കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

അയിലൂർ പുത്തൻകടവ് പുഴപ്പാലത്തിനു സമീപം വീട്ടുവളപ്പിലാണ് കാട്ടുപന്നിയെ കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്. വീട്ടുടമ ഉടനെ വനം, പഞ്ചായത്ത് വകുപ്പുകളെ വിവരം അറിയിച്ചതിനെ തുടർന്ന് പന്നികളെ വെടിവെക്കാൻ അധികാരപ്പെടുത്തിയ എം. ശിവദാസൻ പെരുമാങ്കോട്, പി. വിജയൻ ചാത്തമംഗലം എന്നിവരെ വിളിച്ചുവരുത്തി വെടിവെച്ചു കൊല്ലുകയായിരുന്നു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ജീവനക്കാരും നൂറിലേറെ പ്രദേശവാസികളും സ്ഥലത്ത് തടിച്ചുകൂടി. വനംജീവനക്കാരുടെ സാന്നിധ്യത്തിൽ വീട്ടു വളപ്പിൽ തന്നെ കാട്ടുപന്നിയെ കുഴിച്ചുമൂടി. പ്രദേശത്തെ നെൽപ്പാടങ്ങളിൽ കതിരു നിരന്നു തുടങ്ങിയതോടെയാണ് കാട്ടുപന്നികളുടെ സാന്നിധ്യം സജീവമായത്. കഴിഞ്ഞ ദിവസങ്ങളിലായി പുഴപ്പാലത്തിനടുത്ത് വച്ച് തിരുവഴിയാട് ക്ഷേത്രത്തിലെ പൂജാരിയെയും, കർഷകനായ ഇടശ്ശേരി പറമ്പിലെ ജയരാജനെയും ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ കാട്ടുപന്നിയിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇരുവരും ദീർഘ കാലം ചികിത്സയിൽ കഴിഞ്ഞിരുന്നു.