കെഎസ്ആര്‍ടിസി ശമ്പളം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ ജൂലൈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ജൂലൈ മാസത്തെ പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണം. ഓണത്തിന് ആരെയും വിശന്നിരിക്കാന്‍ അനുവദിക്കില്ല. ആദ്യ ഗഡു നല്‍കേണ്ട ഉത്തരവാദിത്തം കെഎസ്ആര്‍ടിസിക്കുണ്ടെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. കെഎസ്ആര്‍ടിസിയിലെ ശമ്പളം മുടങ്ങുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

130 കോടി രൂപ സര്‍ക്കാര്‍ നല്‍കിയാല്‍ ശമ്പളം വിതരണം ചെയ്യാനാകുമെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു. ശമ്പളം നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉന്നതതല യോഗം നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി ഈ മാസം 21ന് പരിഗണിക്കാന്‍ മാറ്റി.