ലോട്ടറി വില്‍പനയുടെ മറവില്‍ മറ്റൊരു തട്ടിപ്പുമായി ഏജന്‍സികള്‍; വ്യാപക റെയ്ഡ്, നടത്തിപ്പുകാര്‍ക്കെതിരെ നടപടി

പാലക്കാട്‌ : അനധികൃത എഴുത്ത് ലോട്ടറികള്‍ക്കെതിരെ പാലക്കാട് വ്യാപക റെയ്ഡ്. തൃത്താല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്.
എഴുത്ത് ലോട്ടറി നടത്തുന്നുവെന്ന് ബോധ്യപ്പെട്ട ഒരു ലോട്ടറി ഏജന്‍സിയുടെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
സംസ്ഥാന ലോട്ടറിയുടെ വില്‍പന നടത്തുന്നതിന്റെ മറവിലാണ് എഴുത്ത് ലോട്ടറികളും നടത്തുന്നതായി വിവരം ലഭിച്ചത്. സാധാരക്കാരന്റെ കൂലി പണം കവരുന്ന എഴുത്തു ലോട്ടറി കാരണം നിരവധി കുടുംബങ്ങള്‍ തകരുന്നുന്നെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധനയെന്ന് പൊലീസ് പറഞ്ഞു. തൃത്താല ജനമൈത്രി പൊലീസ് സ്റ്റേഷൻ ഇൻസ്‍പെക്ടര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപക റെയ്ഡുകള്‍ നടത്തി. എഴുത്തു ലോട്ടറി നടത്തുന്നുവെന്ന് ബോധ്യപ്പെട്ട ആനക്കരയിലെ ശ്രീലക്ഷ്മി ലോട്ടറി ഏജൻസി നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിച്ചു.
തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിലെ ആനക്കര, കുമ്ബിടി, പടിഞ്ഞാറങ്ങാടി, ആലൂര്‍ മേഖലകളിലെ ലോട്ടറി കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡുകള്‍ നടന്നത്. ഇൻസ്‍പെക്ടര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷാജി കെ.എം, സുരേഷ് എന്നിവരുടെ കീഴില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ റെയ്ഡില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാലൻ, ദേവകി, പ്രഭുദാസ്, ബാബു, അബ്ദുള്‍ റഷീദ്, സജിത്ത്, രാകേഷ് എന്നവരാണ് ഉണ്ടായിരുന്നത്.
മറ്റൊരു സംഭവത്തില്‍ എറണാകുളം സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലു പേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ പ്രത്യേക അന്വേഷണസംഘം റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശികളായ ജ്യോതിഷ് കുമാര്‍, മോഹന്‍കുമാര്‍, അജിത് കുമാര്‍, റാഞ്ചി സ്വദേശിയായ നീരജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്ന് 28 മൊബൈല്‍ ഫോണുകള്‍, 85 എടിഎം കാര്‍ഡുകള്‍, 8 സിം കാര്‍ഡുകള്‍, ലാപ്ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും എന്നിവ കൂടാതെ 1.25 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതികളെ റാഞ്ചി കോടതിയില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം കോടതിയില്‍ എത്തിക്കും. സ്നാപ്ഡീലിന്‍റെ ഉപഭോക്താക്കള്‍ക്കായി സ്നാപ്ഡീല്‍ ലക്കി ഡ്രോ എന്ന പേരില്‍ നടത്തിയ നറുക്കെടുപ്പില്‍ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.