പാലക്കാട് : കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ കാട്ടുപന്നിക്കുവെച്ച വൈദ്യുതക്കെണിയിൽപ്പെട്ട് മരിച്ച രണ്ടു യുവാക്കളെ വയലിൽ കുഴിച്ചിടാൻ പ്രതി കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ആനന്ദ് കുമാറിന് (52) പരസഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ഫ്രിഡ്ജ്, എ.സി. മെക്കാനിക്കായ ആനന്ദ് കുമാറിന് ആ പ്രവൃത്തിപരിചയം തന്നെയാണ് കൃഷിയിടത്തിൽ പന്നിക്കെണിയൊരുക്കാനും ധൈര്യമായത്. ആനന്ദ്കുമാറിന്റെ വീട്ടിൽനിന്ന് ഏകദേശം 100 മീറ്ററോളം അകലമുണ്ട് മൃതദേഹങ്ങൾ കിടന്നിരുന്ന വയലിലേക്ക്. വീട്ടിലെ കുഴൽക്കിണറിൽനിന്ന്, കൃഷിക്കാവശ്യമായുള്ള ജലസേചനത്തിനായി പൈപ്പിട്ടിരുന്നു. ഇതിന് അകത്തുകൂടെയാണ് ഇൻസുലേറ്റ് ചെയ്ത വയർ ഇട്ട് പന്നിക്കെണിയിലേക്കുള്ള വൈദ്യുതിയും എത്തിച്ചിരുന്നത്. ആവശ്യമുള്ളപ്പോൾ മോട്ടോർ ഉപയോഗിച്ച് പൈപ്പിലൂടെ വെള്ളം പമ്പ് ചെയ്യും. അല്ലാത്ത സമയത്ത്, രാത്രി നേരത്തടക്കം ഇതിലൂടെ കെണിക്കാവശ്യമായ വൈദ്യുതി പ്രവഹിപ്പിക്കും. വൈദ്യുതവയർ പൈപ്പിനകത്തുകൂടെയായതിനാൽ ആരും ശ്രദ്ധിക്കില്ല.
കുഴൽക്കിണറിന്റെ മോട്ടോറിന്റെ ഭാഗത്തും പാടത്തും മാത്രമേ വൈദ്യുത വയർ പുറത്തുകാണൂ. ആവശ്യമുള്ളപ്പോൾ മോട്ടോറിലേക്കും പാടത്ത് ഇരുമ്പ് കമ്പിയിലേക്കും കണക്ഷൻ നൽകി കെണിയൊരുക്കുമെന്നാണ് പ്രതി മൊഴിനൽകിയിട്ടുള്ളത്. രണ്ടുവർഷത്തോളമായി ഇങ്ങനെ ചെയ്തുവരുന്നുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്