ക
തൃശൂർ കേരളവർമ്മ കോളേജിൽ അർധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ ചെയർമാനായി എസ്എഫ്ഐ സ്ഥാനാർഥിക്ക് വിജയം. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധൻ ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. കേരള വർമ്മ കോളേജിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ് യു സ്ഥാനാർഥി ജയിച്ചെന്ന വാർത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ് യു പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. പിന്നാലെ എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീകൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയായ അനിരുദ്ധൻ 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി ജയിക്കുകയായിരുന്നു. പിന്നാലെ പ്രഖ്യാപനവുമെത്തി. പൊളിറ്റിക്കൽ സയൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ശ്രീക്കുട്ടൻ കാഴ്ച പരിമിതിയുള്ള വിദ്യാർഥിയാണ്. റീകൗണ്ടിങ്ങിൽ അട്ടിമറി നടന്നെന്ന് ആരോപിക്കുന്ന കെഎസ് യു കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.