ഓണക്കാലത്ത് പാലക്കാട് മിൽമ ഡയറിയിൽ വിറ്റത് 16.06 (16,06,568) ലക്ഷം ലിറ്റർ പാൽ. ഈ മാസം 24 മുതൽ 28 വരെയുള്ള കണക്കാണിത്. 2.23 (2,23,319) കിലോ തൈരും വിൽപ്പന നടത്തി. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പാലും തൈരും വിറ്റു.
കഴിഞ്ഞ വർഷം 14.96 ലക്ഷം ലിറ്റർ പാലാണ് വിറ്റത്. ഇത്തവണ 1.10 ലക്ഷം ലിറ്ററിന്റെ വർധനയുണ്ടായി. കഴിഞ്ഞ വർഷം 2.02 ലക്ഷം കിലോ തൈര് വിറ്റിടത്ത് ഇത്തവണ 20,400 കിലോ കൂടുതൽവിറ്റു. മിൽക്ക് മെയ്ഡ്, നെയ്യ് എന്നിവയ്ക്കും മികച്ച കച്ചവടമായിരുന്നു. കൂടുതൽ പാൽ സംഭരിച്ചതും അതിർത്തി കടന്നെത്തുന്ന പാൽ നിയന്ത്രിച്ചതും മിൽമയ്ക്ക് നേട്ടമായി. ക്ഷീരവികസന വകുപ്പ് ശക്തമായ പരിശോധനയാണ് അതിർത്തിയിൽ നടത്തിയത്.
പട്ടാമ്പി കൊപ്പം ഔട്ട്ലൈറ്റിൽ വിറ്റത് 80.59 ലക്ഷത്തിന്റെ മദ്യം
ഓണക്കാലത്ത് ജില്ലയിൽ വിറ്റത് 27.63 (27,63,29,070) കോടി രൂപയുടെ മദ്യം. മദ്യത്തിന് വില കൂടിയത് വരുമാനം വർധിപ്പിച്ചു. ബെവ്കോയുടെ ഔട്ട്ലൈറ്റ് വഴി 23.99 കോടി (23,99,88,150) രൂപയുടെയും കൺസ്യുമർഫെഡ് ഔട്ട്ലൈറ്റ് വഴി 3.63 (3,63,40,920) രൂപയുടെയും കച്ചവടം നടന്നു. 27, 28, 30 തീയതികളിൽ മാത്രമാണ് ഇത്രയധികം വിൽപ്പന നടന്നത്. ബെവ്കോക്ക് ജില്ലയിൽ 21 ഔട്ട്ലെറ്റാണുള്ളത്. ഉത്രാട നാളിലാണ് ഏറ്റവും കൂടുതൽ കച്ചവടം.
കൺസ്യുമർഫെഡിന് കൊഴിഞ്ഞാമ്പാറ, പാലക്കാട്, മുണ്ടൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലായി നാല് ഔട്ട്ലെറ്റുകളുമുണ്ട്.കഴിഞ്ഞ തവണ 14.83 കോടിയുടെ വിൽപ്പനയായിരുന്നു. ഇത്തവണ 12.80 കോടി രൂപയുടെ വർധനയുണ്ടായി. ഒറ്റദിവസം ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പട്ടാമ്പി കൊപ്പം ഔട്ട്ലെറ്റിലാണ്. ഉത്രാടനാളിൽ 80.59 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്.