തരൂരും കെ.സി. വേണുഗോപാലും കോൺഗ്രസ് പ്രവർത്തക സമിതിയിൽ; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്
?️39 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ.സി വേണുഗോപാലും എ.കെ ആന്‍റണിയും ശശി തരൂരും പ്രവർത്തക സമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക സമിതിയിലുമുൾപ്പെടുത്തി. പ്രിയങ്ക ഗാന്ധി, ശശി തരൂർ, സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാൽ തുടങ്ങിയ പ്രമുഖർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതാവായും ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതാവായും ഉൾപ്പെടുത്തി. പ്രവർത്തക സമിതിയിലെ 39 അംഗങ്ങൾക്കു പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവർത്തക സമിതിയിലുണ്ട്.
‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു
?️റഷ്യയുടെ ചാന്ദ്രപേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രന്റെ ഉപരിതലത്തിലിടിച്ച് തകര്‍ന്നതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഭ്രമണപഥം താഴ്ത്തല്‍ നടത്താനായില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേടകം നിയന്ത്രണം നഷ്ടമായി ചന്ദ്രനില്‍ തകര്‍ന്നുവീണതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് നിയന്ത്രണം നഷ്ടമായത്. 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇത്.
രാഹുലിനെ വിമർശിച്ച് ബിജെപി
?️ഇന്ത്യയിലേക്ക് ചൈന നടത്തുന്ന കടന്നാക്രമണങ്ങളിൽ അതിർത്തിയിലെ ജനങ്ങൾ ഭയത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി. ‘ഹിന്ദി ചീനി ഭായി ഭായി’ എന്ന് ആദ്യം പറഞ്ഞതും ഇന്ത്യയുടെ 45,000 ചതുരശ്ര കിലോമീറ്റർ സ്ഥലം ചൈനയ്ക്ക് വിട്ടുകൊടുത്തത് കോൺഗ്രസാണെന്നു കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ ആരോപിച്ചു.
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രമേശ് ചെന്നിത്തല
?️മുൻ പ്രധാനമന്ത്രിയും അന്തരിച്ച കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രമേശ് ചെന്നിത്തല. തന്‍റെ ഓര്‍മ്മകളില്‍ മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് രാജീവ്ജി എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ ആ മഹാതേജസ്സിന്‍റെ കത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു. ഈ ഓര്‍മ്മകള്‍ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ എന്‍റെ വഴിവിളക്കെന്നും അദ്ദേഹം കുറിച്ചു.
നടിയെ ആക്രമിച്ച കേസ്
?️നടിയെ ആക്രമിച്ച കേസില്‍ തടസ ഹര്‍ജിയുമായി എട്ടാം പ്രതി ദിലീപ്. കോടതിയില്‍ സൂക്ഷിച്ചിരുന്ന പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്പെട്ട രണ്ട് സാക്ഷികളെ വിസ്തരിച്ച ശേഷം മാത്രമേ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തിലെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാവൂയെന്നും ദിലീപ് ആവശ്യപ്പെടുന്നു.
അതൃപ്തിയുമായി ചെന്നിത്തല
?️കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്തിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ കിട്ടിയ പദവി 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും യാതൊരു ചർച്ചയും ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. തന്‍റെ നിലപാട് പാർട്ടിയെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
മിത്ത് വിവാദത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ
?️മിത്ത് വിവാദത്തിൽ പ്രതികരണവുമായി നടന് ഉണ്ണിമുകുന്ദൻ. ഇന്നലെ അയ്യപ്പൻ മിത്താണെന്നു പറഞ്ഞു, ഇന്ന് ഗണപതി, നാളെ കൃഷ്ണൻ മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ ശേഷം നിങ്ങളും മിത്താണെന്നു പറയുമെന്നായിരുന്നു ഉണ്ണി മുകുന്ദന്‍റെ പരാമർശം. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോസ്റ്റ് ഗാർഡിന്‍റെ ‘യൂണിറ്റി റൺ’
?️ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൂട്ടയോട്ടം സംഘടിപ്പിച്ചു. ‘ആസാദി കാ അമൃത് കാൽ’ ആഘോഷങ്ങളിൽ ഉൾപ്പെടുത്തി കോസ്റ്റ് ഗാർഡ് കേരള – മാഹി ആസ്ഥാനം ഞായറാഴ്ച ‘യൂണിറ്റി റൺ’ എന്ന പേരിലാണ് പരിപാടി അവതരിപ്പിച്ചത്.വിവിധ പ്രായവിഭാഗങ്ങളിലും മേഖലകളിലും നിന്നുമുള്ളവർ പങ്കെടുത്തു.
തിരുവനന്തപുരത്ത് വീടിന്‍റെ ജനൽ കമ്പി അറുത്ത് മോഷണം
?️തിരുവനന്തപുരത്ത് വീടിനുള്ളിൽ മോഷണം. ജനൽകമ്പി അറുത്ത് 15 പവൻ കവർന്നു.
പള്ളിപ്പുറം പുതുവൽ ലൈനിൽ മുഹമ്മദ് ഹസന്‍റെ വീട്ടാലായിരുന്നു മോഷണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുറുന്തോട്ടയം പാലത്തിന്‍റെ നടപ്പാതയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
?️കുറുന്തോട്ടയം പാലത്തിന്‍റെ നടപ്പാതയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തുമ്പമൺ മുട്ടം അനുഷ ഭവനിൽ കെ.വി. അജി (48) യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ ആറോടെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്.
സി.ആർ. കേരളവർമ അന്തരിച്ചു
?️കിളിമാനൂർ കൊട്ടാരത്തിലെ തല മുതിർന്ന അംഗം സി.ആർ കേരളവർമ (88) അന്തരിച്ചു. കിളിമാനൂർ ആർആർവി സ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു. കിളിമാനൂർ കൊട്ടാരത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അവിവാഹിതനാണ്.മൃതദേഹം കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാലയിൽ പൊതുദർശനത്തിന് വയ്ക്കും.പണ്ഡിതനായ കേരള വർമ, വൈയാസാകി എന്ന പേരിൽ സന്ധ്യാ പദ്ധതി എന്ന ബ്രഹത് ഗ്രന്ഥം രചിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
?️കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരേ ഇടിയോടുകൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വീണ്ടും ട്രെയിനിൽ ആക്രമണം
?️ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രകാരനാണ് ടിടിഇയെ ആക്രമിച്ചത്. ഞായറാഴ്ച പുലർച്ചെ 3.30 നു ട്രെയിന്‍ വടകര പിന്നിട്ടപ്പോഴായിരുന്നു സംഭവം. പ്രതി ബിജുകുമാറാണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്.
നെടുമ്പാശേരിയിൽ വീണ്ടും സ്വർണ വേട്ട
?️നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും 666 ഗ്രാം സ്വർണം പിടികൂടി. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർ മോനാണ് പിടിയിലായത്. പ്രത്യേക രീതിയിൽ സോക്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കോട്ടയം ആകാശപ്പാതയുടെ ബലപരിശോധന തുടങ്ങി
?️കോട്ടയം നഗരമധ്യത്തിൽ നിർമാണം ആരംഭിച്ച് പാതിവഴിയിൽ മുടങ്ങിയ ആകാശപ്പാത പദ്ധതിയുടെ ബലപരിശോധന ആരംഭിച്ചു. ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഐഐടി, ചെന്നൈ എസ്.സിആർസി, കിറ്റ്കോ, കേരള റോഡ് സേഫ്റ്റി അഥോറിറ്റി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി സമയം പരിശോധന നടത്തുന്നത്.
ടിവിഎസ് ഷോറൂമിൽ തീപിടിത്തം
?️കാരന്തൂരിൽ ഇരുചക്രവാഹന ഷോറൂമിൽ വൻ തീപിടിത്തം. പാലക്കൽ പെട്രോൾ പമ്പിന് എതിർവശത്തെ ടിവിഎസ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. 10 ഇരുചക്രവാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വിൽപ്പനയ്‌ക്ക് വച്ചതും സർവീസിന് നൽകിയതും ഉപഭോക്താക്കളുടെ വാഹനങ്ങളും ഇതിൽ ഉൾപ്പെടും. കംപ്യൂട്ടറുകൾ, രേഖകൾ, കറൻസികൾ എന്നിവയും കത്തിനശിച്ചു.
കടലിൽവീണ് മരണം
?️തൈക്കടപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ കടലിൽവീണ് മരിച്ചു. ബോട്ടുജെട്ടി പരിസരത്തെ രാജേഷ് (35), തീരദേശ പൊലീസ് രക്ഷാബോട്ടിലെ താൽക്കാലിക ജീവനക്കാരൻ സനീഷ് (40) എന്നിവരാണ് മരിച്ചത്. ഞായർ വൈകീട്ട് അഞ്ചോടെ നടുവിൽ പള്ളി ഭാഗത്താണ് അപകടം. മീൻപിടിക്കുന്നതിനിടെ രാജേഷ് കടലിൽ വീഴുകയായിരുന്നു.
ചേർത്തല വസ്ത്രവ്യാപാര ശാലയിൽ വന്‍ തീപിടിത്തം
?️ചേർത്തല മാർക്കറ്റിൽ വന്‍ തീപിടിത്തം. നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. കടയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചതായാണ് വിവരം. സംഭവമറിഞ്ഞ് 5 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്‍റെെ കാരണമായതെന്നാണ് പ്രാഥമിക വിവരം.
എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന നടന്നില്ല
?️വിശ്വാസികളിലെ വിമത വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇന്നലെ ഏകീകൃത കുർബാന നടന്നില്ല. വികാരി ഫാ. ആന്‍റണി പൂതവേലിൽ ആണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാന്‍ പ്രതിനിധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുർബാന നടത്താന്‍ തീരുമാനിച്ചത്. എന്നാൽ ഇത് അനുവദിക്കില്ലെന്ന് ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു.
വിഎസ്എസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി
?️വിക്രം സാരാഭായ് സ്പേസ് സെന്‍ററിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷയിൽ മൊബൈൽ ഫോണും ബ്ലൂടൂത്തും ഉപയോഗിച്ച് കോപ്പിയടി നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ഹരിയാന സ്വദേശികളായ സുനിൽകുമാർ, സുമിത്കുമാർ എന്നിവരാണ് അറസ്റ്റിലായത്. ടെക്നീഷ്യൻ ബി തസ്തികയിലേക്കായിരുന്നു ഞായറാഴ്ച പരീക്ഷ നടന്നത്. കോട്ടൺഹിൽ, പട്ടം സെന്‍റ് മേരീസ് സ്കൂളുകളിലായി ആയിരക്കണക്കിന് ഉദ്യേഗാർഥികളാണ് പരീക്ഷയ്ക്കെത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്താനും കോപ്പിയടിക്കാനും ഉത്തരേന്ത്യൻ സ്വദേശികൾ ശ്രമം നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ഹാളിൽ കർശന പരിശോധനയ്ക്ക് പൊലീസ് നിർദേശം നൽകിയിരുന്നു.
അയോധ്യയിൽ രാംലല്ലയ്ക്കു മുൻപിൽ പ്രാർഥനയുമായി രജനികാന്ത്
?️അയോധ്യയിൽ രാംലല്ലയ്ക്കു മുൻപിൽ പ്രാർഥനകളുമായി ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത്. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾ വീക്ഷിച്ചതിനു ശേഷം ഹനുമാൻ ഗർഹി ക്ഷേത്രവും താരം സന്ദർശിച്ചു. അയോധ്യയിൽ വരണമെന്ന് കുറേ കാലമായി ഞാൻ ആഗ്രഹിക്കുന്നു. ഭാഗ്യവശാൽ ആ ആഗ്രഹം സഫലമായിരിക്കുന്നു. ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ ക്ഷേത്ര നിർമാണം പൂർത്തിയാകുമ്പോൾ ഇവിടേക്ക് വീണ്ടും വരുമെന്നും രജനികാന്ത് പറഞ്ഞു.
സന്യാസി വേഷത്തിലെത്തിയയാൾ 5 വയസുകാരനെ നിലത്തടിച്ചു കൊന്നു
?️സന്യാസി വേഷത്തിലെത്തിയയാൾ 5 വയസുകാരനെ നിലത്തടിച്ചു കൊന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ആവർത്തിച്ച് എറിയുകയും നിലത്തടിക്കുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു
?️ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഉത്തർകാശി ജില്ലയിലാണ് സംഭവം. ഗംഗോത്രി സന്ദർശിച്ച് മടങ്ങിയ ഗുജറാത്ത് തീർഥാടകരാണ് അപകടത്തിൽപെട്ടത്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകൾ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
കലാഭവൻ മണി റോഡ് തുറന്നു: ഉദ്‌ഘാടനം ചൊവ്വാഴ്ച
?️തിരുവനന്തപുരം കലാഭവൻ മണി റോഡ് പൊതുജനങ്ങൾക്കായി തുറന്നുനൽകി. റോസ് ഹൗസ് മുതൽ പനവിള ജങ്ഷൻ വരെയുള്ള റോഡിന്റെ അവസാനഘട്ട ടാറിങ് വെള്ളിയാഴ്‌ച പൂർത്തിയാക്കിയിരുന്നു. ചൊവ്വ വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും.
കർശന നടപടിയുമായി വിജിലൻസ്
?️സംസ്ഥാനത്ത് അഴിമതിയും കൈക്കൂലിയും പൂർണമായും ഇല്ലാതാക്കാനുള്ള കർശന നടപടികളുമായി സർക്കാരും വിജിലൻസ് വിഭാഗവും. വിവിധ വകുപ്പുകളിൽ അഴിമതി നടത്തിയവർക്കെതിരെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 114 കേസുകളാണെടുത്തത്. വിവിധ കേസുകളിലായി 118 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
അത്തച്ചമയത്തിന്റെ മതസൗഹാർദ വെളിച്ചം എല്ലാ ദിക്കിലും പടരണമെന്ന് മുഖ്യമന്ത്രി
?️ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നൽകുന്ന മതസൗഹാർദത്തിന്റെ വെളിച്ചം എല്ലാ ദിക്കിലേക്കും പടരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് തുടക്കം കുറിക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവമാണ് ഏറ്റവും വലിയ പ്രത്യേകത. ലോകമെമ്പാടുമുള്ള മലയാളികൾ ഉറ്റുനോക്കുന്ന ആഘോഷമാണ് അത്തച്ചമയം. കരിങ്ങാച്ചിറ കത്തനാരും, ചെമ്പിലരയനും, നെട്ടൂർ തങ്ങളും, രാജകുടുംബാംഗങ്ങളും ഒത്തുചേർന്ന് നയിച്ച അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവം വർത്തമാനകാല ഇന്ത്യയിൽ ഉയർത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കല്യാണ പന്തലിൽ നിന്നും പുതുപ്പള്ളിയിലേക്ക്
?️എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ആശംസ നേരാൻ കല്യാണ പന്തലിൽ നിന്നും പുതുപ്പള്ളിയിൽ എത്തി നവവധൂവരന്മാർ.സിപിഐ എം കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കരുനാഗപ്പള്ളി ബ്ലോക്ക് സെക്രട്ടറിയും ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ അബാദ് ഫാഷയും ഡിവൈഎഫ്ഐ നോർത്ത് പറവൂർ ബ്ലോക്ക് കമ്മിറ്റി അംഗവും ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. ജസൽന ജലീലുമാണ് വിവാഹം കഴിഞ്ഞയുടൻ തന്നെ ജെയ്‌കിന് ആശംസ നേരാൻ പുതുപ്പള്ളിയിലെത്തിയത്.
കർണാടകയിൽ ആളില്ലാവിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നുവീണു
?️പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച ഡ്രോൺ കർണാടകയിൽ തകർന്നുവീണു. തദ്ദേശീയമായി നിർമിച്ച തപസ് എന്ന ആളില്ലാവിമാനമാണ് ഞായർ രാവിലെ ചിത്രദുർഗ ജില്ലയിലെ ഗ്രാമത്തിലെ കൃഷിയിടത്തിൽ തകർന്നുവീണത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5,410 രൂപ
പവന് 43,280 രൂപ