പഴയ സ്വർണം തിളക്കം കൂട്ടാമെന്ന് പറഞ്ഞു തട്ടിപ്പ്: കുഴൽമന്ദത്ത് ബിഹാർ സ്വദേശികൾ അറസ്റ്റിൽ

കുഴൽമന്ദം∙ പഴയ സ്വർണം തിളക്കം കൂട്ടാൻ എന്ന വ്യാജേന വീട്ടമ്മയുടെ പക്കൽ നിന്നു സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ബിഹാർ സ്വദേശികളായ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ബിഹാർ അരൈറ ഭട്ടിയാരി സ്വദേശികളായ രൂപ് ലാൽ കുമാർ (30), പ്രഭുകുമാർ (28) എന്നിവരെയാണു കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെ കുഴൽമന്ദം പെരുങ്കുന്നം കോതോട്ടിലെത്തിയ യുവാക്കൾ പഴനിയുടെ മകൾ കമലത്തിന്റെ സ്വർണം തിളക്കം കൂട്ടിത്തരാം എന്നു പറഞ്ഞു രണ്ടു പവൻ സ്വർണം വാങ്ങി രാസലായനിയിൽ ഇട്ടു. തുടർന്ന് സ്വർണത്തിന്റെ നിറം മാറിയതോടെ കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായ കമലം ബഹളം വച്ചു. ഓടിക്കൂടിയ നാട്ടുകാർ യുവാക്കളെ പിടികൂടി പൊലീസിൽ വിവരമറിയിച്ചു. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.