മലമ്പുഴയിൽ ‘പൂക്കാല’ത്തിനു തുടക്കമായിട്ടോ.. സന്ദർശകരെ ഇതിലെ..

ജോജി തോമസ്

മലമ്പുഴ ഡാം ഉദ്യാനത്തിൽ പൂക്കാലം -2025 പുഷ്‌പമേളയുടെ രണ്ടാം പതിപ്പിനു തുടക്കമായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം എ.പ്രഭാകരൻ എംഎൽഎ നിർവഹിച്ചു.

ഉദ്യാനത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പഴയകാല സിനിമകളുടെ സ്ഥിരം ഷൂട്ടിംഗ് കേന്ദ്രമായിരുന്ന ഉദ്യാനത്തിനു പഴയപേരു തിരിച്ചു പിടിക്കാനും ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിനുമായി സർക്കാരും ടൂറിസംവകുപ്പും ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും എംഎൽഎ പറഞ്ഞു.

മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അധ്യക്ഷത വഹിച്ചു. മലമ്പുഴ പഞ്ചായത്ത്, ടൂറിസം, ഇറിഗേഷൻ വകുപ്പ് അധികൃതർ പങ്കെടുത്തു. ഒരാഴ്ച‌ നീണ്ടു നിൽക്കുന്ന പുഷ്പമേള 22 ന് സമാപിക്കും. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടു വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾ 20 രൂപയുമാണ് പ്രവേശന ഫീസ്. ആദ്യ ദിനമായ ഇന്നലെ പാലക്കാട് മിന്ധ്യാ ക്രിയേഷൻസ് അവതരിപ്പിച്ച മ്യൂസിക്കൽ ഷോ നടന്നു.