പോത്തുണ്ടി കുടിവെള്ള പദ്ധതി പൈപ്പ് സ്ഥാപിച്ച ചാലിൽ തടി ലോറി താഴ്ന്നു. റബ്ബർ തടി കയറ്റി വന്ന മിനി ലോറിയാണ് റോഡരികിലെ കുടിവെള്ള പൈപ്പ് സ്ഥാപിച്ച ചാലിൽ കുടുങ്ങിയത്. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കീറിയ ചാൽ പൂർണ്ണമായി കല്ലു വിരിക്കാത്തതിനാലാണ് ലോറി താഴാനും ഗതാഗത തടസത്തിനും കാരണമായത്. കരിമ്പാറ – ഗോമതി പൊതുമരാമത്ത് റോഡിൽ കരിമ്പാറ സ്കൂളിന് സമീപത്താണ് ഇന്നലെ വൈകിട്ട് 5 ന് ലോറിയുടെ പിൻചക്രങ്ങൾ താഴ്ന്നത്. റോഡരികിലെ പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങൾ പൂർണമായും ജല അതോറിറ്റി കല്ലുപതിക്കാതെ ബാക്കി ഇട്ടതാണ് ഈ റോഡിൽ ഇടയ്ക്കിടെ വാഹനങ്ങൾ കുടുങ്ങുന്നതിന് കാരണമായത്. ചാലെടുത്ത സ്ഥലങ്ങൾ മാസങ്ങൾ കൊണ്ടാണ് കല്ലു പതിച്ച് ഗതാഗതയോഗ്യമാക്കിയതെങ്കിലും പലയിടത്തും ചാലു കീറിയ ഭാഗത്ത് പൂർണ്ണമായി കല്ലു പതിച്ചിട്ടില്ല. ഈ ചാലിലാണ് റബ്ബർ തടി കയറ്റി വന്ന മിനി ലോറി കുടുങ്ങിയത്. മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് രാത്രി ഏഴരയോടെ ലോറി കയറ്റി ഗതാഗത തടസ്സം പുനസ്ഥാപിച്ചു.