പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഹൈക്കോടതി നിർദേശം മുൻനിർത്തി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാലിന്യം തള്ളിയതിന് പൊലിസും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരും പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടി രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കണമെന്ന് 2024 നവംബർ 8ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു.മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് കോടതി ഇടപെടൽ. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് നേരിട്ട് വ്യവസ്ഥയില്ല. എങ്കിലും മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 53 ലെ സബ് സെക്ഷൻ (1) ലെ ക്ലോസ് (എ) പ്രകാരം മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ വ്യവസ്ഥയുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.പൊലിസിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും നിരീക്ഷണ സംവിധാനം കർശനമാക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ഈ സാഹചര്യത്തിൽ നിയമലംഘനം നടത്തി പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കാൻ എല്ലാ രജിസ്‌ട്രേഷൻ/ലൈസൻസിങ് അധികാരികൾക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദേശം നൽകി.