റയിൽവേ പ്രൊട്ടക്ഷൻ ഫോറം ലോഗോ പ്രകാശനം പ്രസ് ഫോറം പ്രസിഡന്റ് ടി കെ നാരായണന് നൽകിക്കൊണ്ട് പ്രസിഡന്റ് മാനുവൽ കുറിച്ചിത്താനം നിർവഹിച്ചു.

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും വരുമാനം കൂടുകയും ചെയ്യുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയുമാണ് റെയില്‍വേയിലെ പതിവ്.
എന്നാല്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുകയാണ്. ആദ്യം എന്‍ക്വയറി കൗണ്ടര്‍ നിര്‍ത്തലാക്കി. പിന്നാലെ റിസര്‍വേഷനുള്ള പ്രത്യേക കൗണ്ടര്‍ നിര്‍ത്തലാക്കി. ഇതോടൊപ്പം തന്നെ പാര്‍സല്‍ ബുക്കിങ്ങും പിന്‍വലിച്ചു. നേരത്തെ കാഞ്ഞങ്ങാട് സ്റ്റോപ്പ് ഉണ്ടായിരുന്ന മംഗള -ലക്ഷദ്വീപ് 12618 വണ്ടിയുടെ തെക്കുഭാഗത്തേക്കുള്ള സ്റ്റോപ്പ് നിര്‍ത്തലാക്കി പകരം നീലേശ്വരം സ്റ്റേഷനില്‍ സ്റ്റോപ്പ് ഏര്‍പ്പെടുത്തി. നിലവില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ ആവശ്യത്തിന് ട്രെയിനില്ലാതെ കടുത്ത യാത്രാക്ലേശം അനുഭവിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന 16336 ഗാന്ധിധാം എക്സ്പ്രസ് , 02198/02197 നമ്പര്‍ ജബല്‍പൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ്, 12201/ 12202 ലോകമാന്യ തിലക് -തിരുവനന്തപുരം നോര്‍ത്ത് ഗരീബ്രാദ് എക്സ്പ്രസ്, 16355/ 16356 നമ്പര്‍ തിരുവനന്തപുരം നോര്‍ത്ത് ബാംഗ്ലൂര്‍ ജംഗ്ഷന്‍ അന്ത്യോദയ എക്സ്പ്രസ്, 22149/ 22150 എറണാകുളം സൗത്ത് -പൂനെ ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ്, 19259/ 19260 തിരുവനന്തപുരം നോര്‍ത്ത് ബാവാ നഗര്‍ എക്സ്പ്രസ്, 22113/ 22114 ലോകമാന്യതിലക് തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 16857/ 16858 മംഗലാപുരം പുതുച്ചേരി എക്സ്പ്രസ് തുടങ്ങിയ ഏതാനും വണ്ടികള്‍ക്ക് പുതിയതായി കാഞ്ഞങ്ങാട് സ്റ്റോപ്പ് ഏര്‍പ്പെടുത്തുകയോ ഷോര്‍ണൂര്‍-കണ്ണൂര്‍ എക്സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടുകയോ കണ്ണൂര്‍ വരെയുള്ള എക്സിക്യുട്ടീവ് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടുകയോ ചെയ്താല്‍ യാത്രാക്ലേശത്തിന് ഒരുപരിധിവരെ പരിഹാരമാവും.
ബസ്റ്റാന്‍റിനോട് ചേര്‍ന്ന് കിടക്കുന്ന റെയില്‍വേ സ്റ്റേഷനാണ് കാഞ്ഞങ്ങാട്. പെരിയ കേന്ദ്രസര്‍വ്വകലാശാല, പെരിയ നവോദയ വിദ്യാലയം, ബേക്കല്‍ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം, വിദേശസഞ്ചാരികളുടേതടക്കം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, പ്രകൃതി സ്നേഹികളുടെ ഊട്ടിയായ റാണിപുരം, കോട്ടഞ്ചേരി, കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലക്കാവേരി തുടങ്ങിയ ഇടങ്ങളിലേക്ക് പോകാനും വരാനും സഞ്ചാരികള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. കാണിയൂര്‍ പാത നിലവില്‍ വന്നാല്‍ കാഞ്ഞങ്ങാട് സ്റ്റേഷന്‍ റെയില്‍വേ ജംഗ്ഷനാവാന്‍ സാധ്യതയുള്ളതായും ചൂണ്ടികാണിക്കുന്നു. ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള കാസര്‍കോട് ജില്ലയിലെ ഒട്ടേറെ രോഗികള്‍ ചികിത്സക്ക് പോകാന്‍ ആശ്രയിക്കുന്നതും കാഞ്ഞങ്ങാട് സ്റ്റേഷനെയാണ്. കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ സ്റ്റേഷനിലെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവും. വരുമാനം വര്‍ദ്ധിച്ചാല്‍ സ്റ്റേഷന്‍റെ ഗ്രേഡ് ഉയര്‍ത്തി സമഗ്രവികസനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.


പത്രസമ്മേളനത്തിൽ

മാനുവൽ കുറിച്ചിത്താനം
പ്രസിഡന്റ് സി.കെ. നാസർ കാഞ്ഞങ്ങാട്, ജനറൽ സെക്രട്ടറി അഹ്മദ് കീർമാണി, ട്രഷറർ ദിലീപ് മേടയിൽ, വൈസ് പ്രസിഡന്റ് റസ്സാക്ക് ശങ്കരാചാര്യ, എക്സിക്യൂട്ടീവ് അംഗം തുടങ്ങിയവർ പങ്കെടുത്തു.