05.01.202
9,000 കോടി രൂപയുടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് സഹകരണ മേഖല
?️സഹകരണ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് വീതം തുടങ്ങുക എന്നീ ലക്ഷ്യങ്ങളുമായി സഹകരണ നിക്ഷേപ സമാഹരണം ജനുവരി 10ന് ആരംഭിക്കും. ഫെബ്രുവരി 10 വരെയാണ് നിക്ഷേപ സമാഹരണം നിശ്ചയിച്ചിരിക്കുന്നത്. സഹകരണ നിക്ഷേപം കേരള വികസനത്തിന് എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന 44ാം നിക്ഷേപ സമാഹരണ യജ്ഞം ലക്ഷ്യമിടുന്നത് 9,000 കോടി രൂപയാണ്.
എഐ ക്യാമറ: കെൽട്രോണിന് നൽകാനുള്ള തുകയിൽ 9.39 കോടി രൂപ അനുവദിച്ച് സർക്കാർ
?️റോഡ് ക്യാമറകൾ പ്രവർത്തിക്കുന്നതിന് കെൽട്രോണിന് നൽകാനുള്ള തുകയിൽ 9.39 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പദ്ധതി നടത്തിപ്പിനായി 23 കോടി രൂപയാണ് കെൽട്രോണിന് ഇതുവരെ ലഭിക്കാനുള്ളത്. തുക അനുവദിക്കാത്തതിനാൽ നിയമലംഘനങ്ങൾക്ക് ചെല്ലാൻ അയയ്ക്കുന്ന പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 50 ജീവനക്കാർക്ക് ജോലി നഷ്ടമായിരുന്നു. പണം ലഭിച്ചതോടെ ഇവരെ തിരിച്ചെടുക്കും. ഗഡുക്കളായി നൽകേണ്ട തുകയുടെ ആദ്യ ഗഡുവാണ് അനുവദിച്ചത്.
അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം
?️ഡൽഹി മദ്യനയകേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം. ചോദ്യം ചെയ്യലിന് ഹാജരാവാൻ കെജ്രിവാൾ തയാറാവാത്തതോടെ അദ്ദേഹത്തിന്‍റെ വസതിയിൽ റെയ്ഡ് നടത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. കെജ്‌രിവാളിന്‍റെ വസതിയിലേക്കുള്ള റോഡുകൾ ഡൽഹി പൊലീസ് അടച്ചതായും പാർട്ടി ആരോപിച്ചു. നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മൂന്നാം തവണയും നോട്ടീസയച്ചത്.
24 മണിക്കൂറിനിടെ കേരളത്തിൽ 227 പേർക്ക് കൊവിഡ്; 1 മരണം
?️കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ 2 പേര്‍ മരിച്ചു. കേരളത്തിന് പുറമെ കര്‍ണാടകയിലാണ് കൊവിഡ് ബാധിച്ച് മരണം സംഭവിച്ചത്. കർണാടകയിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 260 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവിൽ കേരളത്തിൽ 1464 ആക്ടീവ് കേസുകളാണുള്ളത്.
അരവണയും അപ്പവും ഭഗവാന്‍ നിവേദിക്കുന്ന ഒരു പ്രസാദമായി ഞാൻ കാണുന്നില്ല ;കെ.ബി. ഗണേഷ് കുമാർ
?️അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്താൽ ശബരിമല സന്നിധാനത്തെ തിരക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. അരവണയും അപ്പവും ഭഗവാന്‍ നിവേദിക്കുന്ന ഒരു പ്രസാദമായി ഞാൻ കാണുന്നില്ല. ഭഗവാനു മുന്നിൽ കൊണ്ടുവച്ച് പൂജിച്ചു നിവേദിക്കുന്നതാണ് പ്രസാദം. ഇത് മൂന്നു മാസം മുമ്പേ ഉണ്ടാക്കി വയ്ക്കുന്നതാണ്. ഇത് താഴെ വിറ്റാൽ മതി. 10 പേർ ഒരുമിച്ച് മലയ്ക്ക് പോയാൽ രണ്ടു പേർ അരവണയും അപ്പവും വാങ്ങാൻ ക്യൂവിൽ നിന്ന് മറ്റ് 8 പേർ അവിടെ കാത്തുനിൽക്കും. അതേസമയം പമ്പയിലാണ് വിതരണം ചെയ്യുന്നതെങ്കിൽ ബാങ്ക് വഴി ബുക്ക് ചെയ്ത് അതു വാങ്ങി പോകാം. ഇത് സന്നിധാനത്തു തന്നെ വാങ്ങണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനാണ് എന്നും ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.
മകരവിളക്ക് ഉത്സവം: 800 ബസുകൾ കൂടി സർവീസിന്
?️മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 800 ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ യാത്ര ചെയ്യാൻ നിർത്തിയിട്ടിരിക്കുന്ന ബസുകളുടെ ഡോറിലൂടെ ഉള്ളിലേക്ക് കയറാൻ 4 ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കും.
പേര് ചോദിച്ചതിന് പൊലീസിനോട് കയർത്ത് എംഎൽഎ
?️കളക്‌ടറേറ്റ് മാർച്ചിനിടെ കല്യാശേരി എംഎൽഎ എം. വിജിനും പൊലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റം. കേസെടുക്കുന്നതിന്‍റെ ഭാഗമായി എംഎൽഎയുടെ പേര് വനിത പൊലീസ് ഉദ്യോഗസ്ഥ ചോദിച്ചതോടെയാണ് രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. കേരള ഗവണ്‍മെന്‍റ് നഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കണമെന്ന് പറഞ്ഞ എസ്ഐ കൂടി സഹപ്രവർത്തകയെ പിന്തുണച്ചതോടെ വാക് പോര് രൂക്ഷമാവുകയായിരുന്നു. ഇത് പിണറായി വിജയന്‍റെ പൊലീസാണ്. സുരേഷ് ഗോപി സ്റ്റൈൽ കളിച്ച് സർക്കാരിനെ മോശമാക്കരുതെന്ന് വാഗ്വാദത്തിനിടെ വിജിൻ പറഞ്ഞു.
ജസ്‌ന മരിച്ചതിനും മത പരിവര്‍ത്തനം നടത്തിയതിനും തെളിവില്ല
?️ജസ്‌ന മരിച്ചതിനും മത പരിവര്‍ത്തനം നടത്തിയതിനും തെളിവില്ലെന്ന് സിബിഐ. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവര്‍ത്തനകേന്ദ്രങ്ങളിലും അന്വേഷണം നടത്തി. കേരളത്തില്‍ പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാൽ എവിടെ നിന്നും തെളിവുകൾ ലഭിച്ചിട്ടില്ലെന്നും തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് പങ്കില്ലെന്നും റിപ്പോർട്ട്. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
തൃശൂരിൽ ബിജെപി- യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം
?️തൃശൂരിൽ യൂത്ത് കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രസംഗിച്ച വേദിക്ക് സമീപമുള്ള മരം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് സംഘർഷവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത്. പിന്നാലെ ബിജെപി പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടാവുകയും അസഭ്യവർഷമുണ്ടാവുകയും ചെയ്തു. ഇതോടെ കൂടുതൽ പൊലീസുകാർ സംഭവ സ്ഥലത്തേക്കെത്തി പ്രവർത്തകരെ പിടിച്ചു മാറ്റുകയായിരുന്നു. തുടർന്ന് സംഘർഷാവസ്ഥയ്ക്ക് അയവു വന്നെങ്കിലും പ്രദേശത്തു നിന്നും പിരിഞ്ഞു പോവാൻ പ്രവർത്തകർ തയാറായില്ല.
സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്‍റെ പണം ലഭിച്ചില്ല
?️സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്‍റെ പണം ഉടൻ കൊടുത്തു തീർക്കണമെന്നും, കർഷകരെ കടക്കണിയിലേക്ക് വലിച്ചെറിയരുതെന്നും ആവശ്യപ്പെട്ട് അപ്പർ കുട്ടനാട് കാർഷിക വികസന സമിതി ജനുവരി 10ന് കോട്ടയം സപ്ലൈകോ ഓഫീസിന് മുന്നിൽ ധർണ നടത്തും. 2023ലെ വിരിപ്പ് കൃഷിയുടെ കൊയ്ത്തുമായി ബന്ധപ്പെട്ട് സപ്ലൈകോ കോട്ടയം ജില്ലയിൽ നിന്നും ഏതാണ്ട് ഏഴായിരത്തോളം കർഷകരിൽ നിന്നായി 2 ലക്ഷത്തിനും മേൽ ക്വിന്‍റൽ നെല്ലാണ് സംഭരിച്ചിരിക്കുന്നത്. അവസാന കണക്ക് സപ്ലൈകോയിൽ നിന്നും ലഭ്യമായിട്ടില്ല. ഇതിൽ എസ്.ബി.ഐയുമായി ബന്ധപ്പെട്ട് നവംബർ 29 വരെയും കനറാ ബാങ്കുമായി ബന്ധപ്പെട്ടുകൊണ്ട് ഡിസംബർ 8വരെയും മാത്രമാണ് പണം അനുവദിച്ച് കിട്ടിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ആഭ്യന്തര പ്രശ്നങ്ങൾ മാധ്യമങ്ങളോടു പറയരുത്: ഖാർഗെ
?️പത്തു വർഷത്തെ ഭരണത്തിന്റെ പരാജയം മറച്ചുവയ്ക്കാൻ ബിജെപി വൈകാരിക പ്രശ്നങ്ങൾ ഉയർത്തുകയാണെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ചു നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം ഉറപ്പാക്കണമെന്നും ഖാർഗെ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപിൽ മോദിയുടെ ‘സ്നോർകെലിങ്’
?️ലക്ഷദ്വീപ് സന്ദർശനത്തിൽ കടലിനടിയിലൂടെ നീന്തുകയും പവിഴപ്പുറ്റുകളുടെ ഭംഗി ആസ്വദിക്കുകയും ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വീപ് സമൂഹത്തിന്റെ ടൂറിസം സാധ്യതകളിലേക്കുള്ള കാഴ്ചയായി സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ച പ്രധാനമന്ത്രി സാഹസികത ഇഷ്ടപ്പെടുന്നവർ ലക്ഷദ്വീപിനെ തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. കഴിഞ്ഞ രണ്ട്, മൂന്ന് തീയതികളിലാണു പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മോദി ഒരു രാത്രി ദ്വീപിൽ ചെലവഴിച്ചിരുന്നു. ലക്ഷദ്വീപിൽ രാത്രി തങ്ങിയ ആദ്യ പ്രധാനമന്ത്രിയും മോദിയാണ്.
പിണറായിയെ കണ്ണിലെ കൃഷ്ണമണിപോലെയാണ് മോദി കാക്കുന്നത്:കെ സുധാകരൻ
?️പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി കാക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. സ്വർണക്കടത്ത് ഏത് ഓഫിസിലാണ് നടന്നതെന്ന് അറിയാമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് കൊള്ളക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസ് ഉയർന്നുവന്നപ്പോൾ കേന്ദ്രത്തിന്‍റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തിയത്. മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളും മൊഴികളും നിലനിൽക്കെയാണ് എല്ലാ കേസുകളും ഇല്ലാതാക്കി എന്നുമാത്രമല്ല ബിജെപിയുടെ വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തെന്നും സുധാകരൻ ആരോപിച്ചു.
സർക്കാർ കണ്ടുകെട്ടുന്നത് തടയാൻ മിച്ചഭൂമി മറിച്ചു വിറ്റു
?️മിച്ചഭൂമി കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം. തോമസിനെതിരേ ലാൻഡ് ബോർഡ് റിപ്പോർട്ട്. സർക്കാർ കണ്ടു കെട്ടേണ്ട ഭൂമി മറിച്ചു വിറ്റതായാണ് കണ്ടെത്തൽ. അടുത്തിടെ സിപിഎം ജോർജിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പിതാവിന്‍റെ മിച്ചഭൂമി തിരിച്ചു പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയതോടെ 2001 ൽ അഗസ്റ്റിൻ എന്നയാൾക്ക് ഭൂമി മറിച്ചു വിറ്റതായും തുടർന്ന് 2022ൽ ഒരേക്കർ ഭൂമി ഭാര്യയുടെ പേരിൽ തിരിച്ചു വാങ്ങിയതായുമാണ് ലാൻഡ് ബോർഡ് റിപ്പോർട്ടിൽ പറയുന്നത്.
എംഎം മണിയുടെ സഹോദരന്‍റെ സ്ഥാപനത്തിൽ ജിഎസ്ടി വകുപ്പിന്‍റെ പരിശോധന
?️ഉടമ്പൻചോല എംഎൽഎ എം.എം. മണിയുടെ സഹോദരൻ ലംബോധരന്‍റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസെസ് എന്ന സ്ഥാപനത്തിൽ രാവിലെ മുതൽ പരിശേധന നടന്നു. സ്ഥാപനത്തിൽ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ജിഎസ്ടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
”നിലയാണ്,നിലപാടല്ല: സംഘിയാക്കിയാൽ ശോഭനക്കല്ല, ഗുണം സംഘികൾക്ക്”; ശാരദക്കുട്ടി
?️സ്ത്രീശക്തി മോദിക്കൊപ്പമെന്ന പരിപാടിയിൽ പങ്കെടുത്തതിനു പിന്നാലെ നടി ശോഭനയുടെ രാഷ്ട്രീയ നിലപാടുകളെ ചൊല്ലി സമൂഹ മാധ്യമങ്ങളിലുണ്ടായ വിമർശനങ്ങളിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. മല്ലികാ സാരാഭായ് യെ പോലെയോ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന, നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ലെന്നുമായിരുന്നു ശാരദയുടെ കുറിപ്പ്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവർ പറയും. രാഷ്ട്രീയ ബോധത്തിൽ അതാണ് അവരുടെ നില . നില മാത്രമാണത്. നിലപാടല്ലെന്നും ശാരദക്കുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.
അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി
?️അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം. സംഭവത്തിൽ ഗോണ്ട സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. തഹർ സിങ് ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ലഖ്‌നൗവിലെ ഗോമതി നഗറില്‍ നിന്നാണ് യുപി സെപ്ഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇവരെ പിടികൂടിയത്.
2 പൊലീസുകാർക്ക് സസ്പെൻഷൻ
?️തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ച 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കഴിഞ്ഞ മാസം 27 ന് നാഗപട്ടണത്തു നടന്ന പടയാത്രക്കിടെയായിരുന്നു സംഭവം. സ്പെഷ്യൽ അസി. ഇൻസ്പക്‌ടർമാരായ രാജേന്ദ്രനും കാർത്തികേയനുമാണ് അണ്ണാമലൈയിൽ നിന്ന് ഓദ്യോഗിക വേഷത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചത്.
കെ.രാധകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്!
?️ദേവസ്വം മന്ത്രി കെ.രാധകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ ബിജെപി അനുഭാവി അറസ്റ്റിൽ. തിരുവല്ല കടപ്ര സ്വദേശി ശരത് നായർ ആണ് അറസ്റ്റിലായത്.മന്ത്രി ശബരിമല ദർശനം നടത്തിയ ഫോട്ടോ സഹിതം സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് സുരേഷ് കുമാറിന്‍റെ അധിക്ഷേപം. ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ പുളിക്കീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
വൈ.എസ്. ശർമിള ഡൽഹിയിൽ
?️വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക നേതാവ് വൈ.എസ്. ശർമിള കോൺഗ്രസിൽ ചേർന്നേക്കും. ബുധനാഴ്ച രാത്രി ശർമിള ഡൽഹിയിലെത്തിയിരുന്നു. വ്യാഴാഴ്ച എഐസിസി ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് പ്രധാനപ്പെട്ട ഒരു വ്യക്തി പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിൽ ചേരുമോ എന്ന ചോദ്യത്തിന് അതേയെന്നാണ് ശർമിള മറുപടി പറഞ്ഞത്. ചൊവ്വാഴ്ച ഹൈദരാബാദിൽ നടന്ന യോഗത്തിനു ശേഷം താനും പാർട്ടിയിലെ മറ്റു നേതാക്കളും എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും നിർണായകമായ പ്രഖ്യാപനം നടത്തുമെന്നും ശർമിള പറഞ്ഞിരുന്നു.
ഹൈക്കോടതിയെ സമീപിച്ച് യുവതി
?️നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ചു നിന്നു എന്ന പേരിൽ 7 മണിക്കൂർ കൊല്ലം കുന്നിക്കോട് പൊലീസ് അന്യായമായി തടവിൽ വച്ചെന്നും, നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടും കൊല്ലം പത്തനാപുരം തലവൂർ സ്വദേശി എൽ. അർച്ചന ഹൈക്കോടതിയിൽ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഒരാഴ്ചയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി.
വിവാദ പരാമര്‍ശവുമായി എന്‍സിപി നേതാവ്
?️ഭഗവാന്‍ ശ്രീരാമന്‍ വെജിറ്റേറിയൻ ആയിരുന്നില്ല മറിച്ച് ഒരു നോൺ വെജിറ്റേറിയനായിരുന്നുവെന്ന് എന്‍സിപി നേതാവ് ജിതേന്ദ്ര അവാദ്. 14 വര്‍ഷം കാട്ടില്‍ കഴിഞ്ഞ ഒരാള്‍ക്ക് എവിടെ നിന്ന് സസ്യക്ഷണം ലഭിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ബുധനാഴ്ച മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം. “ഇതു ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ ചിന്തിക്കൂ. ആരെന്തൊക്കെ പറഞ്ഞാലും, ഗാന്ധിയും നെഹ്‌റുവുമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ പ്രധാന കാരണക്കാരായത്. സത്യം പറയുമ്പോൾ അത് എന്നോട് തിരിച്ചു ചോദ്യം ചോദിക്കരുത്” ജിതേന്ദ്ര അവാദ് പറഞ്ഞു.
കൂട്ടുകാരിയുടെ പട്ടിയെ രക്ഷിക്കാൻ ഡാമിൽ ചാടിയ യുവാവ് മരിച്ചു
?️കൂട്ടുകാരിയുടെ വളർത്തുനായയെ രക്ഷിക്കാൻ ഡാമിന്‍റെ റിസർവോയറിൽ ചാടിയ ഇരുപത്തിമൂന്നുകാരൻ മുങ്ങിമരിച്ചു. നായ സ്വയം നീന്തി രക്ഷപെടുകയും ചെയ്തു. ബിടെക് ബിരുദധാരിയായ സരൾ നിഗമാണ് മരിച്ചത്. യുപിഎസ്‌സി പരീക്ഷയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു.സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾക്കൊപ്പം സരൾ ജംഗിൾ ക്യാംപിങ്ങിനു പോയപ്പോഴാണ് അപകടം. കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടിയുടെ വളർത്തു നായ റിസർവോയറിൽ വീണപ്പോൾ രക്ഷിക്കാൻ ചാടിയതായിരുന്നു സരൾ.
പന്നൂൻ വധശ്രമം: നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
?️സിഖ് വിഘടനവാദി ഗുർപത്വന്ത് സിങ് പന്നുനിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നിഖിൽ ഗുപ്തയ്ക്കു വേണ്ടി നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. നിഖിൽ ഗുപ്തയുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ്മാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിഷയത്തിൽ കൂടുതൽ ഒന്നും ചെയ്യാൻ സുപ്രീം കോടതിക്കു സാധിക്കില്ലെന്നും വിയന്ന കൺവെൻഷൻ പ്രകാരമുള്ള ഇടപെടലുകൾ ഇപ്പോൾ ഗുപതയ്ക്ക് ലഭിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
മഹുവയ്ക്ക് കോടതിയിൽ തിരിച്ചടി
?️തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ ഔദ്യോഗിക വസതിയിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഡയറക്റ്ററേറ്റ് ഒഫ് എസ്റ്റേറ്റ്സ് വഴി ശ്രമിക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റ്സ് സുബ്രമണ്യൻ പ്രസാദാണ് മഹുവയുടെ ഹർജി പരിഗണിച്ചത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഔദ്യോഗിക വസതികളിൽ കൂടുതൽ ദിവസം തുടരാൻ അനുവാദം നൽകാൻ അധികൃതർക്ക് കഴിയും എന്നും ജസ്റ്റിസ് പരാമർശിച്ചു.
ഇഡി നിയമാനുസൃതമായി സമൻസ് അയച്ചാൽ കെജ്‌രിവാൾ ഹാജരാകും
?️നിയമാനുസൃതമായി സമൻസ് അയക്കുകയാണെങ്കിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇഡിക്കു മുന്നിൽ ഹാജരാകുമെന്ന് ആം ആദ്മി പാർട്ടി. ഡൽഹിയിലെ മദ്യ നയവുമായി ബന്ധപ്പെട്ട് അഴിമതിക്കേസിൽ കെജ്‌രിവാളിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നിരവധി തവണ സമൻസ് നൽകിയിരുന്നു. ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടു നൽകിയ സമൻസിൽ സമൻസ് നിയമാനുസൃതമല്ലെന്ന മറുപടിയാണ് കെജ്‌രിവാൾ ഇഡിക്കു നൽകിയത്. കെജ്‌രിവാളിനെതിരേയുള്ള നടപടി രാഷ്ട്രീയപ്രേരിതമാണെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.
ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്ത് ലേലം ജനുവരി 5ന്
?️അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കൾ ലേലം ജനുവരി 5ന് നടക്കും. ദാവൂദിന്‍റെ മഹാരാഷ്ട്രയിലെ 4 പൂർവ്വിക സ്വത്തുക്കളാണ് ലേലം ചെയ്യുന്നത്. സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അഥോറിറ്റി (സഫേമ) യാണ് ലേലം സംഘടിപ്പിക്കുന്നത്. 4 വസ്‌തുക്കളുടെയും വില 19.2 ലക്ഷം രൂപയും ഇതിൽ ഏറ്റവും ചെറിയ പ്ലോട്ടിന്‍റെ കരുതൽ വില 15,440 രൂപയുമാണ്. ജനുവരി 5 ന് ഉച്ചയ്ക്ക് 2:00 നും 3:30 നും ഇടയിൽ ലേലനടപടികൾ നടക്കുമെന്ന് സഫേമ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.
പവൻ ഖേരയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി
?️പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. പരാമർശത്തിന്‍റ പേരിലുള്ള ക്രിമിനൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. നേരത്തെ അലഹാബാദ് ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഭാരത് ന്യായ് യാത്രയുടെ പേര്, ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കി
?️രാഹുൽ ഗാന്ധി നടത്താനിരിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യുടെ പേര് മാറ്റി. ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കിയാണ് പേര് പരിഷ്കരിച്ചത്. യാത്ര ജനുവരി 14 നാണ് ആരംഭിക്കുക. ജനുവരി 14 ന് ഇംഫാലില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും. അതേസമയം, പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണവും കൂട്ടി.14 എന്നത് 15 സംസ്ഥാനങ്ങളാക്കി. അരുണാചൽ പ്രദേശ് ആണ് പുതുതായി ഉൾപ്പെടുത്തിയത്.
സസ്പെൻഷനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഗുസ്തി ഫെഡറേഷൻ
?️കായികമന്ത്രാലയത്തിന്‍റെ നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സസ്പെൻഷനിലായ ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി. സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 16നു ചേരും. അടുത്ത ആഴ്ച തന്നെ കോടതിയെ സമീപിക്കുമെന്നാണ് സൂചന. സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് കായികമന്ത്രാലയം സസ്പെൻഡ് ചെയ്തത്. നിലവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയാണ് ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിനകാര്യങ്ങൾ നടപ്പാക്കുന്നത്. എന്നാൽ സസ്പെൻഷനെയും അഡ്ഹോക് കമ്മിറ്റിയെയും അംഗീകരിക്കുന്നില്ലെന്ന് ഭരണസമിതി അംഗങ്ങൾ പറയുന്നു.
പീഡന കേസ്: പി.ജി. മനുവിന് കീഴടങ്ങാന്‍ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി
?️നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ഗവൺമെന്‍റ് പ്ലീഡർ അഡ്വ. പി.ജി. മനു കീഴടങ്ങാന്‍ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. കേസിൽ മുന്‍കൂര്‍ ജാമ്യം തേടി മനു സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പക്ഷേ, കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ബോധഗയയിലെത്തി ദലൈലാമയെ സന്ദർശിച്ച് തേജസ്വി യാദവ്
?️ബോധഗയയിൽ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയം സന്ദർശിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബോധഗയയിലെ മഹാബോധി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. രണ്ടാഴ്ചയായി ദലൈലാമ ബേധഗയയിലെ ക്ഷേത്രത്തിലുണ്ട്. തീർഥാടകരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വിലയിരുത്തി.
പുതുവത്സരാഘോഷത്തിനായി ഗോവയ്ക്ക് പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
?️പുതുവത്സരാഘോഷത്തിനായി ഗോവയ്ക്ക് പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം വൈക്കം മറവൻതുരുത്ത് കടൂക്കരയില്‍ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകൻ സഞ്ജയ് സന്തോഷിന്‍റെ (19) മൃതദേഹമാണ് ഗോവയിലെ ബീച്ച് പരിസരത്തുനിന്ന് അഴുകിയ നിലയിൽ കണ്ടെത്തിയത്.പുതുവർഷത്തലേന്ന് നാട്ടുകാരായ 2 സുഹൃത്തുക്കൾക്കൊപ്പം ട്രെയ്ൻ മാർഗമാണ് സഞ്ജയ് ഗോവയിലെത്തിയത്. ഡിസംബര്‍ 31ന് ബീച്ചിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സഞ്ജയെ കാണാതായതെന്ന് കൂട്ടുകാര്‍ പറഞ്ഞു. മൊബൈൽ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. ജനുവരി ഒന്നിന് തന്നെ ഇക്കാര്യം ഗോവ പൊലീസിനെ അറിയിച്ചെങ്കിലും കാര്യമായി അന്വേഷിച്ചില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്. തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിലും പരാതി നൽകിയിരുന്നു. ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊര്‍ജിതമാക്കിയ സമയത്താണ് മൃതദേഹം കണ്ടെത്തിയത്.
ഭീകരൻ ഹിസ്ബുൽ മുജാഹിദീൻ ഡൽഹിയിൽ അറസ്റ്റിൽ
?️ദീർഘനാളായി ഇന്ത്യൻ അന്വേഷണ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മുകശ്മീരിലെ നിരവധി ആക്രമണങ്ങളിൽ പങ്കുള്ള ജാവേദ് അഹ്മദ് മട്ടൂവാണ് അറസ്റ്റിലായത്. എൻഐഎയും ഡൽഹി പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കശ്മീരിലെ സോപോർ സ്വദേശിയാണ് ഇയാൾ. കൊടുംകുറ്റവാളികളുടെ പട്ടികയിലുള്ള ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കൊച്ചി – ഗുരുവായൂർ – കോഴിക്കോട് യാത്രാ സമയം കുറയും
?️ദേശീയപാത 66 വികസന പദ്ധതി അടുത്തവർഷം ആദ്യം പൂർത്തിയാകുന്നതോടെ കൊച്ചി – കോഴിക്കോട് യാത്രയ്ക്ക് മൂന്നുമണിക്കൂറും, കൊച്ചി – ഗുരുവായൂർ യാത്രയ്ക്ക് ഒരു മണിക്കൂറും മതിയാകും. 45 മീറ്ററിൽ നിർമിക്കുന്ന ആറുവരിപ്പാതയിൽ 100 കിലോമീറ്ററിലധികമാകും വേഗപരിധി. പാതയുടെ ഭൂരിഭാഗം പ്രദേശത്തും ക്ലോസ്ഡ് ട്രാഫിക് രീതിയാകും ഉണ്ടാവുക. 2025 ഏപ്രിലിൽ നിർമാണം പൂർത്തിയാകുന്ന രീതിയിലാണ് നിലവിൽ നിർമാണം. നിലവിൽ 28 ശതമാനം പ്രവർത്തികളാണ് പൂർത്തീകരിച്ചിരിക്കുന്നത്.
പ്രതീക്ഷയേകി ചീറ്റ പുനരധിവാസം
?️ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിയിൽ പ്രതീക്ഷ നൽകി വീണ്ടുമൊരു ചീറ്റ പ്രസവം. നമീബിയയിൽ നിന്നു മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച പെൺ ചീറ്റ ആശ മൂന്നു കുഞ്ഞുങ്ങൾക്കു ജന്മം നൽകി. കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവാണ് ആശയുടെയും ചീറ്റക്കുഞ്ഞുങ്ങളുടെയും വിഡിയൊ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി സന്തുലനം പുനഃസ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രോജക്റ്റ് ചീറ്റയുടെ ഗർജിക്കുന്ന വിജയമാണിതെന്നും ഭൂപേന്ദർ യാദവ്.
കേരളത്തിന്റെ ആവശ്യങ്ങൾ ശരിവച്ച് നിതി ആയോഗ് വൈസ് ചെയർമാൻ
?️സാമ്പത്തിക മുന്നേറ്റത്തിന് കേരളം ആവശ്യപ്പെടുന്ന കാര്യങ്ങൾ ശരിവച്ച് നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി. ‘വികസിത ഭാരതം, ഇന്ത്യയുടെ ജി–-20 അധ്യക്ഷപദവി, സംസ്ഥാനങ്ങൾക്കുള്ള പ്രത്യാഘാതങ്ങൾ’ എന്ന വിഷയത്തിൽ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്‌റ്റഡീസ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും ഇനി നേടിയെടുക്കേണ്ടവയ്‌ക്കും ആവശ്യമായ സാമ്പത്തിക സഹായമാണ് കേരളം ആവശ്യപ്പെടുന്നത്. അതിന് തടയിടുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.
ഇലക്‌ട്രൽ ട്രസ്‌റ്റുകൾ വഴിയുള്ള ഫണ്ട്; 71 ശതമാനവും ബിജെപിക്ക്
?️ഇലക്‌ട്രൽ ബോണ്ടുകൾക്ക് പുറമെ ഇലക്‌ട്രൽ ട്രസ്‌റ്റുകൾ വഴിയുള്ള രാഷ്ട്രീയ ഫണ്ടിങിന്റെ സിംഹഭാഗവും ബിജെപിക്ക്. 2022–-23 വർഷത്തിൽ ഇലക്‌ട്രൽ ട്രസ്‌റ്റുകൾ വഴി വിവിധ പാർടികൾക്ക് ലഭിച്ച ആകെ ഫണ്ടിന്റെ 71 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. തെലങ്കാനയിൽ ഭരണകക്ഷിയായിരുന്ന ബിആർഎസിന് ആകെ ഫണ്ടിന്റെ 25 ശതമാനം ലഭിച്ചു. രാഷ്ട്രീയ പാർടികൾക്ക് ഇലക്‌ട്രൽ ട്രസ്‌റ്റുകൾ വഴി ഫണ്ട് അനുവദിക്കുന്ന രീതിക്ക് യുപിഎ ഭരണകാലത്താണ് തുടക്കമായത്. രാജ്യത്താടെ 18 ഇലക്‌ട്രൽ ഫണ്ടുകളാണ് കേന്ദ്ര പ്രത്യക്ഷ നികുതിബോർഡിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമീഷൻ കണക്കുകൾ പ്രകാരം ആകെ അഞ്ച് ഇലക്‌ട്രൽ ഫണ്ടുകൾ വഴി 363.25 കോടി രൂപയാണ് 2022- 23 വർഷത്തിൽ രാഷ്ട്രീയപാർടികൾക്ക് ലഭിച്ചിട്ടുള്ളത്.
വെർച്വൽ റിയാലിറ്റി ഗെയിമിനിടെ ‘കൂട്ടബലാത്സംഗം’ ; കേസെടുത്ത് യുകെ പൊലീസ്
?️പ്രതീതി യാഥാർഥ്യ (വെർച്വൽ റിയാലിറ്റി) ഗെയിം കളിക്കുന്നതിനിടെ ഒരുകൂട്ടം അപരിചിതർ തന്റെ ഡിജിറ്റൽ രൂപത്തെ (വെർച്വൽ അവതാർ) കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുകെയിലെ പതിനാറുകാരി. ആദ്യമായാണ് വെർച്വൽ പീഡനം സംബന്ധിച്ച് പരാതി ലഭിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവം ഗൗരവമായി കാണുന്നെന്ന് ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഇമ്മേഴ്‌സീവ് ഗെയിമിന് എത്തിയപ്പോഴായിരുന്നു ആക്രമണമെന്നാണ് പതിനാറുകാരി പറയുന്നത്.
ചരിത്രത്തിലെ ദൈർഘ്യമേറിയ പണിമുടക്കിൽ
ബ്രിട്ടീഷ് ഡോക്ടർമാർ
?️ബ്രിട്ടനിൽ ദേശീയ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായ ഡോക്ടർമാർ വേതനവർധന ആവശ്യപ്പെട്ട് ആറുദിവസം നീളുന്ന പണിമുടക്കിൽ. ഇംഗ്ലണ്ടിലും വെയ്‌ൽസിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജൂനിയർ ഡോക്ടർമാരാണ് ബുധൻമുതൽ പണിമുടക്കുന്നത്. ബ്രിട്ടീഷ് പൊതുജനാരോഗ്യ രംഗത്തെ ഡോക്ടർമാരുടെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കാണിത്. കടുത്ത പണപ്പെരുപ്പം നിലനിൽക്കുന്ന ബ്രിട്ടനിൽ കഴിഞ്ഞ വർഷം സമസ്തമേഖലയിലുമുള്ള തൊഴിലാളികൾ പണിമുടക്കിയിരുന്നു. തപാൽ സർവീസ്, റെയിൽ ജീവനക്കാർ, പൊലീസുകാർ, നഴ്‌സുമാർ തുടങ്ങി വൈദികർവരെ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് സമരരംഗത്തെത്തി.
ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ ക്രിക്കറ്റ് ടെസ്റ്റ്
?️ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലെ രണ്ടാം മത്സരം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് എന്ന റെക്കോഡ് സ്വന്തമാക്കി. 642 പന്ത് മാത്രമാണ് നാല് ഇന്നിങ്സുകളിലായി എറിഞ്ഞത്. രണ്ടു ദിവസങ്ങളിലായി അഞ്ച് സെഷൻ പൂർത്തിയാകും മുൻപ് മത്സരം പൂർത്തിയായി. ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ച് പരമ്പര സമനിലയിലാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക തന്നെ ഉൾപ്പെടുന്ന മറ്റൊരു മത്സരമാണ് റെക്കോഡിൽ ഇപ്പോൾ രണ്ടാം സ്ഥാനത്തായിരിക്കുന്നത്. 1932ലായിരുന്നു ആ മത്സരം. മെൽബണിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ ഓസ്ട്രേലിയയായിരുന്നു. 656 പന്താണ് ആ മത്സരത്തിൽ ആകെ എറിഞ്ഞത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5810 രൂപ
പവന് 46480 രൂപ