ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം: 500 പേർ മരിച്ചു
?️ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം. അഞ്ഞൂറോളം പലസ്തീൻകാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരും, ആക്രമണം ഭയന്ന് ആശുപത്രിവളപ്പിൽ അഭയം തേടിയവരുമാണ് മരിച്ചത്. വടക്കൻ ഗാസയിൽ നിന്ന് എല്ലാ ജനങ്ങളും ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്‍റെ അന്ത്യശാസന കാലാവധി പിന്നിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. എന്നാൽ, പലസ്തീൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ജിഹാദ് എന്ന സായുധ സംഘടന തൊടുത്ത റോക്കറ്റാണ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാണെന്നാണ് ഇസ്രയേലിന്‍റെ വാദം. ഇസ്രയേൽ യുദ്ധക്കുറ്റം ചെയ്തതായി ഹമാസും ആരോപിച്ചു.
അതിർത്തി തുറക്കാതെ ഈജിപ്റ്റ്
?️ഇസ്രയേലിന്‍റെ ആക്രമണവും അതിർത്തി തുറക്കില്ലെന്ന ഈജിപ്റ്റിന്‍റെ കടുത്ത നിലപാടും തുടരുമ്പോൾ ഗാസയിൽ ജനജീവിതം രൂക്ഷമായ പ്രതിസന്ധിയിൽ. ആവശ്യത്തിനു കുടിവെള്ളവും ഭക്ഷണവും കിട്ടാത്തത് വലിയ ആരോഗ്യ ദുരന്തത്തിനു വഴിവയ്ക്കുമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. എന്നാൽ, അഭയാർഥികളുടെ ഏക രക്ഷാമാർഗമായ റഫ അതിർത്തി തുറക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഈജിപ്റ്റ്.
മിശ്രവിവാഹത്തിന്‍റെ പേരിൽ മുംബൈയിൽ ദുരഭിമാനക്കൊല
?️മിശ്രവിവാഹത്തിന്‍റെ പേരിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ പിതാവ് അടക്കം മൂന്നു പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ കരൺ രമേഷ് ചന്ദ്ര (22), ഭാര്യ ഗുൽനാസ് എന്നിവരെയാണ് ഗുൽനാസിന്‍റെ പിതാവും മറ്റു രണ്ടു പേരും ചേർന്ന് കൊലപ്പെടുത്തിയത്. കേസിൽ യുവതിയുടെ പിതാവ് ഗോര റയിസുദീൻ ഖാൻ(50) മകൻ സൽമാൻ ഗോറ ഖാൻ സൽമാന്‍റെ സുഹൃത്ത് മുഹമ്മദ് ഖാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച മാൻഖുർദ് പ്രദേശത്തെ കിണറ്റിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് ദുരഭിമാനക്കൊലയുടെ ചുരുളഴിഞ്ഞത്.
അനധികൃത നിർമിതികൾക്കു നടുവിൽ ശ്വാസം മുട്ടി താജ് മഹൽ
?️ലോകാദ്ഭുതമായ താജ് മഹലിനു ചുറ്റും 470 അനധികൃത കെട്ടിടങ്ങൾ. റസ്റ്ററനുകളും കഫേകളും എംപോറിയങ്ങളുമെല്ലാമുണ്ട് താജിനു ചുറ്റുമുള്ള 500 മീറ്റർ നിയന്ത്രിത മേഖലയ്ക്കുള്ളിൽ തന്നെ.
ഈ കൈയേറ്റങ്ങളിൽ പലതും പതിറ്റാണ്ടുകൾ പഴക്കമുള്ളവയാണ്. ഭൂരിപക്ഷം അനധികൃത കെട്ടിടങ്ങൾക്കുമെതിരേ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രാദേശിക അധികൃതർ ഇവ നീക്കം ചെയ്യാൻ നടപടികളൊന്നും ഇനിയും സ്വീകരിച്ചിട്ടില്ല.
നടൻ കുണ്ടറ ജോണി അന്തരിച്ചു
?️നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചു വേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലം കുണ്ടറ സ്വദേശിയായ ജോണി 1979-ല്‍ അഗ്‌നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്. ഒരു കാലത്ത് മലയാളത്തിലെ വില്ലൻ വേഷങ്ങളിൽ നിറസാന്നിധ്യമായിരുന്നു ജോണി. കഴുകൻ, ചന്ദ്രകുമാറിൻ്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ജോണി മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. നാടോടിക്കാറ്റിലെ ഗുണ്ടാ കഥാപാത്രത്തിലൂടെ കോമഡി വേഷങ്ങളും വഴങ്ങുമെന്നു തെളിയിച്ചു.
എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്
?️എരുമേലി കണമല അട്ടിവളവിൽ നിയന്ത്രണം നഷ്ടമായ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി അയ്യപ്പഭക്തർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ ആറരയോടെയാണ് അപകടം ഉണ്ടായത്. കർണാടകയിലെ കോലാറിൽ നിന്നുള്ള അയ്യപ്പഭക്തരാണ് അപകടത്തിൽ പെട്ടത്. 40 അയ്യപ്പൻമാരും ബസ് ജീവനക്കാരും ഉൾപ്പെടെ 43 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.
സഹകരണ മേഖലയുടെ സംരക്ഷണത്തിന് മഹാസമ്മേളനം നടത്തും
?️സംസ്ഥാന സഹകരണ യൂണിയന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സഹകരണ സംരക്ഷണത്തിനായി മഹാ സമ്മേളനം നടത്തും. നവംബര്‍ ആറിന് രാവിലെ 11 മണിക്ക് കനകക്കുന്നില്‍ നടക്കുന്ന സഹകാരി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംബന്ധിക്കുമെന്നു സംഘാടകർ പറഞ്ഞെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ല. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട പരിപാടികളിലോ സമരങ്ങളിലോ സിപിഎമ്മുമായി സഹകരിക്കരുതെന്നു കെപിസിസി നിർദേശിച്ചിരിക്കുകയാണ്. പങ്കെടുത്താൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
മലയാളി മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ 5 പ്രതികളും കുറ്റക്കാർ
?️മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതകത്തിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി ഡൽഹി സാകേത് സെഷൻസ് കോടതി. ശിക്ഷാ വിധി പിന്നീട് പ്രഖ്യാപിക്കും. അറസ്റ്റിലായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.പതിനഞ്ചു വർഷങ്ങൾക്കു മുൻപ് 2008 സെപ്റ്റംബർ 30നാണ് സൗമ്യ വിശ്വനാഥനെ കാറിനുള്ളിൽ തലയ്ക്കു വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2009 മാർച്ചിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 13നാണ് കേസിൽ വാദം പൂർത്തിയായത്.. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിലെ (മക്കോക്ക) കർശന വകുപ്പുകളും ഐപിസി പ്രകാരമുള്ള വകുപ്പുകളുമാണ് പ്രതികൾക്കെതിരേ ചുമത്തിയിരുന്നത്.
നിമിഷപ്രിയയുടെ അമ്മ വീണ്ടും ഹൈക്കോടതിയിൽ
?️യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അവിടേയ്ക്ക് പോകണമെന്ന ആവശ്യവുമായി അമ്മ പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയില്‍.ശരീയത്ത് നിയമ പ്രകാരം മാത്രമേ മോചനം ലഭിക്കൂ എന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കായി യമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് പ്രേമകുമാരിയുടെ ഹര്‍ജിയില്‍ പറയുന്നു.
ദുബായിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്
?️കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്. 3 പേരുടെ നിലഗുരുതരമാണെന്നാണ് വിവരം. ഒന്‍പതോളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.ഇന്നലെ അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. 3 മുറികളിലായി 17 പേരാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്
?️കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന്‍റെ ആദ്യ കുറ്റപത്രം ഈ മാസം സമർപ്പിക്കാൻ എൻഫോഴ്സ്മെന്‍റ് തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാർ അടക്കമുളളവരുടെ ജാമ്യ നീക്കം തടയുകയാണ് ലക്ഷ്യം. റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്‍റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖയും കോടതിയിൽ ഹാജരാക്കും. റബ്കോ എം ഡി അടക്കമുളളവരെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘം തുടരുo.
എൻഎസ്‌ജി കമ്മാന്‍ഡോ മനേഷിന് വീടുവയ്ക്കാൻ സർക്കാർ ഭൂമി നൽകും
?️മുംബൈ ഭീകരാക്രമണത്തിൽ സാരമായി പരിക്കേറ്റ എന്‍എസ്ജി കമാൻഡോ കണ്ണൂർ അഴീക്കോട്ടെ പി.വി. മനേഷിന് ഭവന നിർമാണത്തിന് സൗജന്യമായി ഭൂമി പതിച്ച് നല്‍കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.പുഴാതി വില്ലെജ് റീസർവെ 42/15ൽപ്പെട്ട പഴശി ജലസേചന പദ്ധതിയുടെ അധീനതയിലുളള 5 സെന്‍റാണ് സർക്കാരിന്‍റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാത്പര്യം മുൻനിർത്തി നൽകുക.
ആരോപണവുമായി രാഹുൽ ഗാന്ധി
?️വൈദ്യുതി ചാർജിന്‍റെ പേരിൽ അദാനി ഗ്രൂപ്പ് സാധാരണക്കാരെ സ്വന്തമാക്കുന്നത് 12,000 കോടി രൂപയെന്ന് മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫിനാൻഷ്യൽ ടൈംസ് നൽകിയ വാർത്തയെ അടിസ്ഥാനമാക്കി ഡൽഹി എഐസിസി ഹെഡ് ക്വാർട്ടേഴ്സിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ അന്വേഷണത്തിനുത്തരവിട്ട് അദ്ദേഹത്തിന്‍റെ വിശ്വാസ്യത തെളിയിക്കണമെന്നും രാഹുൽ പറഞ്ഞു.
അലിഗഡ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ
?️ഭക്ഷ്യവിഷബാധയെത്തുടർന്ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 300 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണു സംഭവം. ഛർദിയും വയറിളക്കവും പനിയും അനുഭവപ്പെട്ട വിദ്യാർഥിനികളെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളെജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.
എവിടെവെക്കണമെന്നറിയാതെ എംപിയുടെ ഹൈമാസ്റ്റ് ലൈറ്റ്: മൂന്നാമത്തെ കുഴി നടുറോഡിൽ?️ഹൈബി ഈഡൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് എവിടെ സ്ഥാപിക്കണമെന്നറിയാതെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ. കൊച്ചി സർവകലാശാല ക്യാമ്പസിന് ചേർന്ന് റേഷൻകട കവലയിലാണ് ലൈറ്റ് സ്ഥാപിക്കാൻ പലയിടത്തായി കുഴിയെടുത്തത്. അവസാനം റോഡിലേക്ക് കയറ്റി ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ഒരു കുഴിയെടുക്കുകയായിരുന്നു. ഇതിനെതിരെ സിപിഎം നഗരസഭയിൽ പരാതി നൽകി.
അതിർത്തിയിൽ പാക് വെടിവയ്പ്പ്; രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരുക്ക്
?️ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലുണ്ടായ പാക് വെടിവയ്പ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ആർണിയ സെക്റ്ററിലെ വിക്രം പോസ്റ്റിലേക്ക് പ്രകോപനം കൂടാതെ പാകിസ്ഥാൻ റേഞ്ചർമാർ വെടിവയ്പ്പ് ആരംഭിച്ചത്. ആക്രമണ സമയത്ത് പോസ്റ്റിലെ വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ജവാന്മാർക്ക് ചികിത്സ ലഭ്യമാക്കി. പാക്കിസ്ഥാന്‍റെ ഇഖ്ബാൽ, ഖന്നൂർ പോസ്റ്റുകളിൽ നിന്ന് സ്നൈപ്പർമാർ ആക്രമിച്ചതായാണ് ബിഎസ്എഫിന്‍റെ നിഗമനം. 2021 ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പു വച്ച വെടിനിർത്തൽ കരാറിന്‍റെ ലംഘനമാണിത്.
ഛത്തീസ്‌ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ്
?️ഛത്തീസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇറക്കി കോൺഗ്രസ്. രണ്ടാം ഘട്ടത്തിൽ 53 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 30 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ചൊവ്വാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 83 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളായി. ഛത്തീസ്ഗഡിൽ ആകെ 90 മണ്ഡലങ്ങളാണുള്ളത്. ഏഴു സീറ്റുകളിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. വരും ദിവസങ്ങളിൽ തന്നെ ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 4 ശതമാനം കൂട്ടി
?️കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമബത്തയിൽ 4 ശതമാനം വർധിപ്പിച്ചതായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷാമബത്തയുടെ വർധനവ് 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിലുണ്ട്.
ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്‍റെ നിർദേശ പ്രകാരമുള്ള സമവാക്യങ്ങൾ സ്വീകരിച്ചു കൊണ്ടാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. 42 ശതമാനമുണ്ടായിരുന്ന ക്ഷാമ ബത്ത ഇതോടെ 46 ശതമാനമായാണ് വർധിച്ചിരിക്കുന്നത്.48.67 ലക്ഷം ജീവനക്കാർക്കും 67.95 പെൻഷൻകാർക്കും ഡിഎ വർധനവിന്‍റെ ഗുണം ലഭ്യമാകും.
പി.എൻ. മഹേഷ് ശബരിമല മേൽശാന്തി
?️മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് പി.എൻ. മഹേഷ് ശബരിലയിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ അഞ്ഞൂർ പൂങ്ങാട്ടുമന പി.ജി. മുരളി നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു.
പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ, നിരുപമ ജി. വർമ എന്നീ കുട്ടികളാണ് യഥാക്രമം ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുത്തത്.ചൊവ്വാഴ്ച വൈകിട്ടാണ് തുലാമാസ പൂജകൾക്കായി തന്ത്രി കണ്ഠര് മോഹനരുടെ സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി ശബരിമല ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നടതുറന്നത്
ഇടപ്പള്ളി – കഴക്കൂട്ടം ആറുവരിപ്പാത 2 വർഷത്തിനുള്ളിൽ
?️ദേശീയപാത 66 നിർമാണം 2025ൽ പൂർത്തിയാകുന്നതോടെ ഇടപ്പള്ളിയിൽനിന്ന് കഴക്കൂട്ടത്തേക്ക് മൂന്നു മണിക്കൂർ കൊണ്ട് എത്താനാകും. ഇടപ്പള്ളിയിൽനിന്ന് കഴക്കൂട്ടത്തേക്കുള്ള ആറുവരിപ്പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. കാസർഗോട് – തിരുവനന്തപുരം പാതയിൽ എൻഎച്ച് 66 നിർമാണം 2025ൽ തന്നെ പൂർത്തിയാകുo.ഏഴര മീറ്റർ വീതിയിൽ സർവീസ് റോഡിന്‍റെ നിർമാണവും പുരോഗമിക്കുകയാണ്. ആറുവരിപ്പാതയുടെ ഓരോ വശത്തും 11.5 മീറ്റർ വീതിയിൽ മൂന്ന് വരിയിലായാണ് റോഡ് ഉണ്ടാവുക.ഹൈവേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി നേരത്തെ പൂർണമായിട്ടുണ്ട്. തർക്കങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇനി കെട്ടിടം പൊളിച്ചുനീക്കാനുള്ളത്.
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
?️തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി മാറിയതായി സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും, ഇന്ന് (ഒക്ടോബർ 18) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തലശേരി ഗവ. കോളജ് ഇനി മുതൽ കോടിയേരി സ്മാരക കോളജ് എന്നറിയപ്പെടും
?️തലശേരി ഗവ.കോളജിന്‍റെ പേര് മാറ്റി, ഇനിമുതൽ കോടിയേരി ബാലകൃഷ്ണൻ സ്‌മാരക കോളജ് എന്നറിയപ്പെടും. പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവാണ് അറിയിച്ചത്.കോളജിന്‍റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന്‍ എടുത്ത മുന്‍കൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമായാണ് പെരുമാറ്റം.
ശബരിമല തീർഥാടന വാഹനങ്ങളിൽ അലങ്കാരം വേണ്ട
?️ശബരിമല തീർഥാടന വാഹനങ്ങളിൽ പൂക്കൾ അടക്കമുള്ള അലങ്കാരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി. വാഹനം അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത്തരത്തിൽ അലങ്കാരങ്ങളുമായി വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും പിഴ ഈടാക്കണമെന്നും കോടതി നിർദേശിച്ചു.സർക്കാർ ബോർഡ് വച്ച് വരുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിന് അടുത്ത മാസം തുടക്കം കുറിക്കാനിരിക്കേയാണ് കോടതി ഉത്തരവ്
അഫ്ഗാനിസ്ഥാനെ തകർത്ത് ന്യൂസിലൻഡ്
?️ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാലാം ജയവുമായി ന്യൂസിലൻഡ്. ഇംഗ്ലണ്ടിനെ അട്ടിമറിച്ച കരുത്തുമായെത്തിയ അഫ്ഗാനിസ്ഥാനെ 149 റൺസിനാണ് കിവീസ് തകർത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 288 റൺസിന് മറുപടി പറഞ്ഞ അഫ്ഗാൻ 34.4 ഓവറിൽ 139 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സാന്റ്നറും ലോക്കി ഫെർഗൂസനുമാണ് കിവീസ് വിജയത്തിൽ നിർണായകമായത്. ട്രെന്‍ഡ് ബൗൾട്ട് രണ്ടും മാറ്റ് ഹെൻട്രി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 36 റൺസെടുത്ത റഹ്മത്ത് ഷായാണ് അഫ്ഗാൻ നിരയിലെ ടോപ് സ്കോറർ.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5545 രൂപ
പവന് 44360 രൂപ