വാർത്താ പ്രഭാതം


[08.10.2023]           

ഇസ്രയേലിനു നേരെ ഹമാസ് ആക്രമണം; 100 മരണം
?️ഇസ്രയേലിനു നേരെ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.900-ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ ചിലരുടെ പരിക്ക് അതീവഗുരുതരമാണെന്നുമാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിനു നേരെ തിരിച്ചടിച്ച ഇസ്രയേല്‍ ഹമാസിന്റെ ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തി.

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
?️പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിന്‍റെ ആക്രമണത്തെ തുടർന്ന് ഇസ്റയേൽ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. പൗരന്‍മാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗങ്ങൾ പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം, സുരക്ഷിതമായ പാർപ്പിടങ്ങളിൽ കഴിയണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സിക്കിം മിന്നൽ പ്രളയം: മരണസംഖ്യ 30 ആയി
?️സിക്കിമിലെ മിന്നൽപ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. അതേ സമയം കഴിഞ്ഞ മൂന്നു ദിവസമായി കാണാതായവർക്കു വേണ്ടി നടത്തിയ തെരച്ചിലിനൊടുവിൽ 62 പേരെ ജീവനോടെ കണ്ടെത്തി. ഇനി 81 പേർ കൂടിയാണ് കാണാതായവരുടെ പട്ടികയിൽ ഉള്ളത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണപ്പെട്ടവരിൽ 19 പേരും പാക്യോങ് ജില്ലയിൽ നിന്നുള്ളവരാണ്. പ്രളയം ബാധിച്ച വിവിധയിടങ്ങളിൽ നിന്നായി ഇതുവരെ 2,563 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
1320 വീടുകളാണ് പ്രളയത്തിൽ ഒലിച്ചു പോയത്. 13 പാലങ്ങളും ഒലിച്ചു പോയി.

ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ
?️ഹമാസ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് എയർ ഇന്ത്യ താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടേയും ജീവനക്കാരുടെയും സുരക്ഷ മുൻ നിർത്തിയാണ് തീരുമാനം. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എഐ 139 വിമാനവും തിരിച്ച് ഡൽഹിയിലേക്കുള്ള എഐ 140 വിമാനവുമാണ് റദ്ദാക്കിയത്.

പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനങ്ങൾ!
?️ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനങ്ങൾ. ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ലുക്കിലുള്ള എ350 വിമാനത്തിന്‍റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തു വിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽനിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത് വിമാനം ഇന്ത്യയിലെത്തുമെന്നും വ്യക്തമാക്കി.

സംസ്ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി
?️സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് കെസ്ഇബി. കൂടംകുളത്തേയും മൂളിയാറിലേയും തകരാറുകൾ ഉച്ചയോടെ പരിഹാരിക്കാൻ കഴിഞ്ഞാൽ പൂർണ പരിഹാരം ഉറപ്പാക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. നിലവിൽ 370 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അക്കൗണ്ട് അമ്മയുടെതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായി ഇഡി
?️കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ട് വഴി 63 ലക്ഷത്തിന്‍റെ ഇടപാട് നടന്നതായി ബാങ്ക് സ്റ്റേറ്റ്മെന്‍റ് ഉണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്(ഇഡി). അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയതു പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്. കഴിഞ്ഞ മാസം അരവിന്ദാക്ഷന്‍റെയും ബന്ധുക്കളുടെയും പേരിലുളള വിവരങ്ങള്‍ തേടി ഇഡി പെരിങ്ങണ്ടൂര്‍ ബാങ്കിലേക്ക് ഇമെയില്‍ അയച്ചിരുന്നു. അന്നുതന്നെ ബാങ്ക് സെക്രട്ടറി മറുപടി അയച്ചു. അതില്‍ അരവിന്ദാക്ഷന്‍റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങളും ഉണ്ടായിരുന്നു. അക്കൗണ്ട് അമ്മയുടെതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും അതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഇഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.

കൊച്ചിയിലെ മയക്കുമരുന്നു വിൽപ്പന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
?️എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളെജ് വിദ്യാർഥികൾ അടക്കമുള്ളവർക്കു മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. നൈട്രാസെപാം എന്ന അതിമാരക മയക്കുമരുന്നുകളുമായാണു ഇവരെ പിടികൂടിയത്. എറണാകുളം എളംകുളം ഐശ്വര്യ ലൈനിൽ പണ്ടാതുരുത്തി വീട്ടിൽ വിഷ്ണു പ്രസാദ് (29) എറണാകുളം ഏലൂർ ഡിപ്പോ സ്വദേശി പുന്നക്കൽ വീട്ടിൽ ടോമി ജോർജ് (35) എന്നിവരാണ് എറണാകുളം എക്‌സൈസ് സംഘത്തിന്‍റെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

ആരോഗ്യമന്ത്രിയുടെ ഓഫിസിന് നേരെ നടന്നത് ഗൂഢാലോചന; മുഖ്യമന്ത്രി
?️ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില വ്യക്തികളും മാധ്യമങ്ങളും വാർത്ത സൃഷ്‌ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നിലെ സൂത്രധാരനെ കൈയോടെ പിടികൂടി. ഹരിദാസ് ഗൂഢാലോചയുടെ ഭാഗമാണ്. ആരോഗ്യവകുപ്പിന്‍റേത് മികച്ച പ്രവർത്തനമാണെന്നും കെട്ടിച്ചമയ്ക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരിലേക്ക് ഇഡിയെ കൊണ്ടുവന്നതാര്?
?️കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ, കേന്ദ്രം ഭരിക്കുന്ന ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷണം എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കൈകളിലെത്തിയതെന്ന് സിപിഎമ്മിന്‍റെ ആരോപണം. എന്നാൽ, മറ്റു പല വിഷയങ്ങളിലും സ്വീകരിക്കപ്പെട്ടതു പോലെ ഈ വാദം എൽഡിഎഫിലെ ചില ഘടകകക്ഷികൾ പോലും സ്വീകരിക്കുന്നുണ്ടോ എന്നു സംശയമാണ്.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം
?️എസ്എഫ്ഐ നേതാവായിരുന്ന നിഖില്‍ തോമസിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എംഎസ്എം കോളെജിനെതിരേ അച്ചടക്ക നടപടിക്ക് സാധ്യത. വിവാദവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാല നിര്‍ദേശിച്ചതുപ്രകാരം കോളെജ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സൂചന. പ്രാഥമിക പരിശോധനയില്‍ കോളെജിന്‍റെ വിശദീകരണം സ്വീകാര്യമല്ലെന്നാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്. അതേസമയം ലഭിച്ച വിശദീകരണം സംബന്ധിച്ച് നിയമോപദേശം തേടാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ താളിപ്പാറക്കടവ് പാലം ഇന്ന് തുറക്കും
?️വയനാട് ജില്ലയിലെ താളിപ്പാറക്കടവിലെ പുതിയ പാലം ഇന്ന് തുറക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെയും പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് വെണ്ണിയോട് പുഴയ്ക്ക് കുറുകെയാണ് പാലം നിർമിച്ചിട്ടുള്ളത്. മുമ്പ് ഒരു മുളംപാലമായിരുന്നു ഉണ്ടായിരുന്നത്. 17 വർഷം മുൻപ് അത് തകർന്നതിനെത്തുടർന്ന് രണ്ട് പഞ്ചായത്തുകൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. പുതിയ പാലത്തിനായുള്ള പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

അഖിൽ സജീവിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
?️നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ രാവിലെ അഖിലിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. പത്തനംതിട്ട സിഐടിയു ഓഫീസില്‍നിന്ന് പണം തട്ടിയ കേസിലാണ് നടപടി. അഖില്‍ സജീവിനെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയെന്ന് വാദിച്ച പ്രതിഭാഗം മൂന്നര ലക്ഷം രൂപയുടെ മാത്രം തട്ടിപ്പാണിതെന്നും ഇതിൽ അന്വേഷണം ആവശ്യമില്ലെന്നും വാദിച്ചു.

മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് ആറാം ക്ലാസുകാരന്‍ മരിച്ചു
?️മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ വള്ളികുന്നത്താണ് സംഭവം. കഞ്ഞിപ്പുഴ സ്വദേഷി മുഹമ്മദ് അഹസന്‍ (12) ആണ് മരിച്ചത്. വീട്ടുവളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയിൽ മരത്തിന്‍റെ ചില്ല ദേഹത്തേക്ക് വീഴുകയായിരുന്നു. ചങ്ങംളങ്ങര ശ്രീ വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അഹസൻ. കബറടക്കം പിന്നീട് കാഞ്ഞിപ്പുഴ ജമാഅത്ത് മസ്ജിദിൽ.

യുഡിഎഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിനു പിന്നിൽ അഴിമതി; വി.ഡി. സതീശൻ
?️യുഡിഎഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കരാർ റദ്ദാക്കിയതിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ അഴിമതി നടന്നതെന്നു സംശ‍യിക്കുന്നതായും കെഎസ്ഇബിയുടെ ബാധ്യത ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് പി.ടി. പോളിന്‍റെ മരണ കാരണം ഹൃദയാഘാതം
?️ആലുവയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പി.ടി. പോളിനെ (61) ആലുവയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
?️മുൻവിരോധം കാരണം വാക്കുതർക്കമുണ്ടായതിനെതുടർന്ന്, വിറക് കമ്പുകൊണ്ട് തലക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി പുള്ളോലി കോളനിയിൽ കണിക്കുന്നിൽ വീട്ടിൽ ഭാസ്കരന്‍റെ മകൻ ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന എസ് രതീഷ്(40) ആണ് വിറകു കമ്പുകൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് പെരുമ്പെട്ടി പുള്ളോലി കോളനിയിലായിരുന്നു സംഭവം.

ജീവനക്കാർക്ക് ഡപ്യൂട്ടേഷൻ അവസരവുമായി കെഎസ്ആർടിസി
?️സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന കോർപ്പറേഷനിൽ നിന്നും രക്ഷപെടാൻ ജീവനക്കാർക്ക് അവസരവുമായി കെഎസ്ആർടിസി. ജീവനക്കാർക്കു താൽപ്പര്യമുണ്ടെങ്കിൽ ഇനി മറ്റ് വകുപ്പുകളിലേക്കു മാറാം. മറ്റു സർക്കാർ വകുപ്പുകളിലേക്കും വിവിധ കോർപറേഷനുകളിലേക്കും ജീവനക്കാരെ ഡെപ്യൂട്ടേഷൻ നൽകി മാറ്റാൻ തീരുമാനിച്ച് കോർപ്പറേഷൻ ഉത്തരവിറക്കി. ജീവനക്കാരുടെ എണ്ണം കുറയുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും സ്ഥിരം ജീവനക്കാരുടെ ഒഴിവിലേക്ക് താൽക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുമാണു നീക്കം.

ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറയില്‍ കുടുങ്ങി; കള്ളന്‍ പിടിയില്‍
?️കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറയില്‍ കുടുങ്ങി കള്ളന്‍ പിടിയിലായി. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എഐ കാമറയില്‍ പതിഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. നാലാം തീയതി രാവിലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പുറത്തുള്ള പാര്‍ക്കിങ്ങില്‍ നിന്നും ബുള്ളറ്റ് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. തലശേരിയിലെ കൊടുവള്ളിയില്‍ വെച്ചാണ് ഹെല്‍മെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എഐ കാമറയില്‍ പതിയുന്നത്.

നിപാ പ്രതിരോധത്തിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം
?️കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ച നിപാ വൈറസ് രോഗം നിയന്ത്രിക്കുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ സർക്കാരിന് അയച്ച കത്തിലാണ് കേരളത്തെ അഭിനന്ദിച്ചത്. നിപായുടെ പൊതുജനാരോഗ്യ ആഘാതം പരിമിതപ്പെടുത്തുന്നതിൽ സംസ്ഥാനം വിജയം കൈവരിച്ചതായി കത്തിൽ എടുത്തു പറയുന്നു.

കന്യാകുമാരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി
?️തമിഴ്നാട്ടിലെ കന്യാകുമാരി കുലശേഖരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് സുകൃത. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ആരോപണം. പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വിദ്യാര്‍ഥിനി മൂന്ന് അധ്യാപകരുടെ പേരുകള്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം. മൃതദേഹം നാഗര്‍കോവിലിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടം
?️ഇടുക്കി ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടം. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. അപകടസ്ഥലത്ത് ആള്‍താമസം ഇല്ലാത്തതിനാല്‍ പാപ്പാത്തിച്ചോലയില്‍നിന്ന് ആളുകളെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. തൊഴിലാളികളുമായി തോട്ടത്തിലേക്ക് പോയ ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഹോമിയോപ്പതിക്ക് സര്‍ക്കാര്‍ നല്‍കുന്നത് പ്രത്യേക പരിഗണന: മന്ത്രി പി രാജീവ്
?️ഹോമിയോപ്പതിക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആയുഷ് ഹോമിയോപ്പതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലങ്ങാട് സംഘടിപ്പിച്ച വനിതകള്‍ക്കായുള്ള ഷി ഹെല്‍ത്ത് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹോമിയോ ക്ലിനിക്കുകള്‍ക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ വലിയ രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. കളമശ്ശേരി മണ്ഡലത്തില്‍ ‘ഒപ്പം’ ക്യാംപയിന്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കി. എല്ലാ വാര്‍ഡിലും വ്യായാമത്തിനുള്ള കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമെന്നും ഒപ്പം പദ്ധതി വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കടലില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
?️മുനമ്പത്ത് ഫൈബർ വെള്ളം മുങ്ങി കടലിൽ കാണാതായ 4 മത്സ്യ തൊഴിലാളികളിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്‍റേയും മറ്റൊരാളുടേയും മൃതദേഹമാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.ചെറുവള്ളത്തിൽ‌ ചൂണ്ടയിൽ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മീൻ കൊണ്ടുവരാനായി മാലിപ്പുറത്തു നിന്നും പോയ നന്മ എന്ന വള്ളമാണ് വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ അപകടത്തിൽ പെട്ടത്.

കെഎസ്ആർടിസി ബസിന്‍റെ ഡോർ തുറന്ന് പെൺകുട്ടി തെറിച്ചു വീണു
?️കെഎസ്ആർടിസ് ബസിൽ നിന്നും തെറിച്ചു വീണ വിദ്യാർഥി അത്ഭുതകരമായി രക്ഷപെട്ടു. ബസിന്‍റെ ടയറിനടിയിൽ പെടാതെ പരിക്കുകളോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു.പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപെട്ടത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ബസിന്‍റെ ഡോർ തിറന്ന് പെൺകുട്ടി റോഡിലേക്ക് പോവുകയായിരുന്നു.

റിലീസ് ദിനത്തിലെ റിവ്യൂ ബോംബിങ്ങിനു തുല്യം: അമിക്കസ് ക്യൂറി
?️സിനിമ റിലീസ് ചെയ്യുന്ന ദിനത്തിലെ വ്ളോഗർമാരുടെ റിവ്യൂ ബോംബിങ്ങിനു തുല്യമെന്നു ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയ’ത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിശോധിച്ചു. ഇത്തരം പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയെന്നു വിശദീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു ഹൈക്കോടതി നിർദേശം നൽകി.

ഏഷ്യൻ ഗെയിംസ് പടയോട്ടം; 107 മെഡലെന്ന ചരിത്ര നേട്ടവുമായി ഇന്ത്യ
?️100 മെഡൽ എന്ന മാന്ത്രിക സംഖ്യ പിന്നിട്ട് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസ് പടയോട്ടം അവസാനിപ്പിച്ചു. 107 മെഡലുമായാണ് ഇന്ത്യൻ താരങ്ങളുടെ മടക്കം. ഗെയിംസിന്‍റെ അവസാന ദിനമായ ഞായറാഴ്ച ഇന്ത്യയ്ക്ക് മത്സരങ്ങളില്ല. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമായാണ് ഇന്ത്യൻ താരങ്ങൾ ചൈനയിൽ പുതു ചരിത്രമെഴുതിയത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഏഷ്യൻ ഗെയിംസിന്‍റെ 14ാം ദിനം ഇന്ത്യ 12 മെഡലുകളാണു നേടിയത്. ഇന്നലെ മാത്രം ആറ് ഇനങ്ങളിൽ സ്വർണം സ്വന്തമാക്കി. മെഡൽ പട്ടികയിൽ ചൈന ഒന്നാം സ്ഥാനം ഉറപ്പിച്ചു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5275 രൂപ
പവന് 42200 രൂപ