വടക്കഞ്ചേരി: മംഗലംഡാമില്‍ നിന്നുള്ള മെയിൻ കനാലുകള്‍ വൃത്തിയാക്കാൻ ഇറിഗേഷൻ വകുപ്പിന്‍റെ അടിയന്തര ഇടപെടല്‍. ദിവസങ്ങള്‍ക്കുള്ളില്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ കണ്ടെത്തി കനാല്‍ വൃത്തിയാക്കല്‍ തുടങ്ങി.
മംഗലംഡാമില്‍നിന്നുള്ള ഇടതുകര മെയിൻ കനാലില്‍ ഇന്നലെ അഞ്ച് ജെസിബിയാണ് കനാല്‍ വൃത്തിയാക്കാൻ ഇറക്കിയത്.
കൃഷി ഉണക്കത്തിലായിട്ടും കനാല്‍ വൃത്തിയാക്കി പാടശേഖരങ്ങളില്‍ വെള്ളം എത്തിക്കാൻ ഇറിഗേഷൻ വകുപ്പ് അലംഭാവം കാണിക്കുന്നതിനെതിരെ കര്‍ഷകരില്‍നിന്നു കഴിഞ്ഞ ദിവസങ്ങളിലായി വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
ഫണ്ടില്ലെന്ന കാരണത്താലായിരുന്നു ഈ ഒഴിഞ്ഞുമാറല്‍. രണ്ടാംവിള നെല്‍കൃഷിക്കാണ് സാധാരണ കനാല്‍ വൃത്തിയാക്കല്‍ നടത്തുക. എന്നാല്‍ ഇക്കുറി കാലവര്‍ഷം ഇല്ലാതിരുന്നതിനാല്‍ ഒന്നാം വിളയ്ക്കും തുടര്‍ന്നുള്ള ജലസേചനത്തിനും ഡാമില്‍ നിന്നുള്ള വെള്ളം ആവശ്യമായി വന്നു.
കനാല്‍ വൃത്തിയാക്കാൻ ഇറിഗേഷൻ വകുപ്പ് കാലതാമസം വരുത്തിയപ്പോള്‍ കര്‍ഷകര്‍ തന്നെ പിരിവെടുത്ത് കനാലുകള്‍ വൃത്തിയാക്കുന്ന പണികളില്‍ ഏര്‍പ്പെട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇറിഗേഷൻ വകുപ്പ് കണ്ണുതുറന്നത്. കനാലുകള്‍ വൃത്തിയാക്കാൻ കര്‍ഷകര്‍ സ്വരൂപിച്ച തുക കര്‍ഷകര്‍ക്ക് തിരിച്ചു നല്കാനും വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്.
വെള്ളത്തിന്‍റെ ഒഴുക്കിന് വരുന്ന പ്രധാന തടസങ്ങള്‍ മാറ്റി ഉണക്ക ഭീഷണിയുള്ള പാടശേഖരങ്ങളിലേക്ക് എത്രയും പെട്ടെന്ന് വെള്ളം എത്തിക്കുകയാണ് ലക്ഷ്യം.
കനാലുകളില്‍ വളര്‍ന്നിട്ടുള്ള ചെറുമരങ്ങള്‍ വെട്ടിമാറ്റലും വശങ്ങളിലെ പൊന്തക്കാടുകളുമെല്ലാം പിന്നീട് പൂര്‍ണമായും വൃത്തിയാക്കും. ഡാമില്‍ നിന്നു കൂടുതല്‍ വെള്ളം തുറന്നുവിട്ട് പരമാവധി പാടശേഖരങ്ങളില്‍ വെള്ളം എത്തിക്കും.
മംഗലംഡാം മുതല്‍ കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകള്‍ പിന്നിട്ട് കണ്ണമ്ബ്ര പഞ്ചായത്തിലെ പുളിങ്കൂട്ടം വരെ ഇടതുകര മെയിൻ കനാല്‍ താല്‍ക്കാലികമായി വൃത്തിയാക്കുന്ന പണികളാണ് ദ്രുതഗതിയില്‍ നടക്കുന്നത്. ഇനിയും താഴേക്ക് പുതുക്കോട് പ്ലാഴി വരെയുള്ള ഭാഗത്തേക്ക് 10 കിലോമീറ്റര്‍ ദൂരം കൂടി കനാല്‍ വൃത്തിയാക്കാനുണ്ട്. അതേ സമയം, ചൂടുകാലാവസ്ഥക്ക് പെട്ടെന്ന് മാറ്റം വന്ന് മഴക്കോളുള്ളത് കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.