മലമ്പുഴ ഫ്ലവർ ഷോയോടനുബന്ധിച്ച് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റും മലമ്പുഴ ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ശുചിത്വമിഷനും സംയുക്തമായി എല്ലാ ദിവസങ്ങളിലും സന്ദർശകർക്ക് പ്ലാസ്റ്റിക് മാലിന്യമുക്ത ബോധവൽക്കരണം നൽകുന്ന യജ്ഞത്തിന് തുടക്കം കുറിച്ചു. പ്ളാസ്റ്റിക് വലിച്ചെറിയൽ, കത്തിക്കൽ എന്നിവ മൂലം ജീവജാലങ്ങളും പ്രകൃതിയും നേരിടുന്ന പ്രതിസന്ധികളെ അനാവരണം ചെയ്യുന്ന സന്ദേശമാണ് നൽകുന്നത്. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധികാ മാധവൻ ഉദ്ഘാടനം നിർവഹിച്ചു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ, എ.കെ. ഭവ്യ, എം. ശിവകുമാർ എന്നിവർ പ്രസംഗിച്ചു.