കിഫയുടെ പ്രതിഷേധ പ്രകടനം ഇന്ന് അടിപ്പെരണ്ടയിൽ

വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിൽ പ്രതിരോധ നടപടി സ്വീകരിക്കാത്തതിൽ കിഫ ഇന്ന് പ്രതിഷേധ യോഗം നടത്തും. കഴിഞ്ഞ 4 ദിവസമായി തുടർച്ചയായ ദിവസങ്ങളിൽ അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള , തെങ്ങും പാടം, കൽച്ചാടി എന്നീ സ്ഥലങ്ങളിലും കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റി, കണച്ചിപ്പരുത എന്നീ സ്ഥലങ്ങളിലും ഒരേ സമയം കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി തെങ്ങ്, കവുങ്ങ്, വാഴ, റബ്ബർ, കുരുമുളക് തുടങ്ങിയ കൃഷികൾ വ്യാപകമായിനശിപ്പിക്കുന്നത് തുടരുന്നു. ഇതിനെ തടയുന്നതിനോ, നാശനഷ്ടം സംഭവിച്ച കർഷകരെ നേരിൽ കാണുന്നതിനോ, വൈദ്യുത വേലി പ്രവർത്തനക്ഷമമാക്കുന്നതിനോ, ആനക്കൂട്ടത്തെ ഫലപ്രദമായി ഉൾവനത്തിലേക്ക് കയറ്റിവിടുന്നതിനോ ദ്രുത പ്രതിരോധ സേന ( ആർ ആർ ടി ) യെ ഉപയോഗപ്പെടുത്തി ശരിയായ നടപടികൾ സ്വീകരിക്കുന്നതിനോ മറ്റോ വനം വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. എം പി ഫണ്ടിൽ നിന്നും ആർ ആർ ടി ക്കായി നെന്മാറ ഫോറസ്റ്റ് ഡിവിഷനിലേക്ക് പുതിയ ഒരു വാഹനം വാങ്ങിക്കൊടുത്തിട്ടും യാതൊരു പ്രയോജനവും ഇല്ലാത്ത വിധമാണ് വനപാലകരുടെ പ്രവർത്തനങ്ങൾ. അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തിലെ കർഷകരും മലയോരവാസികളും ഇന്ന് വൈകുന്നേരം 5.30 ന് അടിപ്പെരണ്ടയിൽ കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) പ്രതിഷേധ റാലി നടത്തുന്നു. കിഫയുടെ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ അടിപ്പെരണ്ട വ്യാപാര ഭവനു മുമ്പിൽ നിന്നു പ്രകടനമാരംഭിച്ച് അടിപ്പെരണ്ട ജംഗ്ഷനിൽ പ്രതിഷേധയോഗവും ചേരുമെന്ന് കിഫ ജില്ലാ സെക്രട്ടറി എം. അബ്ബാസ് അറിയിച്ചു.