മംഗലംഡാം : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നീരൊഴുക്ക് വർധിച്ചതോടെ മംഗലംഡാമിലെ ജലനിരപ്പുയർന്നു. 77.88 മീറ്റർ പരമാവധി ശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 77.28 മീറ്ററിലെത്തി. ഇതോടെ രണ്ടാംവിള നെൽക്കൃഷിക്ക് സാധാരണപോലെ 80-90 ദിവസം വെള്ളം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കനാൽ സബ് ഡിവിഷൻ ആലത്തൂർ അസി. എക്സി. എൻജിനീയർ സ്മിത ബാലകൃഷ്ണൻ പറഞ്ഞു.
മഴക്കുറവിനെത്തുടർന്ന് പാടങ്ങൾ വരണ്ടുണങ്ങിയതോടെ മംഗലംഡാമിൽനിന്ന് ഒന്നാംവിളയ്ക്ക് ഒരു മാസത്തിലധികം വെള്ളം നൽകിയിരുന്നു. ഇതേത്തുടർന്ന് രണ്ടാംവിളയ്ക്ക് വെള്ളം നൽകാനാകുമോയെന്ന് ആശങ്കയുയർന്നിരുന്നു. സെപ്റ്റംബറിൽ മഴ ലഭിച്ചതാണ് അനുഗ്രഹമായത്.
പാടങ്ങളിൽ വെള്ളമായതോടെ ഈ മാസം 11-ന് മംഗലംഡാം കനാൽ അടയ്ക്കുകയായിരുന്നു. ഈ സമയത്ത് 75.59 മീറ്ററായിരുന്നു മംഗലംഡാമിലെ ജലനിരപ്പ്.
നിലവിൽ പാടങ്ങളിൽ വെള്ളമുള്ളതിനാൽ ഒന്നാംവിളയ്ക്ക് മംഗലംഡാമിൽനിന്ന് വെള്ളം നൽകേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. കർഷകർ ആവശ്യപ്പെട്ടാൽ നവംബർ ആദ്യയാഴ്ചയിൽത്തന്നെ കനാൽ തുറക്കുമെന്ന് അധികൃതർ പറഞ്ഞു. കനാൽ വൃത്തിയാക്കുന്നതിനുള്ള കരാർ നടപടികളും പൂർത്തിയായിട്ടുണ്ട്.
പ്രധാന കനാലും ഉപകനാലുകളുമാണ് ജലസേചനവകുപ്പ് വൃത്തിയാക്കുക. കാഡ കനാലുകൾ അതത് പഞ്ചായത്തുകളോ കർഷകരോ ചേർന്ന് വൃത്തിയാക്കേണ്ടി വരും. രണ്ടാംവിളക്കാലത്ത് മഴ ലഭിക്കാൻ സാധ്യത കുറവായതിനാലും പൂർണമായി കനാൽ വെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നതിനാലും കർഷകർ മൂപ്പു കുറഞ്ഞ നെൽവിത്തിനങ്ങൾ ഉപയോഗിക്കണമെന്ന് ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു.