ഏപ്രിൽ രണ്ടിന് ആഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേലയ്ക്ക് കൂറയിട്ടു. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രസന്നിധിയിൽ നെന്മാറ, വല്ലങ്ങി, തിരുവഴിയാട്, അയി ലൂർ, വിത്തനശ്ശേരി എന്നീ അഞ്ചുദേശങ്ങളിലെ പ്രതിനിധികളുടെയും ഭക്തരുടെയും പ്രമുഖ സമുദായക്കാരുടെയും സാന്നിധ്യം ഉറപ്പിച്ചശേഷം വിളിച്ചുചൊല്ലിയാണ് കൂറയിട്ടത്. വല്ലങ്ങിചീറമ്പക്കാവിൽ നിന്നും പറവാദ്യവുമായി അവകാശക്കാരായ പറയ സമുദായക്കാരെത്തി ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള നെൽപറയുമായെത്തി അവകാശ സമുദായക്കാരുടെ പേര് ചൊല്ലി കൂറയിടാനുള്ള അനുവാദം ചോദിച്ച ശേഷമാണ് നെന്മണി വിതറി കൂറയിട്ടത്. തുടർന്ന് ക്ഷേത്രകവാടത്തിൽ ചെമ്പട്ട് ചാർത്തി കൂറയിടൽ ചടങ്ങ് പൂർത്തിയാക്കി ഇതോടെ ക്ഷേത്രത്തിൽ വേലദിനം വരെ നീളുന്ന ദാരിക വധം കളം പാട്ടിന് തുടക്കമായി. മീനം 1 ന് ക്ഷേത്ര സന്നിധിയിൽ ക്ഷേത്രത്തിൽ കൂറിട്ട നാളു മുതൽ മീനം 20 വേല ദിവസം വരെ നെന്മാറ വല്ലങ്ങി ദേശത്ത് വിവിധ പരിപാടികളോടെ ഉത്സവ ചടങ്ങുകൾ നടക്കും. ക്ഷേത്രത്തിലെ കൂറയിടലിന് ആരംഭം കുറിച്ചതോടെ ഇരു ദേശങ്ങളിലും ആഘോഷത്തിന് തുടക്കം കുറിച്ച് 22-ന് രാത്രി 10-ന് മുളം കൂറയിടും. നെന്മാറയിൽ ദേശമന്ദിലും വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലും വല്ലങ്ങിയിൽ ദേശമന്ദിലും ചടങ്ങുണ്ടാകും.