വടക്കഞ്ചേരി: ഒരിടവേളയ്ക്കുശേഷം മഴ ലഭിച്ചതോടെ കാര്‍ഷിക മേഖലകളിലെ കൃഷിപണികള്‍ വീണ്ടും സജീവമായി തുടങ്ങി. മഴ കുറവുമൂലം ഉണക്കു ഭീഷണി നേരിട്ട ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക, നേന്ത്രവാഴ കൃഷിയിടങ്ങളിലാണ് പണികള്‍ പുനരാരംഭിച്ചത്.
വടക്കഞ്ചേരി മേഖലയിലെ കൂര്‍ക്ക പാടങ്ങളില്‍ വളം ഇടലും മണ്ണിടല്‍ തുടങ്ങിയ പണിയാണ് ഇപ്പോള്‍ ആരംഭിച്ചത്. വാഴ തുടങ്ങിയ കൃഷിയിടങ്ങളില്‍ മണ്ണിടല്‍, വളം ചേര്‍ക്കല്‍, ഇടയിളക്കല്‍ തുടങ്ങിയ വിവിധ പണികളും ആരംഭിച്ചു. രണ്ടുമാസത്തോളമുള്ള മഴ കുറവിന്‍റേയും ഉണക്കു ഭീഷണിയുടെയും ഇടവേളയ്ക്കുശേഷമാണ് കാര്‍ഷിക മേഖല വീണ്ടും സജീവമായത്. കര്‍ഷക തൊഴിലാളികള്‍ക്കും തൊഴില്‍ ദിനങ്ങള്‍ ലഭ്യമായതില്‍ ആശ്വാസമായി.
മിക്കയിടത്തും വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് തുടര്‍ കൃഷിപണികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കാര്‍ഷിക മേഖല സജീവമായെങ്കിലും യൂറിയ പോലുള്ള രാസവളങ്ങളുടെ ക്ഷാമം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പകരം വിലകൂടിയ എൻ.പി. കെ. ഉള്‍പ്പെട്ട
കൂട്ടുവളങ്ങളാണ് താത്കാലികമായി ഉപയോഗിക്കുന്നത്.
റെഡിമെയ്ഡ് കൂട്ടുവളങ്ങള്‍ക്ക് ഓരോ വിളക്കും അനുയോജ്യമായ രീതിയിലുള്ള രാസവള അനുപാതം ലഭിക്കുകയില്ല എന്ന പരാതി കര്‍ഷകര്‍ ഉന്നയിച്ചു. 8:8:16, 20: 20: 0: 15, 15:15:15, തുടങ്ങിയ വിവിധ അനുപാതത്തിലാണ് കൂട്ടു വളങ്ങള്‍ വരുന്നത്. തെങ്ങിന് ഉപയോഗിക്കുന്ന കൂട്ടുവളം കിഴങ്ങുവര്‍ഗങ്ങള്‍ക്കും മറ്റും യോജിക്കാതെ വരുന്നതായാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്ന പരാതി. പകരം യൂറിയ ഉള്‍പ്പെടെ നൈട്രജൻ, ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവ കര്‍ഷകരുടെ വിളയനുസരിച്ച് കൂട്ടിച്ചേര്‍ക്കുമ്ബോള്‍ ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ പോഷകമൂല്യം ലഭിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
.