരുന്നു. പെറ്റ് ലവേഴ്സ് എന്ന പേരില്‍ ടെലിഗ്രാം സൃഷ്ടിച്ച സംഘം സംഘടനയ്ക്ക് ഫണ്ട് സ്വരൂപിക്കാനായി പാലക്കാട്ട് എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് 30 ലക്ഷം കൊള്ളയടിച്ചാണ് തുടക്കം. തൃശൂര്‍, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങളും സഹകരണ ബാങ്ക് ഉള്‍പ്പെടെ വൻകിട ബാങ്കുകളും സ്ഥാപനങ്ങളും കൊള്ളയടിക്കാനും ഒരു ക്രിസ്ത്യൻ മതപുരോഹിതനെ വധിക്കാനും പദ്ധതികള്‍ തയ്യാറാക്കിയതിന്റെ വിവരങ്ങളും ഫോണ്‍ പരിശോധനയില്‍ ലഭിച്ചു. ചില ആര്.എസ്.എസ് നേതാക്കളെയും ലക്ഷ്യമിട്ടിരുന്നു.
ഖത്തറില്‍ ജോലി ചെയ്തിരുന്ന നബീല്‍, സുഹൃത്ത് മുല്ലശ്ശേരി സ്വദേശി ആഷിഫ് തുടങ്ങി ഖത്തറിലെ അഫ്ഗാൻ, സിറിയൻ സുഹൃത്തുക്കള്‍ വഴിയാണ് ഐസിസ് ഭീകരരുമായി അടുപ്പം സ്ഥാപിച്ചത്. നാട്ടില്‍ മടങ്ങിയെത്തിയ നബീല്‍ അഹമ്മദാണ് നേതൃത്വം നല്‍കിയത്. യുവാക്കളെ ആകര്‍ഷിക്കുകയും ആയുധപരിശീലനം നല്‍കുകയും ചെയ്തതിന്റെ തെളിവുകളും നബീലിന്റെ ഫോണില്‍ നിന്ന് ലഭിച്ചു.
സഹീര്‍ ഉള്‍പ്പെടെ കേസില്‍ ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലായി. സത്യമംഗലത്ത് നിന്ന് ആഷിഫ്, പാലക്കാട് നിന്ന് റായിസ്, തൃശൂര്‍ കാട്ടൂരില്‍ നിന്ന് ഷിയാസ്, ചെന്നൈയില്‍ നിന്ന് നബീല്‍ അഹമ്മദ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.