നെന്മാറ കൃഷിഭവൻ പരിധിയിൽ നെൽകൃഷി ഉണങ്ങി നശിച്ചു. എലന്തംകൊളുമ്പ് പാടശേഖര സമിതിയിൽപ്പെട്ട മുപ്പതോളം കർഷകരുടെ 50 ഏക്കറോളം നെൽകൃഷി വെള്ളമില്ലാതെ ഉണങ്ങി നശിച്ചു. അരിമ്പൂർപതി, ചെമ്മന്തോട്, വിത്തനശ്ശേരി എന്നീ പാടശേഖരങ്ങളിലും വെള്ളമില്ലാത്തതിനെ തുടർന്ന് ഏക്കർ കണക്കിന് നെൽകൃഷി ഉണങ്ങി നശിച്ചതായി കർഷകർ കൃഷിഭവനിൽ അറിയിച്ചു. മൂപ്പ് കുറഞ്ഞ ഇനങ്ങളായ കാഞ്ചന, ജ്യോതി, മനുരത്ന തുടങ്ങിയ ഹൃസ്വകാല ഇനങ്ങൾ വിളയിറക്കിയിട്ടും വിളവെടുക്കാൻ കഴിയാതെ വിവിധ പാഠശേഖരങ്ങളിലെ കർഷകർ ദുരിതത്തിലായി. പോത്തുണ്ടി ഡാമിൽ നിന്നുള്ള കനാൽ വെള്ളം വിതരണം നിർത്തിയതോടെയാണ് നെൽപ്പാടങ്ങൾ ഉണങ്ങി വിണ്ടുകീറിയത്. ഉയർന്ന പ്രദേശങ്ങളായതിനാൽ നീർവാർച്ച കൂടിയതും നെൽ കൃഷി ഉണക്കത്തിന് വേഗം കൂട്ടി. കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. എം.രമ്യ, കൃഷി ഓഫീസർ റെജിൻ റാം, അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ എ. കെ. സുനി, കൃഷി അസിസ്റ്റന്റ് കെ. പ്രകാശ്, പാടശേഖരസമിതി സെക്രട്ടറിമാരായ രാജൻ, പൊന്നു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉണക്കം ബാധിച്ച കൃഷിസ്ഥലങ്ങൾ പരിശോധിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.