ആശ്വാസമായി മഴ

പാലക്കാട്‌

ചെറിയ ഇടവേളയ്‌ക്കുശേഷം പെയ്‌ത മഴ കർഷകർ ഉൾപ്പെടെയുള്ളവർക്ക്‌ ആശ്വാസമായി. ജില്ലയുടെ മിക്ക ഭാഗങ്ങളിലും മഴ കിട്ടിയതിനാൽ കടുത്ത  ഉണക്കുഭീഷണിയിൽനിന്ന്‌ ഒന്നാംവിള നെൽകൃഷിയ്‌ക്ക്‌ ചെറിയ രക്ഷയായി. വ്യാഴാഴ്‌ചയും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്‌. വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രതയാണ്‌. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ പെയ്‌തേക്കും.

മുണ്ടൂർ ഐആർടിസിയിൽ വൈകിട്ട്‌ അഞ്ചുവരെ 18.8 മില്ലീമീറ്ററും മലമ്പുഴ അണക്കെട്ട്‌ പരിധിയിൽ 53 മില്ലീമീറ്ററും മഴ  രേഖപ്പെടുത്തി. 

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ചൊവ്വ രാവിലെ എട്ടുമുതൽ ബുധൻ രാവിലെ എട്ടുവരെ പെയ്‌തത്‌ 16.23 മില്ലീമീറ്റർ മഴ. തൃത്താലയിലാണ്‌ കൂടുതൽ മഴ പെയ്‌തത്‌, 30.2 മില്ലീമീറ്റർ. ചിറ്റൂർ 15, കൊല്ലങ്കോട്‌ 6.8, ആലത്തൂർ 6.5, ഒറ്റപ്പാലം 21, പറമ്പിക്കുളം 6, പാലക്കാട്‌ 23.4, മണ്ണാർക്കാട്‌ 22, പട്ടാമ്പി 15. 2 മില്ലീമീറ്റർ എന്നിങ്ങനെയാണ്‌ പെയ്‌ത മഴ. ജൂൺ ഒന്നുമുതൽ സെപ്‌തംബർ ആറുവരെ ജില്ലയിൽ 54 ശതമാനം മഴക്കുറവാണ്.