തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തില്‍ പ്രിനുവാണ് (30) അറസ്റ്റിലായത്. മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയിലാണ് കാമറ സ്ഥാപിച്ചത്. വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാള്‍ സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്ന സമയം നോക്കി ഒളികാമറ വെക്കുകയും പുറത്തിറങ്ങുന്ന തക്കംനോക്കി കാമറ തിരികെ എടുത്തുകൊണ്ടുപോയി ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുകയുമായിരുന്നു. ഡിസംബർ 16ന് വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ഇയാള്‍ ഒളികാമറ അടങ്ങുന്ന പേന വെന്‍റിലേറ്ററില്‍ വെക്കാൻ ശ്രമിച്ചു. ഇതിനിടെ പെൻകാമറ കുളിമുറിയില്‍ വീണു. പരിശോധനയില്‍ പേനക്കുള്ളില്‍നിന്ന് കാമറയും മെമറി കാർഡും ലഭിച്ചു. മെമറി കാർഡ് പരിശോധിച്ചപ്പോഴാണ് പ്രിനുവിന്‍റെ ചിത്രവും ഏതാനും ദിവസങ്ങളായി പകർത്തിയ ദൃശ്യങ്ങളും ലഭിച്ചത്. ഗൃഹനാഥൻ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയി.സിം കാർഡുകള്‍ മാറിമാറി ഉപയോഗിച്ച് തമിഴ്നാട്ടില്‍ അടക്കം ഒളിവില്‍ കഴിഞ്ഞ പ്രതിയെ എറണാകുളത്ത് വിജിലൻസ് ഉദ്യോഗസ്ഥനായ സഹോദരീ ഭർത്താവിന്‍റെ ചങ്ങനാശ്ശേരിയിലെ ക്വാർട്ടേഴ്സില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ സൂക്ഷിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രതിയെ ഒളിവില്‍ കഴിയാൻ സഹായിച്ച കുറ്റത്തിന് സഹോദരിക്കും സഹോദരീ ഭർത്താവിനും എതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.