ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം > സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലയിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതിനാലാണ് മഴ കനക്കുന്നത്. ഇന്ന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി  രൂപപ്പെടാനും തുടർന്നുള്ള 48 മണിക്കൂറിൽ ഇത്  ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബർ 4-6 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സെപ്റ്റംബർ 2 മുതൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.